Monday 22 October 2018 10:46 AM IST : By സ്വന്തം ലേഖകൻ

‘‘ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്നില്ല’’; റഹ്മാന്‍ മുഹമ്മദിന്റെ ഓർമ്മയിൽ മഞ്ജു വാര്യർ

rahman-new

ഒരുപാട് നേരത്തേയായിപ്പോയി ഈ മടക്കം. തന്റെ പ്രതിഭയുടെ നൂറിലൊരംശം പോലും വിനിയോഗിക്കാൻ അവസരം നൽകാതെ വിധി റഹ്മാന്‍ മുഹമ്മദ് അലിയെ മരണത്തിന്റെ ഹിമപാതയിലേക്കിറക്കി നിർത്തി. വെറും മുപ്പതാം വയസ്സിൽ, കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ റഹ്മാന്‍ ഈ ഭൂമി വിട്ട് പോകുമ്പോൾ മഞ്ജു വാര്യർ കുറിച്ച വാക്കുകൾ പ്രസക്തം: ‘‘ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന ഒരു പ്രതിഭ ആയിരുന്നില്ല റഹ്മാൻ’’.

അന്തരിച്ച എഡിറ്റര്‍ റഹ്മാന്‍ മുഹമ്മദ് അലി ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയിൽ തന്റെതായ ഇടം സ്വന്തമാക്കിയിരുന്നു. സിനിമാ മേഖലയിലെ നിരവധി പേർ റഹ്മാന് ആദരാഞ്ജലി അർപ്പിച്ചു.

‘‘അകാലത്തിൽ വിട പറഞ്ഞു പോയിരിക്കുന്നു പ്രിയ സുഹൃത്ത് റഹ്മാൻ മുഹമ്മദ്. "Jo and the Boy" ന്റെ സെറ്റിൽ വച്ചായിരുന്നു അദ്ദേഹത്തെ ആദ്യം കണ്ടത്. ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന ഒരു പ്രതിഭ ആയിരുന്നില്ല റഹ്മാൻ. ആദരാഞ്ജലികൾ!’’. മഞ്ജു വാര്യർ കുറിച്ചതിങ്ങനെ.

ദിലീപ് നായകനായ ‘പാപ്പി അപ്പച്ച’ യില്‍ അസിസ്റ്റന്‍ഡ് എഡിറ്ററായാണ് റഹ്മാന്‍ സിനിമാ രംഗത്തേക്ക് പ്രവേശിപ്പിക്കുന്നത്. പിന്നീട് കാവ്യ മാധവന്‍ നായികയായ ‘ആകാശവാണി ‘, മഞ്ജു വാര്യർ നായികയായ ‘ജോ ആന്‍ഡ് ദ് ബോയ്’, ‘കുഞ്ഞു ദൈവം’, ‘കളി’, ‘ഒരു നക്ഷത്രമുള്ള ആകാശം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ എഡിറ്ററായി. കോട്ടയം സ്വദേശിയാണ്. പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റഹ്മാന് കഴിഞ്ഞ ഏതാനും ആഴ്ചകളായി പനിയുടെ ബുദ്ധിമുട്ടിലായിരുന്നു.

തുര്‍ക്കി യാത്രയെ തുടര്‍ന്ന് പനി കൂടിയ റഹ്മാനെ തിരിച്ചെത്തിയ ഉടൻ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകുന്നേരം നാലരയോടെ മരണം സംഭവിക്കുകയായിരുന്നു.