Monday 15 July 2019 02:52 PM IST : By സ്വന്തം ലേഖകൻ

‘പ്രിയ നേതൃത്വമേ, നിങ്ങൾ സാധാരണക്കാരായ അണികളിൽ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്’! വിമർശിച്ച് റഫീഖ് അഹമ്മദ്

rafeeq-new

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മറവിൽ ഒരു സംഘം കാട്ടിക്കൂട്ടുന്ന ഏകാധിപത്യവാഴ്ചയുടെയും അക്രമങ്ങളുടെയും വാർത്ത കേരളീയ പൊതു സമൂഹത്തിൽ വീണ്ടും വലിയ ചർച്ചകൾക്കു തുടക്കമിടുമ്പോൾ, ഇടതുപക്ഷ നേതൃത്വത്തെ വിമർശിച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്.

‘പ്രിയ നേതൃത്വമേ, നിങ്ങൾ സാധാരണക്കാരായ അണികളിൽ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്.

നിങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത് നീതിബോധമുള്ള സാധാരണക്കാരന്റെ സ്വപ്നങ്ങളുടെ മണ്ണിലാണ്. അത് ഒലിച്ചുപോവുകയാണ്. ഓർക്കണം, മനസ്സു വെയ്ക്കണം’.– അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

റഫീഖ് അഹമ്മദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഇതല്ല ഞങ്ങളുടെ എസ് എഫ് ഐ

കേരളം അടുത്ത കാലത്ത് കേട്ട ഏറ്റവും വ്യാകുലമായ സങ്കട ശബ്ദമാണിത്. സ്വപ്ന നഷ്ടത്തിന്റെ അലമുറയാണത്. ആ ശബ്ദത്തിന് അത്ര പുറകിലല്ലാതെ നാൻ പെറ്റ മകനേ എന്ന ഹൃദയം തകർക്കുന്ന നിലവിളിയുണ്ട്. പിറകിലേക്ക് അങ്ങനെയുള്ള ഒരുപാടൊരുപാട് നിലവിളികളുടെ ഒടുങ്ങാത്ത അനുരണനങ്ങളുണ്ട്. ഇതല്ല ഞങ്ങളുടെ എസ്.എഫ്.ഐ എന്ന് യൂണിവേഴ്സിറ്റി കോളേജിലെ കുട്ടികൾ വിളിച്ചു പറഞ്ഞപ്പോൾ കേരളത്തിലെ ലക്ഷോപലക്ഷം മനുഷ്യർ അഥവാ അണികൾ നിശ്ശബ്ദം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതല്ല ഞങ്ങളുടെ ഇടതു പക്ഷം. ഇതല്ല ഞങ്ങളുടെ പുരോഗമന പ്രസ്ഥാനം, ഇതല്ല ഞങ്ങളുടെ ജനാധിപത്യച്ചേരി .. ഇതല്ല. ഇതല്ല.

നീതി ആഗ്രഹിക്കുന്ന, സമാധാനം ആഗ്രഹിക്കുന്ന സമത്വം പുലരണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനസ്സിലും ഈ സങ്കട ശബ്ദം വീർപ്പുമുട്ടുന്നുണ്ട്. നെറികേടുകൾ ന്യായീകരിക്കപ്പെടുമ്പോൾ, പിടിപ്പുകേടുകൾ പെരുകുമ്പോൾ, പണവും അധികാരവും ധാർഷ്ട്യവും വിലസുമ്പോൾ, അസഹിഷ്ണുതയും സ്വജന പക്ഷപാതവും വളരുമ്പോൾ, കുടിപ്പകയുടെ ഒടുങ്ങാത്ത രക്ത ചിത്രങ്ങൾ വീണ്ടും വീണ്ടും വരയ്ക്കപ്പെടുമ്പോൾ അശ്ലീല മുദ്രകളോടെ താടയും മണികളുമിളക്കി അഹങ്കാരം ചാനലുകൾക്കു മുന്നിൽ നിറഞ്ഞാടുമ്പോൾ, നീതിമാന്മാരായ ഉദ്യോഗസ്ഥർക്ക് പുറത്തേക്ക് കടക്കേണ്ടി വരുമ്പോൾ, മുടി മുറിച്ചിട്ട് അവസാനത്തെ പച്ചത്തുരുത്തിനു മുന്നിൽ പ്രകൃതി നിലവിളിക്കുമ്പോൾ, ചുവപ്പുനാടയുടെ കുരുക്ക് കൂടുതൽ മുറുകുമ്പോൾ, പ്രാചീനരായ നിയമ പാലകരുടെ ഉരുൾത്തടികൾക്കു കീഴിൽ മനുഷ്യജീവികൾ ഞെരിയുമ്പോൾ, കൊടി വലിച്ചെറിഞ്ഞ് മുതലാളിത്തത്തിന്റെ പടിക്കെട്ടുകളിൽ മഹാപ്രസ്ഥാനങ്ങൾ മുട്ടിലിഴയുമ്പോൾ ഓരോ നിശ്ശബ്ദനായ അനുയായിയുടെയും, സഹയാത്രികന്റെയും അനുഭാവിയുടെയും ഉള്ളിലിരുന്ന് അത് പുകയുന്നു.
ഇതല്ല .. ഇതല്ല ..

പ്രിയ നേതൃത്വമേ, നിങ്ങൾ സാധാരണക്കാരായ അണികളിൽ നിന്ന് എത്രയോ പ്രകാശദൂരം അകലെയാണ്.

നിങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത് നീതിബോധമുള്ള സാധാരണക്കാരന്റെ സ്വപ്നങ്ങളുടെ മണ്ണിലാണ്. അത് ഒലിച്ചുപോവുകയാണ്. ഓർക്കണം, മനസ്സു വെയ്ക്കണം.