Saturday 20 July 2019 10:03 AM IST : By സ്വന്തം ലേഖകൻ

‘ഞാന്‍ ഞെട്ടിപ്പോയി, ആ പെണ്‍കുട്ടി പ്രിയങ്കയേ അല്ലായിരുന്നു’! മൂക്കിലെ ശസ്ത്രക്രിയ പിഴച്ചപ്പോൾ പ്രിയങ്ക ചോപ്രയ്ക്ക് നഷ്ടമായത് വൻ അവസരങ്ങൾ

priyanaka-new

ബോളിവുഡ് താരനായിക പ്രിയങ്ക ചോപ്രയുടെ കരിയറിലെ നിർണായക ഘട്ടങ്ങളും അറിയാക്കഥകളും വെളിപ്പെടുത്തി ഭാരതി എസ് പ്രഥാൻ എഴുതിയ ‘പ്രിയങ്ക ചോപ്ര: എ ഡാർക്ക് ഹോഴ്സ്’ എന്ന പുസ്തകം ചർച്ചയാകുന്നു.

മൂക്കിന് നടത്തിയ ശസ്ത്രക്രിയ പിഴച്ചതോടെയാണ് ആദ്യ സിനിമയിൽ നിന്ന് പ്രിയങ്ക ചോപ്ര പുറത്താക്കപ്പെട്ടതെന്നാണ് പുസ്തകത്തിലെ പ്രധാന വെളിപ്പെടുത്തൽ.

തിനെട്ടാമത്തെ വയസ്സില്‍ ലോകസുന്ദരി പട്ടം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ പ്രിയങ്കയ്ക്ക്, സൗന്ദര്യ മത്സരവേദിയിലെ തിളക്കം സിനിമയില്‍ അവസരങ്ങള്‍ നേടി കൊടുത്തു. ഹോളിവുഡിലും ബോളിവുഡിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട പ്രിയങ്ക രണ്ടു പതിറ്റാണ്ടുകളായി സിനിമാരംഗത്ത് സജീവമാണ്.

എന്നാല്‍ താരത്തിന്റെ സിനിമാ കരിയറിന്റെ തുടക്കം അത്ര സുഗമമായിരുന്നില്ല എന്നാണ് പുസ്തകം പറയുന്നത്.

‘മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്ത്, ബോബി ഡിയോള്‍ നായകനാകുന്ന ഒരു ചിത്രത്തിലാണ് പ്രിയങ്കയ്ക്ക് ആദ്യം അവസരം ലഭിച്ചത്. എന്നാൽ, ആ സമയം ലണ്ടനില്‍ നിന്ന് മൂക്കിന് ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടിലെത്തിയ പ്രിയങ്കയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി. ആ ചിത്രം ഒരിക്കലും സംഭവിച്ചില്ല. ലണ്ടനിലെ ശസ്ത്രക്രിയയോടെ പ്രിയങ്കയുടെ മൂക്കിന്റെ പാലത്തിന്റെ സ്ഥാനം തെറ്റിയിരുന്നു. എന്നാൽ പ്രിയങ്കക്ക് ടെൻഷനുണ്ടായിരുന്നില്ല. ഒരുമാസത്തിന് ശേഷം മൂക്ക് ശരിയാകുമെന്ന് അവർ പറഞ്ഞു. ഒരുമാസത്തിന് ശേഷവും മൂക്കിന് മാറ്റമുണ്ടായില്ല. പിന്നീട് അനിൽ ശര്‍മ സംവിധാനം ചെയ്ത ‘ഹീറോ: ലൗ സ്റ്റോറി ഓഫ് എ സ്പൈ’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ ബോളിവുഡ് അരങ്ങേറ്റം. പ്രിയങ്കയുടെ ശസ്ത്രക്രിയയില്‍ അനിൽ തൃപ്തനായിരുന്നു’.– പുസ്തകത്തിൽ ഭാരതി എസ് പ്രഥാൻ എഴുതുന്നു.

‘എന്റെ സിനിമയില്‍ കരാര്‍ ഒപ്പിട്ടതിന് ശേഷമായിരുന്നു പ്രിയങ്കയുടെ ശസ്ത്രക്രിയ. ഒരാള്‍ എനിക്ക് പ്രിയങ്കയുടെ പുതിയ ചിത്രം കാണിച്ചു തന്നു. ഞാന്‍ ഞെട്ടി. ആ പെണ്‍കുട്ടി പ്രിയങ്കയേ അല്ലായിരുന്നു. ആകെ മാറിപ്പോയിരിക്കുന്നു. ഞാന്‍ പ്രിയങ്കയെയും അമ്മ മധു ചോപ്രയെയും വിളിച്ച് വരുത്തി, ദേഷ്യപ്പെട്ടു. മനോഹരമായ മുഖം എന്തിന് മാറ്റിയെന്ന് ചോദിച്ചു. പ്രിയങ്കയും അമ്മയും ആകെ വിഷമത്തിലായി. അവർ ചെക്ക് മടക്കി നല്‍കി. ശസ്ത്രക്രിയ കാരണം ഒരുപാട് സിനിമകള്‍ നഷ്ടപ്പെട്ടുവെന്നും അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും പറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്ക് വിഷമമായി. ഞാന്‍ പറഞ്ഞു, നില്‍ക്കൂ, നമുക്ക് ഒരു കാര്യം ചെയ്തു നോക്കാം. അങ്ങനെ ഒരു പരിചയസമ്പന്നനായ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വരുത്തി അടിമുടി മാറ്റിയെടുത്തു. ആ ചിത്രത്തില്‍ പ്രിയങ്ക നന്നായി അഭിനയിച്ചു. ഒരിക്കലും മറക്കാനാവാത്ത ഷൂട്ടിങ് അനുഭവമായിരുന്നു എനിക്കത്’.– പുസ്തകത്തിൽ അനിൽ ശര്‍മ പറഞ്ഞതായി കുറിച്ചിരിക്കുന്നതിങ്ങനെ.

2005 ന് ശേഷം ബോളിവുഡിലെ മുന്‍നിര നായികയായി വളര്‍ന്ന പ്രിയങ്ക 2008 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. 2016 ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി പ്രിയങ്കയെ ആദരിച്ചു.