Tuesday 30 March 2021 05:31 PM IST

ജന്മദിന സമ്മാനമായി ദേശീയ പുരസ്കാരം; ഐടി വിട്ട് സിനിമ തിരഞ്ഞെടുത്ത രാഹുലിന് ഇതു സ്വപ്നനേട്ടം

Roopa Thayabji

Sub Editor

rahul

67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ അങ്ങു ഡൽഹിയിൽ പ്രഖ്യാപിക്കുമ്പോൾ ഇങ്ങു കൊച്ചിയിലെ വീട്ടിൽ ജന്മദിനം ആഘോഷിക്കുകയായിരുന്നു രാഹുൽ റിജി നായർ. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം രാഹുൽ സംവിധാനം ചെയ്ത ‘കള്ളനോട്ട’ത്തിനു കിട്ടിയപ്പോൾ അതു ജന്മദിന സമ്മാനം കൂടിയായി രാഹുലിന്. ആദ്യ സിനിമയായ ‘ഒറ്റമുറി വെളിച്ച’ത്തിലൂടെ നാലു സംസ്ഥാന പുരസ്കാരങ്ങൾ നേടിയ രാഹുലിന്റെ വിജയയാത്രയിൽ ഈ അവാർഡിന് ഇരട്ടി മധുരമുണ്ട്.

പൂർണമായും ഗോ പ്രോ കാമറയിൽ ചിത്രീകരിച്ച ആദ്യ സിനിമ എന്നു വിശേഷണം ‘കള്ളനോട്ട’ത്തിന് അവകാശപ്പെട്ടതാണ്. പരീക്ഷണ സിനിമയായി ചിത്രീകരിച്ച ‘കള്ളനോട്ടം’ ഇതിനോടകം നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രം ഓടിടിയിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് രാഹുൽ. ‘‘ന്യൂയോർക് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു ‘കള്ളനോട്ട’ത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്. ഇന്ത്യയിൽ ആദ്യം പ്രദർശിപ്പിച്ചത് കൊൽക്കത്ത ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും. അവിടെ മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡും കിട്ടിയിരുന്നു. ഇനിയും സെലക്ഷൻ കിട്ടിയ കുറച്ചു ഫെസ്റ്റിവലുകളിൽ കൂടി ‘കള്ളനോട്ടം’ പ്രദർശിപ്പിക്കേണ്ടതുണ്ട്. അതിനു ശേഷമാകും റിലീസ് ചെയ്യുക.’’

മികച്ച ശമ്പളവും ഗ്ലാമറുമുള്ള ഐടി ജോലി രാജി വച്ച് സിനിമാ സംവിധാനമെന്ന മോഹത്തിനു പിന്നാലെ ഇറങ്ങുകയായിരുന്നു രാഹുൽ. ‘ഹ്യൂമൻ ബൗണ്ടറീസ്’ എന്ന ആദ്യ ചിത്രം തന്നെ ബ്രേക്ക് നൽകി. ഇന്ത്യയിലും യൂറോപ്പിലും പല ഫെസ്റ്റിവലുകളിൽ അവാർഡുകളും അംഗീകാരങ്ങളും നേടിയതിനു പുറമേ യുഎൻ ഹെഡ്ക്വാർട്ടേഴ്സിലുൾപ്പെടെ ചിത്രം പ്രദർശിപ്പിച്ചു. പിന്നീട് ചെയ്ത ‘ട്രോൾ ലൈഫ്’ എന്ന ഷോർട്ട് ഫിലിം ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം മേക്കിങ് ചാലഞ്ചിൽ പ്ലാറ്റിനം ഫിലിം ഓഫ് ദ് ഇയർ പദവി നേടി. 2011ലാണ് രാഹുലും കുറച്ച് കൂട്ടുകാരും ചേർന്ന് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചത്. ആദ്യ സിനിമയായ ‘ഒറ്റമുറി വെളിച്ചം’ മികച്ച കഥാചിത്രത്തിനും, മികച്ച എഡിറ്റിങ്ങിനും, മികച്ച സഹനടിക്കും, അഭിനയത്തിനുള്ള പ്രത്യേക പരാമർശവും ഉൾപ്പെടെ നാലു അവാർഡുകൾ സ്വന്തമാക്കിയത്. സിനിമയിൽ നായികയായ വിനീത കോശി മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമർശം സ്വന്തമാക്കിയപ്പോൾ സഹനടിയായ പോളി വിൽസണും എഡിറ്ററായ അപ്പു ഭട്ടതിരിയും രാഹുലിനൊപ്പം പുരസ്കാരങ്ങൾ സ്വന്തമാക്കി.

IQVIA യിൽ ജോലി ചെയ്യുന്ന ഭാര്യ നിത്യയ്ക്കൊപ്പം കൊച്ചിയിലാണ് രാഹുൽ താമസിക്കുന്നത്. രാഹുൽ സംവിധാനം ചെയ്ത ‘ഡാകിനി’ നാല് അമ്മൂമ്മമാരെ വച്ച് ചെയ്ത ‘നോ ബ്രെിൻ കോമഡി’ ഗണത്തിൽ പെടുത്താവുന്ന പക്കാ കോമേഴ്സ്യൽ ചിത്രമാണ്. രജീഷ വിജയൻ നായികയാകുന്ന ‘ഖോ ഖോ’ സ്പോർട്സ് സിനിമ ഏപ്രിൽ 14ന് തിയറ്ററുകളിലെത്തും.

rahul-2