ജൻമനാ തന്റെ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോഗത്തോട് പൊരുതി, മനസ്സുറപ്പിച്ചയിടത്തേക്കുള്ള രാഗേഷ് കൃഷ്ണൻ കുരമ്പാല എന്ന ചെറുപ്പക്കാരന്റെ യാത്രയാണ് ‘കളം@24’ എന്ന സിനിമയുടെ പിറവിയിലെത്തി നിൽക്കുന്നത്. ശാരീരികമായ പരിമിതികളെ മാനസികോർജത്താലും പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും കരുത്തിനാലും മറികടന്നാണ് തന്റെ ആദ്യ സംവിധാന സംരഭവുമായി ഈ പന്തളം കുരമ്പാവ സ്വദേശിയുടെ വരവ്.
‘കളം@24’ തിയറ്ററുകളിലെത്തിയ പശ്ചാത്തലത്തിൽ, രാഗേഷ് കൃഷ്ണൻ മുൻപ് വനിത ഓൺലൈനോട് തന്റെ സിനിമ സ്വപ്നങ്ങൾ പങ്കുവച്ചത് ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു –
‘‘എന്റെ ഏറ്റവും വലിയ മോഹമാണ് സാക്ഷാൽക്കരിക്കുന്നത്. ധാരാളം പരിഹാസങ്ങളും പ്രതിസന്ധികളും കടന്നാണ് ഇവിടെ വരെയെത്തിയത്. ഈ യാത്രയിൽ നിരവധിയാളുകളുടെ പിന്തുണയുണ്ട്. എന്നെപ്പോലെ, ശാരീരിക പരിമിതിയുള്ള, അക്കാരണത്താൽ മോഹങ്ങൾ ഉപേക്ഷിച്ചു ജീവിക്കുന്നവർക്കൊരു പ്രോത്സാഹനം കൂടിയാകണം എന്റെ ശ്രമങ്ങളെന്നാണ് ആഗ്രഹം’’.– രാഗേഷ് കൃഷ്ണൻ ‘വനിത ഓൺലൈനോട്’ പറയുന്നു.
‘കളം@24’ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ചിത്രം ഉടൻ പ്രേക്ഷകരിലേക്കെത്തും.
ഫാന്റസി – ഡ്രാമ വിഭാഗത്തിലുള്ള സസ്പെൻസ് ത്രില്ലറാണ് ‘കളം@24’. അങ്കിത് ജോർജ് അലക്സ്, ശിശിര രിലേഷ്, സെയ്ഫു, അമൃത എന്നിവരാണ് അഭിനേതാക്കൾ. സിഎംകെ പ്രൊഡക്ഷൻസിനു വേണ്ടി കൊച്ചുമോനും, ഫുൾ സ്ക്രീൻ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും സംവിധായകമന്റേതാണ്.
‘‘കുട്ടിക്കാലം മുതലേ സിനിമ ധാരാളമായി കാണുമായിരുന്നു. പോളി ടെക്നിക്ക് പഠനവും ഡിഗ്രിയും പൂർത്തിയാക്കിയ ഘട്ടത്തിലാണ് ഇനി എന്റെ മേഖല സിനിമയാണെന്ന് തീരുമാനിച്ചത്. അക്കാലത്ത് സുഹൃത്തുക്കളൊരുക്കിയ ഒരു ഷോർട് ഫിലിമിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ മനസ്സിനെ മുറിവേൽപ്പിച്ച ചില അനുഭവങ്ങളുണ്ടായി. എന്തോ ഒരു കാര്യം ചോദിച്ചപ്പോൾ, ‘അതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി നിനക്കില്ല’ എന്നായിരുന്നു മറുപടി. അതൊരു വാശിയായി. അങ്ങനെയാണ് ആദ്യത്തെ ഷോർട് ഫിലിം സംവിധാനം ചെയ്തത്. അമ്മ സകല പിന്തുണയും തന്നു. ഒപ്പം നിന്നു. അമ്മയില്ലെങ്കിൽ ഞാനില്ല. ഇതിനോടകം അഞ്ച് ആൽബങ്ങളും മൂന്ന് ഷോർട് ഫിലിംസും സംവിധാനം ചെയ്തു. ശേഷമാണ് സിനിമയെടുത്തത്. ഈ സിനിമ പൂർത്തിയാകുമ്പോൾ എനിക്ക് പലരോടും വലിയ കടപ്പാടുണ്ട്. എഡിറ്റർ കപിൽ കൃഷ്ണയാണ് അതിൽ പ്രധാനി. അതേ പോലെ എന്റെ നിർമാതാക്കൾ, ക്യാമറാമാൻ വിശാൽ മോഹൻദാസ് ഉൾപ്പടെയുള്ള മറ്റ് അണിയറ പ്രവർത്തകരും’’.
പരിമിതികൾക്ക് മുന്നിൽ പതറി നിൽക്കാതെ, പൊരുതി നേടിയ സ്വപ്നസാക്ഷാത്കാരമാണ് രാഗേഷിന് സിനിമ.
നിരാശയിൽ ആണ്ടു പോകാതെ അയാൾ ജീവിതത്തെ സ്നേഹിച്ചതിന്റെ ഫലം.
‘‘ജൻമനാ എനിക്ക് ഈ ശാരീരിക പരിമിതിയുണ്ട്. പക്ഷേ, അതൊരു പോരായ്മയായി ജീവിതത്തെ ബാധിക്കാതിരിക്കാൻ എപ്പോഴും ശ്രമിച്ചിരുന്നു. കാറും ബൈക്കുമൊക്കെ ഡ്രൈവ് ചെയ്യാറുണ്ട്. ചെറിയ കാര്യങ്ങൾക്കാണ് പാട്. ഷർട്ടിന്റെ ബട്ടൺസ് ഇടാനും എഴുതാനുമൊക്കെയാണ് ബുദ്ധിമുട്ട്. പരീക്ഷയൊക്കെ, ഞാൻ പറഞ്ഞു കൊടുത്ത് മറ്റുള്ളവർ എഴുതുകയായിരുന്നു’’.– രാഗേഷ് പറയുന്നു.
ഇതിനോടകം സിനിമ ലോകത്ത് രാഗേഷിന്റെ വരവ് ചർച്ചയായിക്കഴിഞ്ഞു. താരങ്ങളുൾപ്പടെ പലരും രാഗേഷിനും സിനിമയ്ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഒപ്പം നിൽക്കുകയാണ്.