Tuesday 08 January 2019 04:23 PM IST : By സ്വന്തം ലേഖകൻ

‘‘ശസ്ത്രക്രിയയുടെ ദിവസവും അദ്ദേഹം ജിം മുടക്കില്ല എന്നറിയാമായിരുന്നു’’; രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ച് ഹൃത്വിക്ക്

rakesh-new

തന്റെ പിതാവും ബോളിവുഡിലെ ഒന്നാം നിര സംവിധായകനും നിർമ്മാതാവുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ച് സൂപ്പർതാരം ഹൃത്വിക്ക് റോഷന്‍.

തൊണ്ടയിലാണ് രാകേഷ് റോഷന് ക്യാൻസർ കണ്ടെത്തിയിരിക്കുന്നത്. രോഗം പ്രാരംഭഘട്ടത്തിലാണ്. അച്ഛനൊപ്പമുളള ഒരു ചിത്രം സഹിതമായിരുന്നു ഹൃതിക്കിന്റെ വികാരനിര്‍ഭരമായ പോസ്റ്റ്.

‘‘അച്ഛനോട് ഞാന്‍ ഇന്നു രാവിലെ ഒരുമിച്ചൊരു ചിത്രം ചോദിച്ചു. ശസ്ത്രക്രിയയുടെ ദിവസവും അദ്ദേഹം തന്റെ ജിം മുടക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. പ്രാരംഭഘട്ടത്തിലാണ്. പക്ഷേ ഇന്ന് അദ്ദേഹം വലിയ ഉന്മേഷത്തിലാണ്. ക്യാന്‍സറിനെതിരെ പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ്. ഒരു കുടുംബമെന്ന നിലയ്ക്ക് അദ്ദേഹത്തെ പോലൊരാള്‍ ഞങ്ങളെ നയിക്കാന്‍ മുന്നിലുള്ളതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരും അനുഗ്രഹീതരുമാണ്’’.– ഹൃതിക് കുറിച്ചതിങ്ങനെ.

ബോളിവുഡിൽ നിരവധി ഹിറ്റുകളൊരുക്കിയ സംവിധായകനും നിർമ്മാതാവുമാണ് രാകേഷ് റോഷൻ. മകൻ ഹൃതികിനെ താരപദവിയിലേക്കു നയിച്ചതും രാകേഷിന്റെ ചിത്രങ്ങളാണ്.