Wednesday 13 September 2017 05:15 PM IST : By സ്വന്തം ലേഖകൻ

കൂടെ നിന്നവർക്കെല്ലാം സ്നേഹം! സിനിമയിലെ പതിനഞ്ച് വർഷങ്ങൾ പിന്നിട്ട് പൃഥ്വിരാജ്

prithvi

15 വർഷം മുന്നേ ഒരു സെപ്റ്റംബർ 13 നാണ് പൃഥ്വിരാജ് സുകുമാരൻ എന്ന നടനെ വെള്ളിത്തിരയിൽ കൂടി പ്രേക്ഷകര്‍ കാണുന്നത്. ആദ്യം അഭിനയിച്ച നന്ദനം എന്ന സിനിമ റിലീസ് നീണ്ടു പോയപ്പോൾ രണ്ടാമത് ചെയ്ത ’നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. 13 sept 2002 നായിരുന്നു അത്. പിന്നീടിങ്ങോട്ട് 100 ചിത്രങ്ങൾ പിന്നിടുകയാണ് . ഈ അവസരത്തിൽ ഗുരുക്കന്മാർക്കും പ്രേക്ഷകർക്കും കൂടെ നിന്നവർക്കെല്ലാം പ്രിയതാരം തന്നെ നന്ദി അറിയിച്ചിരിക്കുകയാണ്.

പൃഥ്വിരാജ് എന്ന നടനെ മലയാള സിനിമ കണ്ട് തുടങ്ങിയിട്ട് 15 വർഷം. ഈ കാലയളവിൽ 30 ഇൽ പരം വിവിധ അവാർഡുകൾ 39 ഇൽ പരം നോമിനേഷൻസ്. 3 സംസ്ഥാന അവാർഡ് (2 എണ്ണം മികച്ച നടൻ എന്ന നിലയിലും ഒരെണ്ണം മികച്ച ചിത്രത്തിനും) അതിൽ ഉൾപ്പെടുന്നു. ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന അവാർഡ് ജേതാവ് എന്നീ വിശേഷണവും സ്വന്തം.

മലയാളത്തിലെ അത്ഭുത പ്രതിഭകളായ മമ്മൂക്കയും ലാലേട്ടനും മലയാള സിനിമയിൽ നിറഞ്ഞു നിന്നപ്പോഴും വ്യത്യസ്തമായ അഭിനയശൈലിയുമായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടാൻ പൃഥ്വിക്ക് കഴിഞ്ഞു. ഒരിക്കൽ ചെറുപ്പത്തിന്റെ അവിവേകം എന്ന് പറഞ്ഞു പരിഹസിച്ചവർ പിന്നീട് ഹർഷാരവത്തോടെ പൃഥ്വിയുടെ തീരുമാനങ്ങളെ വരവേറ്റു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും എണ്ണം പറഞ്ഞ ചിത്രങ്ങൾ ചെയ്യാൻ ഈ നടന് കഴിഞ്ഞു. നവ മാധ്യമ തരംഗങ്ങൾ ഉണ്ടാവുന്നതിനും മുന്നേ തന്നെ ചെറുപ്പക്കാരുടെ യൂത്ത് ഐക്കൺ ആവാൻ കഴിഞ്ഞ പൃഥ്വിരാജ് മലയാള സിനിമയുടെ അഭിമാനതാരമായി ഉയരുകയാണ്.

അഭിനയത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെ:

“15 വര്‍ഷങ്ങളായി, എന്റെ ആദ്യചിത്രം തീയേറ്ററുകളിലെത്തിയിട്ട്! ആവേശംനിറഞ്ഞ ഒരു യാത്രയായിരുന്നു എന്നുപറഞ്ഞാല്‍ പോരാതെവരും. പോയ പതിനഞ്ച് വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നന്ദിയാണ് തോന്നുന്നത്. പേരുകള്‍ എടുത്ത് പറയണമെങ്കില്‍ ഒരുപാടുണ്ട്. അതിനാല്‍ എന്നില്‍ വിശ്വസിച്ച എന്നാവര്‍ക്കും നന്ദി പറയുന്നു. എല്ലാത്തിലുമുപരി എന്റെ സിനിമകളുടെ പ്രേക്ഷകരാണ് വിലമതിക്കാനാവാത്ത സമ്മാനങ്ങളൊക്കെയും തന്നത്. വിജയത്തോടുള്ള ഭയമില്ലായ്മയാണ് അത്! അതെ 'വിജയം' എന്നുതന്നെയാണ് ഞാന്‍ പറഞ്ഞത്. 'പരാജയം' എന്നല്ല!

ഞാനിതെപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പരാജയമാണ് നിങ്ങളെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കുന്നത്, പുതിയത് പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ വിജയം അങ്ങനെയല്ല. അതൊരു കെണിയാണ്! നിങ്ങളെ ഭയപ്പെടുത്തുന്ന ഒന്ന്. ഇപ്പോള്‍ ചെയ്യുന്നത് തന്നെ തുടര്‍ന്നും ചെയ്താല്‍ മതിയെന്നാണ് വിജയങ്ങള്‍ നിങ്ങളോട് പറയുന്നത്. ആഘോഷങ്ങളിലേക്ക് മാത്രം നിങ്ങളുടെ കണ്ണ് തുറപ്പിക്കും അവ. നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്ന് പറയും. പക്ഷേ ഇവിടെ എനിക്ക് മുന്നിലുള്ളത് നിങ്ങളാണ്. എന്നില്‍നിന്ന് ഓരോതവണയും പുതുതായി എന്തെങ്കിലുമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഓരോ സിനിമയിറങ്ങുമ്പോഴും എനിയ്ക്ക് മനസിലാവുന്നു. അപ്പോഴെല്ലാം വിജയിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇതിലൊന്നും എനിക്കിപ്പോള്‍ ഭയമില്ല. അതിനാല്‍, ഇത്രനാളും എനിക്കുമുന്നില്‍ വഴികാട്ടിയ സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും അധ്യാപകരോടും.. പോയ 15 വര്‍ഷങ്ങള്‍ക്ക് എക്കാലവും ഞാന്‍ കടപ്പെട്ടിരിക്കും. വരുന്ന 15 വര്‍ഷങ്ങളില്‍ ഇതിലും നന്നായി പരിശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു..”

സ്‌നേഹത്തോടെ,

പൃഥ്വി.