Friday 11 January 2019 12:48 PM IST : By സ്വന്തം ലേഖകൻ

ശസ്ത്രക്രിയ വിജയം; അച്ഛനൊപ്പം പിറന്നാൾ ആഘോഷിച്ച് ഹൃത്വിക്

hriyhik-new

നടനും നിർമ്മാതാവും സംവിധായകനുമൊക്കെയായി ബോളിവുഡിന്റെ മുഖ്യധാരയിൽ സജീവസാന്നിധ്യമായ രാകേഷ് റോഷന് ക്യാൻസറാണെന്ന വാർത്ത ഞെട്ടലോടെയാണ് ബി ടൗണും ആരാധകരും കേട്ടത്. അദ്ദേഹത്തിന് തൊണ്ടയിൽ ക്യാൻസറാണെന്ന വാർത്ത മകനും താരവുമായ ഹൃത്വിക് റോഷനാണ് സ്ഥിരീകരിച്ചത്. എന്നാൽ സങ്കടത്തിന്റെ ദിവസങ്ങൾ കടന്നു പോയിരിക്കുന്നു. രാകേഷിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനൊപ്പം കുടുംബം ഒന്നായി ഹൃത്വിക്കിന്റെ 45-ാം പിറന്നാൾ ആഘോഷിച്ചതും ഇരട്ടി മധുരമായി. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഹൃത്വിക് തന്നെയാണ് സമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

‘‘ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം എഴുന്നേറ്റു. സ്നേഹത്തിന്റെ ശക്തി. അദ്ദേഹത്തിന്റെ കൂടെനിന്നവർക്കും അദ്ദേഹത്തിന് കരുത്ത് പകർന്ന് മുന്നോട്ട് പോകാൻ സഹായിച്ചവർക്കും നന്ദി. ഇന്ന് ഏറ്റവും മികച്ച ദിവസമാണ്’’ താരം കുറിച്ചതിങ്ങനെ. മൂക്കിലൂടെ ട്യൂബ് ഘടിപ്പിച്ചു നിൽക്കുന്ന രാകേഷ് റോഷന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് രാകേഷ് റോഷൻ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

രാകേഷ് റോഷന് സൗഖ്യം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പിതാവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും പ്രധാനമന്ത്രി പ്രകടിപ്പിച്ച ഉത്കണ്ഠയില്‍ നന്ദി അറിയിക്കുന്നുവെന്നും ഹൃത്വിക് മോദിക്ക് മറുപടി നൽകി.