Wednesday 28 November 2018 05:17 PM IST

ലക്ഷങ്ങൾ വരുമാനമുള്ള ബിസിനസ്സ് വിട്ട് സിനിമയിലെത്തി, ജീവിക്കാൻ സീരിയലിലും! രാജേഷ് ഹെബ്ബാർ പറയുന്നു, ആ തീരുമാനത്തെക്കുറിച്ച്

V.G. Nakul

Sub- Editor

rajesh-new-1

അഞ്ചു ഭാഷകളിലായി 49 സിനിമകൾ. അതിൽ നായകൻ മുതൽ വില്ലൻ വരെ. എന്നിട്ടും രാജേഷ് ഹെബ്ബാറിനെ ആളുകൾ തിരിച്ചറിയുന്നത് സീരിയൽ നടനായിട്ടു തന്നെ. അത്രമാത്രം പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് അദ്ദേഹം.

‘‘നടനാകണം അഭിനയം കൊണ്ടു ജീവിക്കണം എന്നതൊക്കെ കുട്ടിക്കാലം മുതൽ മനസ്സിൽ കയറിക്കൂടിയ മോഹങ്ങളാണ്. എന്നായാലും അഭിനയരംഗത്തേക്കു തന്നെ എത്തിച്ചേരുമെന്ന ഉറച്ച വിശ്വാസവും തീരുമാനവും എനിക്കുണ്ടായിരുന്നു’’.– രാജേഷിന്റെ വാക്കുകളിൽ ആത്മവിശ്വാസം മാത്രം.

മലയാളിയുടെ കുടുംബ സദസ്സുകളിൽ നിറസാന്നിധ്യമാണ് രാജേഷ് ഹെബ്ബാർ. 16 വർഷത്തിനുള്ളിൽ 49 സിനിമകളും 40 സീരിയലുകളും. മികച്ച ടെലിവിഷൻ താരത്തിനുള്ള സംസ്ഥാന സർക്കാര്‍ പുരസ്ക്കാരവും ക്രിറ്റിക്്സ് അവാർഡും നേടിയ രാജേഷിനു മറ്റൊരു മുഖം കൂടിയുണ്ട്. പത്രപ്രവർത്തകനും, പരസ്യമെഴുത്തുകാരനും, കവിയും, ചെറുകഥാകൃത്തും, ബിസിനസ്സുകാരനുമായ രാജേഷിനെ അധികമാരുമറിയില്ല. കാളിദാസനെയും ആഞ്ചലോയെയും കുറിച്ച് പറയുന്ന രാജേഷ് മലയാളികൾക്കു പരിചിതനുമല്ല. ഈ ഇരട്ട ജീവിതത്തിൽ ഏതാണിഷ്ടം എന്നു ചോദിച്ചാൽ യാതൊരു സംശയവുമില്ലാതെ രാജേഷ് പറയും– ‘‘അഭിനയം’’. ‘വനിത ഓൺലൈനു’മായി സംസാരിക്കുമ്പോൾ രാജേഷ് പറഞ്ഞതു മുഴുവൻ ജീവിതത്തേക്കുറിച്ചു തന്നെയായിരുന്നു.

rajesh-new-2

ഞാൻ സിനിമയിൽ അഭിവാജ്യ ഘടകമല്ല

‘‘മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് , സംസ്കൃതം എന്നീ അഞ്ചു ഭാഷകളിലായി 49 സിനിമകളിൽ അഭിനയിച്ചു. ആമേൻ, മനസ്സിനക്കരെ, ഇന്നത്തെ ചിന്താവിഷയം തുടങ്ങി ഹിറ്റ് സിനിമകളിലുൾപ്പടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ലഭിച്ചിട്ടും നടനെന്ന നിലയിൽ മുഖ്യധാരയിൽ ഒരു അഭിവാജ്യ ഘടകമാകാൻ എനിക്കായില്ല. ഉണ്ണായി വാര്യരായി അഭിനയിച്ച ‘പ്രിയമാനസം’ 27 രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട, നാഷണൽ അവാർഡ് ലഭിച്ച സിനിമയാണ്. കേരളത്തിലെ ആദ്യത്തെ സംസ്കൃത സിനിമയും ഇന്ത്യയിലെ മൂന്നാമത്തെ സംസ്കൃത സിനിമയും 2015 ലെ ഐ.എഫ്.എഫ്.ഐയിൽ ഇന്ത്യൻ പനോരമയിലെ ഓപ്പണിങ് സിനിമയുമായിരുന്നു.

