Thursday 06 September 2018 09:53 AM IST : By സ്വന്തം ലേഖകൻ

ഭാര്യയുടെ ചതിയിൽ മക്കളെ നഷ്ടപ്പെട്ട വിജയ് കാണാനെത്തി; നിറകണ്ണുകളോടെ രജനീകാന്ത്

r1

മക്കളെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ പിടയുന്ന, സ്വന്തം ഭാര്യയുടെ ചതിയിൽ ജീവിതം നഷ്ടപ്പെട്ട ആ ചെറുപ്പക്കാരനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ തലൈവർ കുഴങ്ങി. സിനിമയിലെ ദൈവം ജീവിതത്തിൽ തേങ്ങിപ്പോയ നിമിഷങ്ങൾ...

തമിഴ്നാടിനെയാകെ ഞെട്ടിച്ച സംഭവമാണ് ഓഗസ്റ്റ് 30 ന് അഭിരാമി എന്ന വീട്ടമ്മ, നാലും ഏഴും വയസ്സുള്ള തന്റെ മക്കളെ പാലില്‍ മയക്കുഗുളിക കലര്‍ത്തിക്കൊടുത്ത് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് വിജയ് മാത്രം രക്ഷപ്പെടുകയായിരുന്നു. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. മക്കളും താരത്തിന്റെ ആരാധകരായിരുന്നു.

അപ്രതീക്ഷിതമായി ജീവിതം തകിടം മറിഞ്ഞ വിജയ് ഇന്നലെ പ്രിയ നായകനെ കാണാന്‍ ചെന്നൈയില്‍ എത്തി. തന്റെ മക്കള്‍ തലൈവരുടെ വലിയ ആരാധകരായിരുന്നു എന്നും അവര്‍ ‘കാലാ’ യിലെ ഡബ്സ്മാഷ് വിഡിയോകള്‍ ചെയ്തു രസിക്കുമായിരുന്നു എന്നും വിജയ് തേങ്ങലോടെ പറഞ്ഞപ്പോൾ രജനിയുടെ കണ്ണുകൾ നിറഞ്ഞു.

r2

വികാരനിര്‍ഭരമായിരുന്ന സന്ദര്‍ശനത്തിൽ ആ പിതാവിനെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ താരം കുഴഞ്ഞു. ജോലി കഴിഞ്ഞ് വൈകി വന്നതിനാൽ മാത്രമാണ് വിജയ് മരണത്തിൽ നിന്ന് രക്ഷപെട്ടത്. അഭിരാമിയെ പൊലീസ് അറസ്റ്റ് ചെയ്തു.