Saturday 11 September 2021 10:42 AM IST : By സ്വന്തം ലേഖകൻ

എന്തിനിത് ചെയ്തു എന്ന് ആർക്കുമറിയില്ല, 2 ദിവസം മുൻപ് വരെ ലൊക്കേഷനില്‍ ഹാപ്പിയായിരുന്ന ആൾ: ചോദ്യങ്ങളവശേഷിപ്പിച്ച് രമേശിന്റെ മരണം

ramesh-valiyasala-2

നടൻ രമേശ് വലിയശാലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും സീരിയൽ ലോകവും. നാടകരംഗത്തു നിന്നെത്തി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സീരിയൽ–സിനിമ രംഗത്ത് സജീവമായ രമേശ് മലയാളികൾക്ക് ആമുഖങ്ങൾ ആവശ്യമില്ലാത്ത അഭിനേതാവാണ്.

‘രണ്ട് ദിവസം മുൻപ് ‘വരാൽ’ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ....?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല .... ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം .... നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് …. ആദരാഞ്ജലികൾ...’ നടനും രമേശിന്റെ പ്രിയസുഹൃത്തുമായ ബാലാജി ശർമ ഫെയ്സ്ബുക്കിൽ കുറിച്ചതാണിത്.

രമേശിന്റെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമൊക്കെ വേദനയോടെ ചോദിക്കുന്നു– ‘എന്തിന് രമേശ് ആത്മഹത്യ ചെയ്തു ?’ ലൊക്കേഷനിൽ നിന്ന് പൂർണ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയെത്തിയ രമേശ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വീടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നറിയുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

‘‘എന്തിന് അദ്ദേഹം ഇത് ചെയ്തു എന്നു മനസ്സിലാകുന്നില്ല. രണ്ട് 2ദിവസം മുമ്പ് വരെ വരാല്‍ എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു.വളരെ ഹാപ്പിയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനു ശേഷം എന്തു സംഭവിച്ചുവെന്ന ആർക്കും അറിയില്ല. രണ്ടോ മൂന്നോ വർഷം മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. ഒരു മകനുണ്ട്. ഭാര്യയുടെ മരണ ശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. കുടുംബജീവിതവും കരിയറുമൊക്കെ വളരെ ഹാപ്പിയായി മുന്നോട്ടു പോകുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ഇപ്പോൾ ഇങ്ങനെ ചെയ്യാൻ എന്താണ് കാരണം എന്നറിയില്ല. ആരോടും അങ്ങനെയൊന്നും ഷെയർ ചെയ്തിട്ടില്ല’’. – നടൻ സാജൻ സൂര്യ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് രമേശ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവർക്കൊപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെ ഭാഗമായി.‘പൗർണമിതിങ്കൾ’ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.