ഇപ്പോഴും ഉണ്ട്, ഇങ്ങനെയും ചില നാടൻ കല്യാണ വിഡിയോകൾ! ശ്രീരാഗം പാടിയെത്തുന്നത് അവതാരകൻ ഹരി

14,000 അടിയിൽ നിന്ന് ഒറ്റച്ചാട്ടം! വ്ലോഗർ ജിൻഷ ബഷീർ സ്കൈഡൈവിങിൽ ലോകത്തെ അമ്പരപ്പിച്ച കഥ

ആദ്യ നായിക ഭാര്യ

പാലക്കാട്ട്, ഒരു ഉഡുപ്പി ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചു വളർന്നത്. അച്ഛൻ രമേഷ് ഹെബ്ബാർ ഡോക്ടറാണ്. അമ്മ പദ്മിനി ഹെബ്ബാർ അധ്യാപികയും. അമ്മ നന്നായി പാടും. നർത്തകിയുമാണ്. കുടുംബത്തിൽ ധാരാളം ഗായകരുണ്ടെങ്കിലും അഭിനയം പ്രഫഷനാക്കിയ ആരുമുണ്ടായിരുന്നില്ല. കുട്ടിക്കാലം മുതൽ നടനാകണം എന്നതായിരുന്നു ആഗ്രഹം. ഒരുപാട് പേരുടെ അടുക്കലെത്തി ‘ചാൻസ്’ ചോദിച്ചു. പക്ഷേ ആരും അതത്ര കാര്യമാക്കിയില്ല. പഠനം കഴിഞ്ഞ് 10 വർഷത്തോളം ഫാമിലി ബിസിനസ്സ് നോക്കി നടത്തി. ആ കാലത്താണ് ഞാന്‍ ഒരു തന്ത്രം പരീക്ഷിച്ചത്.

rajeshnew4

ഏതെങ്കിലുമൊരു എഴുത്തുകാരന്റെയോ സംവിധായകന്റെയോ മുന്നിൽ പോയി നിന്ന് ‘എനിക്ക് അഭിനയിക്കണം’ എന്നു പറഞ്ഞാൽ അവർ സീരിയസ്സായി എടുക്കില്ല. അഭിനയ മോഹവുമായി നടക്കുന്ന ലക്ഷങ്ങളിൽ ഒരു ‘കഷണ്ടി’ എന്നേ അവർ കരുതൂ. അങ്ങനെയാണ് ബിസിനസ്സിൽ നിന്നു കിട്ടിയ ഒരു ആശയം ‘ചാൻസ് തേടലിൽ’ പ്രയോഗിക്കാൻ തീരുമാനിച്ചത്. ഏതൊരു ഉൽപ്പന്നം വിൽക്കുമ്പോഴും ആദ്യം അതിന്റെ സാമ്പിളും ബ്രോഷറും കൊടുക്കും. രുചിയുള്ളതാണെങ്കിൽ രുചിച്ചു നോക്കാനും മണമുള്ളതാണെങ്കിൽ മണത്തു നോക്കാനുമുള്ള അവസരമാണത്. ഇവിടെ ഉൽപ്പന്നം ഞാനാണ്. എനിക്ക് അഭിനയിക്കാൻ അറിയുമോ ഇല്ലയോ എന്ന് മറ്റൊരാൾ തിരിച്ചറിയാൻ അവർ എന്റെ അഭിനയം കാണുക എന്ന ഒറ്റ വഴിയേ ഉള്ളൂ. അങ്ങനെ ഞാൻ തന്നെ എനിക്കുള്ള ആദ്യത്തെ അവസരം നൽകി.

സ്വന്തം തിരക്കഥയിൽ 11 മിനിട്ടുള്ള ‘മിറാഷ്’ എന്ന ഷോർട്ട് ഫിലിം നിർമ്മിച്ച്, സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ചു. എന്റെ ഭാര്യ അനിതയായിരുന്നു നായിക. ഛായാഗ്രാഹണം എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളായ ഇപ്പോഴത്തെ പ്രശസ്ത സംവിധായകൻ ഷാം ദത്തും അനിയൻ ഷാ ദത്തും. 17000 രൂപയായിരുന്നു അതിന്റെ ആകെ ബഡ്ജറ്റ്. ‘മിറാഷ്’ ഡൽഹിയിൽ ശേഖർ കപൂർ നടത്തിയ ഇന്റർനാഷണൽ ഡിജിറ്റിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെക്കു തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അതിന്റെ സി.ഡിയാണ് എല്ലായിടത്തും അവസരം തേടി ഞാൻ അയച്ചു കൊടുത്തത്. അങ്ങനെ ബാബു ജനാർദ്ദനൻ വഴി 2003 ൽ ‘ചിത്രകൂടം’ എന്ന സിനിമയിൽ ആദ്യ അവസരം ലഭിച്ചു.

