Friday 12 October 2018 05:30 PM IST

കള്ളന്റെ മനസ്സു കവർന്ന ജാനകി! എസ്രയിൽ നിന്ന് കൊച്ചുണ്ണിയിലേക്കുള്ള പ്രിയയുടെ യാത്ര ഇങ്ങനെ

Binsha Muhammed

priya-cover

ആ മലയാള ചിത്രത്തിന് വാക്കു കൊടുക്കാനൊരുങ്ങുമ്പോൾ മാനേജർ പ്രിയയെ ഒന്നു കൂടി ഒന്നിരുത്തി നോക്കി. ‘ഒന്നു കൂടി ആലോചിച്ചിട്ടു പോരേ...’എന്ന മട്ടിൽ. ‘ഒരെണ്ണമെങ്കിൽ പോട്ടെ എന്നു വയ്ക്കാം. ഈ ഒരൊറ്റ മലയാള ചിത്രത്തിനു വേണ്ടി മൂന്ന് സിനിമകളാണ് ഒഴിവാക്കുന്നത്.

‘ഇന്ത മാതിരി ചാൻസും റോളും എപ്പോതും കിടയ്ക്കാത് സർ...’– പ്രിയ രണ്ടും കൽപ്പിച്ചായിരുന്നു.

കേവലം ഒരു വർഷത്തിനിപ്പുറം ഏറ്റെടുത്ത ആ മലയാള സിനിമ ബോക്സ് ഓഫീസിൽ തരംഗം തീർക്കുമ്പോൾ പ്രിയയുടെ മുഖത്ത് വിജയിയുടെ ഭാവമുണ്ട്. അന്നെടുത്ത ആ തീരുമാനം തെറ്റായില്ലല്ലോ....

കായംകുളം കൊച്ചുണ്ണിയെന്ന കൊടുംകവർച്ചക്കാരൻ പ്രേക്ഷക മനസ്സ് കൊള്ളയടിച്ച് മുന്നേറുമ്പോൾ കൊച്ചുണ്ണിയുടെ കാമുകിയും ഡബിൾ ഹാപ്പി. ജാനകിയെന്ന ശൂദ്രപ്പെണ്ണിനെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ, ഇത്രയും വലിയൊരു ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ.

‘ഈറ്റ്സ് ജസ്റ്റ് ലൈക് എ ഡ്രീം...ബികോസ് ‘ജാനകീ നാ...എനക്ക് അവ്ളോ...ഉയിർ...’ കൊച്ചുണ്ണിയുടെ നായികയ്ക്ക് മലയാളം പറഞ്ഞാൽ മനസിലാകുമോ എന്ന ചോദ്യത്തിനും ഉടനെത്തി മറുപടി. ‘ധൈര്യമാ കേള്ങ്ക സാർ...’കോടമ്പാക്കത്തെ ഫ്ലാറ്റിലിരുന്ന് കൊച്ചുണ്ണിയുടെ ഹൃദയം കവർന്ന ജാനകി വനിത ഓൺലൈനിനോട് പറഞ്ഞതു മുഴുവൻ ‘കൊച്ചുണ്ണി’യുടെ വിശേഷമാണ്.

priya-4

സ്വപ്നം പോലെ കൊച്ചുണ്ണി

നായകന്റെ പിന്നാലെ പാട്ടും പാടി നടക്കുക, മരത്തിനു കീഴെയിരുന്ന് പ്രണയം പങ്കുവയ്ക്കുക ഇത്തരം സംഗതികളൊക്കെ ഔട്ട് ഡേറ്റഡ് ആയിത്തുടങ്ങിയെന്ന പക്ഷക്കാരിയാണ് ഞാൻ. ബോളിവുഡിലടക്കം അഞ്ച് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴും ജാനകിയെ പോലൊരു കഥാപാത്രം കരിയറിൽ നിന്നും അകന്നു തന്നെ നിന്നു. മികച്ചൊരു കഥാപാത്രത്തിനായി കാത്തിരുന്ന എനിക്ക് ദൈവം കൊണ്ടു തന്നതാണ് ഈ റോൾ. മൂന്ന് സിനിമകൾ ഒഴിവാക്കി കായംകുളം കൊച്ചുണ്ണിക്ക് ഡേറ്റ് നൽകുമ്പോൾ മണ്ടത്തരമല്ലേ എന്ന് പലരും ചോദിച്ചു. ഒഴിവാക്കിയതെല്ലാം മികച്ച അവസരങ്ങൾ. പക്ഷേ കൊച്ചുണ്ണിയുടെ വൺലൈൻ കേട്ടപ്പോഴേ ഞാൻ ഫ്ലാറ്റ്. ഐതിഹ്യമാലയിലും അമർ ചിത്ര കഥയിലുമൊക്കെ നമ്മൾ വായിച്ചൊരു കഥ, അത് സിനിമയാകുന്നു. റോഷൻ ആൻഡ്രൂസ് സംവിധായകൻ, നായകൻ നിവിൻ. എല്ലാത്തിനും മേലെ ദ് ലെജൻഡ് ലാലേട്ടൻ. കണ്ണും പൂട്ടി യെസ് പറയാൻ ഇത്രയൊക്കെ പേരെ.

