Saturday 21 April 2018 12:08 PM IST : By സ്വന്തം ലേഖകൻ

കരികാലന്റെ `കാലാ അവതാരം’ ഉടൻ: റിലീസ് തീയതി പുറത്തുവിട്ട് ധനുഷ്

kaala

സ്റ്റൈൽ മന്നൻ രജനിയുടെ കാലാ അവതാരത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. മുംബൈയിലെ ഡോണായി കാലായിൽ
രജനി എത്തുമ്പോൾ അത്സ്റ്റൈൽ മന്നന്റെ വേറിട്ട വേഷങ്ങളിലൊന്നായിരിക്കുമെന്ന് ഉറപ്പിക്കാം.

പ്രേക്ഷകരെ ത്രസിപ്പിച്ച കാലായുടെ ടീസറിനു പിന്നാലെ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രം  ജൂൺ 7ന് തീയറ്ററുകളിലെത്തുമെന്നാണ് നിർമ്മാതാവ് കൂടിയായ ധനുഷ് വ്യക്തമാക്കിയിരിക്കുന്നത്. റിലീസ് വിവരം ധനുഷ് തന്റെ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.

നേരത്തെ ഏപ്രിൽ 27ന് റീലിസിനൊരുങ്ങിയ ചിത്രം തമിഴ് ഫിലിം ഇൻഡസ്ട്രിയിലെ സമരം മൂലം മാർച്ച് ഒന്നിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സിനിമാ മേഖലയിലെ പ്രശ്‌നം തീർപ്പാകാതെ വന്നതോടെയാണ് കാലായുടെ പ്രദർശനം ജൂൺ ഏഴിലേക്ക് മാറ്റിയത്.

ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാ.രഞ്ജിത്താണ്. നാനാപടേക്കർ, ഇൗശ്വരി റാവു, സമുദ്രക്കനി, ഹുമ ഖുറേഷി, അഞ്ജലി പട്ടേൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ

മുംബൈ തെരുവിലെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബാലിക്കു ശേഷം രഞ്ജിത്ത്-രജനികാന്ത് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് കാലാ.