ബിസിനസ്സ് നിർത്തി അഭിനയം തുടങ്ങി

ബിസിനസ്സ് നിർത്തി, അഭിനയം കൊണ്ടു മാത്രം ജീവിക്കണമെന്ന വാശിയോടെയാണ് ഞാൻ ഈ മേഖലയിലേക്കു വന്നത്. വലിയ വരുമാനമുള്ള ബിസിനസ്സ് നിർത്തി സിനിമയിലേക്കു വരാനുള്ള പ്രധാന പിന്തുണ കുടുംബമായിരുന്നു. പ്രത്യേകിച്ച് ഭാര്യ. കല്യാണം കഴിഞ്ഞ കാലം മുതൽ ‘ഒരു ദിവസം ഞാൻ അഭിനയം മാത്രം തിരഞ്ഞെടുക്കും’ എന്ന് അവളോടു പറഞ്ഞു കൊണ്ടേയിരുന്നു. കുട്ടിക്കാലം മുതൽ എന്റെ റിയൽ പാഷൻ സിനിമയാണെന്ന് അച്ഛനും അമ്മയ്ക്കും അറിയാം. ബിസിനസ്സ് മാത്രം ചെയ്ത് മുന്നോട്ടു പോയിരുന്നുവെങ്കിൽ എഴുപതോ എൺപതോ വയസ്സാകുമ്പോൾ ഞാൻ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കി കരഞ്ഞേനെ.

rajesh-new-3

ജീവിക്കാൻ സീരിയൽ

മൂന്നാമത്തെ സിനിമയായ മനസ്സിനക്കരെ കഴിഞ്ഞപ്പോൾ സിനിമ കൊണ്ടു മാത്രം ജീവിക്കാനാകില്ല എന്നു മനസ്സിലായി. വർഷം പത്തു പതിനഞ്ചു സിനിമകളിലെങ്കിലും അഭിനയിച്ചില്ല എങ്കിൽ ഞാനാഗ്രഹിക്കുന്ന ഒരു ലൈഫ് സ്റ്റൈൽ കിട്ടില്ല എന്നു ബോധ്യമായി. വരുമാനം പ്രധാനമാണല്ലോ. മൂന്നു കുട്ടികളുമുണ്ട്. അങ്ങനെയാണ് സീരിയലിലേക്കു കടന്നത്. കെ.കെ. രാജീവിന്റെ ‘ഓർമ്മ’യിലായിരുന്നു തുടക്കം. ആ സമയത്ത് ശ്യാമപ്രസാദ് സാറിന്റെ ‘ഉള്ളുരുക്കം’ എന്ന ഷോർട്ട് ഫിലിമില്‍ അഭിനയിച്ചിരുന്നു. അതിന്റെ സീഡിയാണ് രാജീവ് സാറിന് അയച്ചത്. ‘ഓർമ്മ’യിൽ സെക്കൻഡ് ഹീറോയായിരുന്നു. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 16 വർഷത്തിനുള്ളിൽ40 സീരിയലിൽ അഭിനയിച്ചു. അമ്മക്കിളിയിലെ കോശി, രഹസ്യത്തിലെ അശോക് മേനോൻ എന്നീ വില്ലൻ കഥാപാത്രങ്ങള്‍ പ്രേക്ഷകർ ഏറ്റെടുത്തു. അപ്പോഴും സിനിമയാണ് ലക്ഷ്യം. ഇഷ്ടപ്പെട്ട തൊഴിൽ ചെയ്ത് ജീവിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് ഞാൻ. അതു തന്നെയാണ് വലുത്.

പേരിനു പിന്നിൽ

രാജേഷ് കോമൺ പേരാണ്. പക്ഷേ ഹെബ്ബാർ അങ്ങനെയല്ല. ചേർന്നു വരുമ്പോൾ ഒരു പവ്വറുണ്ട്. അത് ഇൻഡസ്ട്രിയിൽ ഗുണമായി. ഹെബ്ബാർ കുടുംബപ്പേരാണ്.