priya-3

നിവിനെ റൊമാന്റിക് ഹീറോയെന്ന് വിളിക്കല്ലേ

ഒറ്റ നോട്ടത്തിൽ നായികയെ കറക്കി വീഴ്ത്തുന്ന നിവിനെയല്ലേ നിങ്ങൾ കണ്ടിട്ടുള്ളൂ. കായംകുളം കൊച്ചുണ്ണി കണ്ടു നോക്കൂ ആ തെറ്റിദ്ധാരണ കക്ഷി പൊളിച്ചടുക്കി കൈയ്യിൽ തരും. പ്രണയനായകനിൽ നിന്നും പവർഫുൾ നായകനിലേക്കുള്ള നിവിന്റെ ട്രാൻസ്ഫർമേഷൻ അത്രയും മികച്ചതാണ്. ശരിക്കും ബോൾഡ് ആൻഡ് പ്രോമിസിംഗ് ആക്ടർ ആണ് നിവിൻ. പിന്നെ റൊമാന്റിക് ആയി തന്നെ കാണണമെന്ന് അത്ര നിർബന്ധമുണ്ടെങ്കിൽ ആ കളരിയടവും... പാട്ടൊന്നു കണ്ടു നോക്കിയാൽ മതി. കൊച്ചുണ്ണിയിലെ പ്രണയ നായകനെ നിങ്ങൾക്ക് കാണാം– പ്രിയയുടെ മുഖത്ത് കള്ളച്ചിരി.

priya-1

ടൈമിംഗ് റൊമ്പ മുഖ്യം

പെർഫക്ഷനു വേണ്ടി ഏതറ്റം വരേയും വരെ പോകുന്ന സംവിധായകരെ കണ്ടിട്ടുണ്ട്. ബട്ട് റോഷൻ സാർ അതുക്കും മേലെയാണ്. കൃത്യമായ ഷെഡ്യൂൾ, ടൈമിംഗ് ഷൂട്ട്സ്, ഒരൽപ്പം പോലും മടുക്കാതെയുള്ള ഡെഡിക്കേഷൻ. ഡബ്ബിംഗ് ചെയ്തത് വേറൊരാൾ ആണെങ്കിലും ഭാഷയും പ്രയോഗങ്ങളും എന്നെ പഠിപ്പിച്ചെടുക്കാൻ സാർ നല്ല രീതിയിൽ കഷ്ടപ്പെട്ടു. ശൂദ്രപ്പെണ്ണായ ജാനകിയുടെ വേഷം തെര‍ഞ്ഞെടുക്കുന്നതിൽ പോലും കർശന നിബന്ധനകളുണ്ടായിരുന്നു. ലോകോത്തര ടെക്നീഷ്യൻസാണ് ചിത്രത്തെ ഇത്രയും മികവുറ്റതാക്കിയത്. അതിന്റെ മുക്കിലും മൂലയിലുമെല്ലാം റോഷൻ സാറിന്റെ കണ്ണുണ്ടായിരുന്നു. കോസ്റ്റ്യൂം, ഡയലോഗ്, പഴയ നിർമ്മിതികൾ ഇവയെല്ലാം നാളുകൾ നീണ്ട ഗവേഷണത്തിലൂടെയാണ് സിനിമയിൽ സന്നിവേഷിപ്പിച്ചത്. അതിന്റെ റിസൾട്ട് സിനിമയിലുമുണ്ടായി.

priya-2

റേഞ്ചിലാത്ത നാട്ടിൽ...കാടിനു നടുവിൽ

കൊച്ചുണ്ണിയുടെ ലൊക്കേഷനാണ് എന്നെ ഏറ്റവും ആകർഷിച്ചത്. മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്ത അത്യാവശ്യ സൗകര്യങ്ങൾ പോലുമില്ലാത്തൊരു കാട്ടിലായിരുന്നു ഷൂട്ടിംഗ്. സ്മാർട്ട് ഫോണിൽ തല പുകഞ്ഞിരിക്കുന്ന സ്വഭാവം പണ്ടേയില്ലാത്തതു കൊണ്ട് എനിക്ക് കൂട്ട് പുസ്തകങ്ങളായിരുന്നു. ഒഴിവു സമയങ്ങളിൽ ധാരാളം പുസ്തകം വായിച്ചു. കൂട്ടായ്മയാണ് കൊച്ചുണ്ണിയുടെ വിജയം.

പ്രിയയിൽ നിന്നും ജാനകിയിലേക്ക്

എസ്രയിലെ പ്രിയയിൽ നിന്നും ജാനകിയിലേക്ക് ഒരുപാട് ദൂരമുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ പ്രയത്നത്തിന്റെ സുഖം ഇപ്പോഴാണ് തിരിച്ചറിയുന്നത്. കൊച്ചുണ്ണിയെന്ന സ്വപ്നത്തിന്റെ ഹാങ്ഓവറിൽ നിന്നും വിട്ടു മാറിയിട്ടില്ല ഞാൻ...മനസ്സിൽ നിറയെ ഇപ്പോഴും ആ കള്ളനാണ്. കനവിൽ എത്തി മനസ്സു കവരുന്ന കായംകുളം കൊച്ചുണ്ണിയെന്ന കള്ളൻ.