Monday 17 September 2018 02:36 PM IST : By സ്വന്തം ലേഖകൻ

ക്യാപ്റ്റൻ രാജുവിനെ പലരും ദ്രോഹിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി, മലയാളസിനിമയിലെ ക്യാപ്റ്റന് സല്യൂട്ടുമായി മഞ്ജു വാര്യർ: വിഡിയോ കാണാം

cr

പലരും ക്യാപ്റ്റൻ രാജുവിനെ ദ്രോഹിച്ചിട്ടുണ്ടെന്നും കപടതകൾ തീരെ ഇല്ലാത്ത പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപി. ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കഴിഞ്ഞ ഒരാഴ്ചയായി ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിക്കുവാൻ ശ്രമിച്ചിരുന്നു. അദ്ദേഹം ആരോഗ്യസ്ഥിതി വീണ്ടെടുത്ത് സുഖംപ്രാപിച്ചുവരുകയായിരുന്നു. എന്നാൽ ഈ ചാനലിൽ നിന്നാണ് അദ്ദേഹം വേർപിരിഞ്ഞ വിവരം മനസ്സിലാക്കുന്നത്. വളരെ വേദനയോടെയാണ് വാർത്തയോട് പ്രതികരിക്കുന്നത്. ഒരു പച്ചയായ മനുഷ്യൻ. എന്തും വെട്ടിത്തുറന്നുപറയും. ലൊക്കേഷനിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചായാലും, ഇഷ്ടമില്ലാത്തത് ഞാൻ ചെയ്യുന്നു എന്നുപറഞ്ഞു തന്നെ അഭിനയിക്കും. കപടത തീരെ ഇല്ലാത്ത പാവം മനുഷ്യൻ. ഒരുപാട് പേർ അദ്ദേഹത്തെ ദ്രോഹിച്ചിട്ടുണ്ട്. അതൊക്കെ വ്യക്തമാക്കി നമുക്ക് അറിയാം. പക്ഷേ നമുക്കും അതിനെതിരെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല.

എന്തായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ അവസ്ഥ എന്നെനിക്ക് സത്യത്തിൽ അറിയില്ല. ഞാനും ഒരുവശത്തുകൂടെ ഓട്ടമായിരുന്നുകൊണ്ട്, ഫോണിൽ കൂടി മാത്രമായിരുന്നു കഴിഞ്ഞ ഒന്നരവർഷക്കാലം ഞങ്ങളുടെ ബന്ധം.

എന്റെ സിനിമാജീവിതം തുടങ്ങുന്ന നാളുകളിൽ ഒരുമിച്ച് ഉണ്ടായിരുന്ന താരം. കൂടെ അന്ന് അഭിനയിച്ചിട്ടില്ലെങ്കിലും യാത്രകളിൽ പരസ്പരം കാണാറുണ്ടായിരുന്നു.

മോഹൻലാലിന്റെ കൂടെ രാജാവിന്റെ മകനിൽ അഭിനയിക്കുന്ന സമയത്താണ് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുന്നത്. അന്നുമുതൽ വളരെ ശക്തമായ മാനസികബന്ധം ഞങ്ങളിലുണ്ട്.

സംഘടനയുടെ കാര്യങ്ങളിൽ രാജുവേട്ടന് രാജുവേട്ടന്റേതായ വഴി ഉണ്ടായിരുന്നു. എനിക്ക് എന്റേതായ വഴിയും. അതൊരിക്കലും ഞങ്ങളുടെ ബന്ധത്തില്‍ നിഴലിച്ചിട്ടില്ല. ഇടയ്ക്കിടയ്ക്ക് എന്നെ ഫോണിൽ വിളിക്കും. ഭക്ഷണം ഉണ്ടാക്കിവെയ്ക്കാം നീ വാ എന്നു പറയും. വളരെ വേദനയുണ്ട്, ഇങ്ങനെ ഓരോരുത്തരായി കൊഴിഞ്ഞുപോകുമ്പോൾ. എൻ.എഫ്. വർഗീസ് തുടങ്ങി നരേന്ദ്രപ്രസാദ്, രാജൻ പി. ദേവ് അങ്ങനെയുള്ള ഓരോ വ്യക്തിയും പോകുന്ന കൂട്ടത്തിൽ വേദന ഒരാഘാതം പോലെ പിടിച്ചുകയറുന്ന മരണമാണ് രാജുച്ചായന്റേത്’’. സുരേഷ് ഗോപി പറഞ്ഞു.

സിനിമയിൽ വില്ലനും ജീവിതത്തിൽ സ്നേഹനിധിയുമായിരുന്നു ക്യാപ്റ്റൻ രാജുവെന്ന് മഞ്ജു വാര്യർ അനുസ്മരിച്ചു. അഭിനയിച്ച് ഫലിപ്പിച്ച വില്ലൻ കഥാപാത്രങ്ങളുടെ നിഴല്‍പോലും അടുത്തറിഞ്ഞവര്‍ക്ക് അദ്ദേഹത്തില്‍കാണാനാകില്ലായിരുന്നുവെന്നും മഞ്ജു ഫെയ്സ് ബുക്കിൽ കുറിച്ചു.

മഞ്ജു വാര്യരുടെ കുറിപ്പ്:

സിനിമയും ജീവിതവും തമ്മിലുള്ള ദൂരം മിഥ്യയില്‍നിന്നു യാഥാര്‍ഥ്യത്തിലേക്കുള്ളതാണെന്ന് തെളിയിച്ച നടന്മാരുടെ മുന്‍നിരയിലാണ് ക്യാപ്റ്റന്‍രാജുവിന്റെ സ്ഥാനം. ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം വില്ലനായിരുന്നു. ജീവിതത്തില്‍ സ്നേഹനിധിയായ ഒരു മനുഷ്യനും. അഭിനയിച്ച് ഫലിപ്പിച്ച വില്ലൻ കഥാപാത്രങ്ങളുടെ നിഴല്‍പോലും അടുത്തറിഞ്ഞവര്‍ക്ക് അദ്ദേഹത്തില്‍കാണാനാകില്ലായിരുന്നു.

'ദയ'യില്‍ മാത്രമേ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. അന്ന് രാജസ്ഥാനിലേക്കുള്ള യാത്രയും അവിടത്തെ ചൂടില്‍ രാജുച്ചായന്റെ വാത്സല്യത്തണലും ഇന്നും ഓര്‍മിക്കുന്നു. പിന്നീട് ഫോണില്‍ ഇടയ്ക്കൊക്കെ സംസാരിക്കുമായിരുന്നു. അപ്പോഴൊക്കെ മുതിര്‍ന്ന ഒരു ജ്യേഷ്ഠനെ ഞാന്‍ അദ്ദേഹത്തില്‍ കണ്ടു. മലയാളസിനിമയിലെ ക്യാപ്റ്റന് സല്യൂട്ട്...

വിഡിയോ കാണാം: