Saturday 12 January 2019 11:46 AM IST : By സ്വന്തം ലേഖകൻ

‘പേട്ടയുടെ ക്രെഡിറ്റ് കാർത്തിക് സുബ്ബരാജിന്’! സ്‌റ്റൈൽ മന്നനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ രസികർ

karthik-new

ഒരു ഘട്ടം മുതൽ രജനീകാന്ത് സിനിമയെന്നാൽ രജനീകാന്ത് മാത്രമാണ്. ചിത്രം തിയേറ്ററിലെത്തിയാൽ നായികയെയോ സഹതാരങ്ങളെയോ എന്തിന് സംവിധായകനെപ്പോലും രസികർ മൈൻഡ് ചെയ്യാറില്ല. ബ്രഹ്മാണ്ഡ സംവിധായകൻ സാക്ഷാൽ ശങ്കറിന്റെ അവസ്ഥ പോലും അതായിരുന്നു. എന്നാൽ പേട്ടയുടെ വിജയത്തിൽ ക്രെഡിറ്റ് പൂർണമായും സംവിധായകനും നിർമ്മാതാക്കൾക്കും നൽകുകയാണ് തലൈവർ.

‘പേട്ട’യിലൂടെ പഴയ സ്റ്റൈൽമന്നനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. പൊങ്കൽ ദിനത്തിൽ തിയേറ്ററിലെത്തിയ ചിത്രം അടുത്തിടെ ഒരു രജനീകാന്ത് ചിത്രം നേടുന്ന ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്.

‘പേട്ട’ സ്വീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും തന്റെ ബെസ്റ്റ് പുറത്തെടുത്ത സംവിധായകൻ കാർത്തിക് സുബ്ബരാജിനാണ് മുഴുവൻ ക്രെഡിറ്റും നൽകേണ്ടതെന്നും രജനി പറയുന്നു. അമേരിക്കയിൽ നിന്നു മടങ്ങിയെത്തി, ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആദ്യമായി എല്ലാവർക്കും പുതുവത്സര ആശംസകളും പൊങ്കൽ ആശംസകളും അറിയിക്കട്ടെ. ‘പേട്ട’ എല്ലാവർക്കും ഇഷ്ടമായി എന്നറിയാൻ കഴിഞ്ഞു. വളരെ സന്തോഷമുണ്ട്. എല്ലാ ക്രെഡിറ്റും നിർമ്മാതാക്കളായ സൺ പിക്‌ച്ചേഴ്സിനും സംവിധായകൻ കാത്തിക് സുബ്ബരാജിനും അദ്ദേഹത്തിന്റെ യൂണിറ്റിനുമുള്ളതാണ്. ഒരു നടനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായത് പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ഒരു സിനിമ നൽകാൻ സാധിക്കുക എന്നതാണ്. പ്രേക്ഷകരെ സന്തോഷവാന്മാരാക്കുക എന്നതാണ് എന്റെ ജോലി. അത് വളരെ പ്രാധാന്യമുള്ളതാണ്. അവർ സന്തോഷിക്കുന്നു എന്നറിയുന്നത് എനിക്കും സന്തോഷം തരുന്നു. ആദ്യം പറഞ്ഞപ്പോലെ ക്രെഡിറ്റ് സംവിധായകൻ കാർത്തിക്കിനാണ് നൽകേണ്ടത്. ഓരോ ഷോട്ടിലും, ഓരോ സീനിലും എന്നിൽ നിന്നും ഏറ്റവും ബെസ്റ്റായതാണ് കിട്ടുന്നതെന്ന് കാർത്തിക് ഉറപ്പുവരുത്തികൊണ്ടിരുന്നു”.– സൂപ്പർ സ്റ്റാർ പറഞ്ഞു.

സൺ പിക്ച്ചേഴ്സ് നിർമ്മിച്ച ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി, വിജയ് സേതുപതി, സിമ്രാൻ, തൃഷ, ശശികുമാർ, ബോബി സിൻഹ തുടങ്ങി വൻ താരനിരയുണ്ട്. അനിരുദ്ധാണ് സംഗീത സംവിധാനം.