Wednesday 10 July 2019 11:56 AM IST

ഓട്ടോഗ്രാഫിലെ പ്ലസ് ടു ‘പയ്യൻ’ അച്ഛനായി; പ്രാർഥന പോലെ ജീവിതത്തിലേക്ക് ഇസബെൽ

V.G. Nakul

Sub- Editor

r1

മലയാളം ടെലിവിഷൻ രംഗത്തെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്, പ്ലസ് ടൂക്കാരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ കഥ പറഞ്ഞ ‘ഓട്ടോഗ്രാഫ്’. സീരിയലിൽ ജെയിംസ് ആൽബർട്ടെന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രഞ്ജിത്ത് രാജ്.

ആ പഴയ ‘പ്ലസ് ടൂക്കാരൻ’ ചെക്കനിപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. രഞ്ജിത്തിനും ഭാര്യ ധന്യ തോമസിനും ആദ്യത്തെ കൺമണി പിറന്നിരിക്കുന്നു. തന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞിനെത്തന്നെ ദൈവം സമ്മാനിച്ചതിന്റെ ത്രില്ലിലാണ് മലയാളത്തിന്റെ പ്രിയതാരം.

r3

‘‘ഇസബെൽ എന്നാണ് മോൾക്ക് പേരിട്ടിരിക്കുന്നത്. പെൺകുഞ്ഞ് വേണമെന്നായിരുന്നു എന്റെ ആഗ്രഹം. ദൈവം പ്രാർത്ഥന കേട്ടു. പക്ഷേ, ധന്യയ്ക്ക് ആൺകുട്ടി വേണമെന്നായിരുന്നു. എന്തായാലും ഞങ്ങൾ രണ്ടാളും ഇപ്പോൾ വളരെയധികം ഹാപ്പിയാണ്’’.– രഞ്ജിത്തിന്റെ ശബ്ദത്തിൽ സന്തോഷം നുരഞ്ഞു.

‘‘ഈ മാസം മൂന്നാം തീയതിയാണ് മോൾ ജനിച്ചത്. കാഞ്ഞങ്ങാടാണ് ധന്യയുടെ നാട്. അവിടെ ഒരു ഹോസ്പിറ്റലിലായിരുന്നു പ്രസവം. ആ നിമിഷത്തെപ്പറ്റി പറഞ്ഞു ഫലിപ്പിക്കാൻ പാടാണ്. മകൾ ജനിക്കുന്നു, അച്ഛനാകുന്നു...സന്തോഷത്തിന്റെ മറ്റൊരു തലത്തിലായിരുന്നു’’.– രഞ്ജിത്ത് സന്തോഷം പങ്കുവച്ചു.

‘‘ഷൂട്ടിന്റെ തിരക്കുണ്ട്. പുതിയ സീരിയലിന്റെ ചിത്രീകരണം തിരുവനന്തപുരത്താണ്. പക്ഷേ, ഇത്തിരി സമയം കിട്ടിയാൽ ഞാൻ കാഞ്ഞങ്ങാട്ടേക്ക് പായും. എപ്പോഴും മോളാണ് മനസ്സിൽ. അവളുടെ മുഖം കണ്ണിൽ നിറഞ്ഞു നിൽക്കുകയാണ്. എന്റെ അനിയത്തി യു.കെയിലാണ്. അവൾ കൂടി വന്ന ശേഷമേ മാമോദീസ ഉൾപ്പടെയുള്ള മറ്റു ചടങ്ങുകൾ തീരുമാനിക്കൂ’’.– രഞ്ജിത്ത് പറയുന്നു.

ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ, രണ്ടു വർഷം മുമ്പായിരുന്നു രഞ്ജിത്തിന്റെയും ധന്യയുടെയും വിവാഹം.

r2

‘‘ഓട്ടോഗ്രാഫിലെ ജയിംസിന് ധാരാളം ആരാധികമാരുണ്ടായിരുന്നു. ഒരുപാട് പ്രണയാഭ്യർത്ഥനകളും വന്നിരുന്നു. അതിലൊരു ആരാധികയാണ് എന്റെ ഭാര്യ ധന്യ. കാഞ്ഞങ്ങാടാണ് നാടെങ്കിലും നഴ്സിങ് പഠനത്തിന്റെയും ജോലിയുടെയുമൊക്കെ ഭാഗമായി അവളപ്പോൾ മംഗലാപുരത്തായിരുന്നു. എന്റെ ഒരു ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത്, ഫെയ്സ്ബുക്ക് വഴി തുടങ്ങിയ പരിചയമാണ്. പിന്നീട് നേരിൽ കണ്ടു. കുറച്ചു കാലം കഴിഞ്ഞ് ഞാനാണ് പ്രൊപ്പോസ് ചെയ്തത്. അവൾ വീട്ടിൽ ചോദിക്കാൻ പറഞ്ഞു. ഞാൻ അവളുടെ അച്ഛനുമായി സംസാരിച്ചു. സിനിമാക്കാരനായതിനാൽ, ആദ്യം ചെറിയ എതിര്‍പ്പുകളൊക്കെ വന്നെങ്കിലും പിന്നീട് സമ്മതിച്ചു’’. – ആ പ്രണയകാലം രഞ്ജിത്ത് ഓർത്തെടുത്തു.

r4

മലയാളികളുടെ പ്രിയ നടി ഉഷയുടെ മകനാണ് രഞ്ജിത്ത് രാജ്. അതുകൊണ്ടു തന്നെ അഭിനയവും സിനിമയുമൊക്കെ കുട്ടിക്കാലം മുതലേ പരിചിതമായിരുന്നു. പക്ഷേ താനൊരു നടനാകുമെന്നോ അഭിനയമാകും തന്റെ പ്രൊഫഷനെന്നോ രഞ്ജിത്ത് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.

‘‘ഞാൻ ജനിച്ചതും വളർന്നതുമൊക്കെ കണ്ണൂരാണ്. എനിക്ക് രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അഗസ്റ്റിൻ എന്നാണ് അച്ഛന്റെ പേര്. സിനിമയുമായി ബന്ധപ്പട്ട് ചെന്നൈയിലായിരുന്ന അമ്മ മടങ്ങിയെത്തിയ ശേഷം, പത്താം ക്ലാസ് കഴിഞ്ഞ് ഞാനും അനിയത്തി രമ്യയും എറണാകുളത്തേക്കു വന്നു. അക്കാലത്ത് എനിക്ക് സ്പോർട്സിലായിരുന്നു കമ്പം. ക്രിക്കറ്റ് പ്ലെയറാകണമെന്നായിരുന്നു ആഗ്രഹം’’.

ഞാൻ ആദ്യം അഭിനയിച്ച മെഗാ സീരിയൽ ‘കന്യാധന’മാണ്, 2004 ൽ. അതിൽ നായികയുടെ ഇളയ സഹോദരനായ നന്ദു എന്ന കഥാപാത്രമായിരുന്നു. പക്ഷേ ബ്രേക്കായത് ‘ഓട്ടോഗ്രാഫാ’ണ്. എന്റെ എട്ടാമത്തെ സീരിയലായിരുന്നു ‘ഓട്ടോഗ്രാഫ്’. മൊത്തം 28 സീരിയലുകളിൽ അഭിനയിച്ചു. ‘കബനി’യും ‘വിശുദ്ധനു’മാണ് പുതിയത്’’.– രഞ്ജിത്ത് പറയുന്നു.