ഞാൻ പൊരുത്തപ്പെട്ടു

മോശം അനുഭവങ്ങള്‍ ഞാൻ ഓർക്കാറില്ല. വലിയ സിനിമകളിൽ പ്രധാന വില്ലനായി തിരഞ്ഞെടുത്തിട്ട് അവസാന നിമിഷം ഒഴിവാക്കിയിട്ടുണ്ട്. ആദ്യമൊക്കെ സങ്കടം തോന്നിയെങ്കിലും ഇതൊക്കെ ഈ മേഖലയിൽ പതിവുള്ളതാണെന്നു മനസ്സിലായപ്പോൾ പൊരുത്തപ്പെട്ടു. ഞാനിപ്പോഴും ഇൻഡസ്ട്രിയിൽ ഉണ്ടല്ലോ, ഇന്ത്യൻ പനോരമയിൽ റെഡ് കാർപ്പറ്റിലൂടെ നടന്നല്ലോ, നായകനായി അവിടെ പരിചയപ്പെടുത്തിയല്ലോ...അത്തരം നല്ല ഓർമ്മകൾ തന്നെ ധാരാളം.

എഴുത്ത്, പത്രപ്രവർത്തനം...

കോളേജ് പഠനം കഴിഞ്ഞ കാലത്ത് ‘ഒടിയൻ’ സംവിധായകൻ വി.എ ശ്രീകുമാർ മേനോന്റെ ആഡ് ഏജൻസിയിൽ ഞാൻ കോപ്പി റൈറ്ററായി. പിന്നീട് ഒരു ഇംഗ്ലീഷ് പത്രത്തിൽ ഫ്രീലാൻസറായി. ഇംഗ്ലീഷിൽ ധാരാളം ചെറുകഥകളും കവിതകളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ഒരു സിനിമ എഴുതുന്നു. ഞാനും സീരിയലിലെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ സാജൻ സൂര്യ അരുൺ എന്നിവരും ചേർന്ന് ‘ടീം ട്രിയോ പ്രൊഡക്ഷൻസ്’ എന്ന ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനി തുടങ്ങിയിട്ടുണ്ട്. ആദ്യ സിനിമ ഉടൻ വരും. ഒപ്പം പാലക്കാട്ടുള്ള ഹാൻകോ എന്ന പരസ്യകമ്പനിയുടെ സി.ഇ.ഒ ആയും പ്രവർത്തിക്കുന്നു.

കുടുംബം

സർജിക്കൽ എക്യുപ്മെൻസ് മാനുഫാക്ചറിംങ്ങാണ് ഞങ്ങളുടെ കുടുംബ ബിസിനസ്സ്. ഇപ്പോൾ ചെറിയച്ഛൻമാരാണ് നടത്തുന്നത്. എനിക്ക് മൂന്നു മക്കൾ. മകൻ ആകാശ് ബി.ടെക് കഴിഞ്ഞ് ബെംഗളൂരിൽ ജോലി ചെയ്യുന്നു. ഇളയത് ഇരട്ടക്കുട്ടികളാണ്; വർഷയും രക്ഷയും. രണ്ടു പേരും ബെംഗളൂരിൽ അവസാന വർഷ ഡിഗ്രിക്കു പഠിക്കുന്നു. ഭാര്യ സ്വന്തമായി ഒരു ബൊട്ടീക്ക് നടത്തുന്നുണ്ട്.

നായിക അമലാ പോളുമായി വിവാഹ വാർത്ത; വൈകാരികമായി പ്രതികരിച്ച് ’രാക്ഷസന്‍’ നായകന്‍ വിഷ്ണു!

’ചാര്‍ലി’ സിനിമ കണ്ട് വിഷാദരോഗം മാറി; മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്നു പേരിട്ട് ബംഗ്ലാദേശി യുവാവ്!

നിർഭയ കേസിൽ സംഭവിച്ച വീഴ്ചകൾ മറയ്ക്കാൻ അയാൾ ശ്രീയെ ബലിയാടാക്കുകയായിരുന്നു: ഭുവനേശ്വരി

വിവാഹവാർഷിക ദിനത്തിൽ ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം; പ്രിയതമൻ മരണപ്പെട്ടതറിയാതെ യാത്ര തുടർന്ന് ഭാര്യ!

‘സൗന്ദര്യമാണോ നിങ്ങളുടെ പ്രശ്നം, എന്തിനാണ് ഈ കുട്ടിയെ ഇങ്ങനെ കളിയാക്കുന്നത്’; രോഷത്തോടെ കുറിപ്പ്