Saturday 23 March 2019 03:25 PM IST

പലർക്കും അറിയില്ല ഞാനൊരു നടിയുടെ മകനാണെന്ന്! പ്രേക്ഷകരുടെ പ്രിയ താരം രഞ്ജിത്തിന്റെ അറിയാത്ത വിശേഷങ്ങൾ

V.G. Nakul

Sub- Editor

r1

ഇപ്പോഴും രഞ്ജിത്തിന് വലിയ രൂപമാറ്റമൊന്നുമില്ല. പത്തു വർഷം മുമ്പ് സ്ക്രീനിൽ കണ്ട അതേ പ്ലസ് ടൂക്കാരൻ ചെറുക്കൻ തന്നെ.

‘‘ഇപ്പോഴും പ്ലസ് ടൂവിൽ തന്നെയാണോ’’ എന്ന് ചോദിച്ചാൽ, ‘‘അതല്ലേ നല്ലത്’’ എന്നാകും, ചിരിയോടെയുള്ള രഞ്ജിത്തിന്റെ മറുപടി.

മലയാളി കുടുംബ പ്രേക്ഷകർക്ക് രഞ്ജിത്ത് രാജ് ഇപ്പോഴും ആ പഴയ ജയിംസാണ്. സൂപ്പർ ഹിറ്റായ ഓട്ടോഗ്രാഫിലെ ജയിംസ് ആൽബർട്ട് എന്ന പ്ലസ് ടൂക്കാരന്റെ കഥാപാത്രം രഞ്ജിത്തിന് നേടിക്കൊടുത്ത ജനപ്രീതി അത്രയേറെയായിരുന്നു.

‘‘സത്യം പറഞ്ഞാൽ, ഓട്ടോഗ്രാഫിൽ അഭിനയിക്കുമ്പോൾ എനിക്ക് 26 വയസ്സുണ്ട്. ഇപ്പോൾ 36 കഴിഞ്ഞു’’.

ഇത്തവണ ഞെട്ടുന്നത് പ്രേക്ഷകരും വായനക്കാരുമാണ്. ഏറിയാൽ ഇരുപത്തിയൊൻപത് അല്ലെങ്കിൽ മുപ്പത് എന്ന ഊഹത്തെയാണ് ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ രഞ്ജിത്ത് തലകീഴേ മറിച്ചിരിക്കുന്നത്.

r4

മലയാളികളുടെ പ്രിയ നടി ഉഷയുടെ മകനാണ് രഞ്ജിത്ത് രാജ്. അതുകൊണ്ടു തന്നെ അഭിനയവും സിനിമയുമൊക്കെ കുട്ടിക്കാലം മുതലേ പരിചിതമായിരുന്നു. പക്ഷേ താനൊരു നടനാകുമെന്നോ അഭിനയമാകും തന്റെ പ്രൊഫഷനെന്നോ രഞ്ജിത്ത് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.

‘‘ഞാൻ ജനിച്ചതും വളർന്നതുമൊക്കെ കണ്ണൂരാണ്. എനിക്ക് രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അഗസ്റ്റിൻ എന്നാണ് അച്ഛന്റെ പേര്. സിനിമയുമായി ബന്ധപ്പട്ട് ചെന്നൈയിലായിരുന്ന അമ്മ മടങ്ങിയെത്തിയ ശേഷം, പത്താം ക്ലാസ് കഴിഞ്ഞ് ഞാനും അനിയത്തി രമ്യയും എറണാകുളത്തേക്കു വന്നു. അക്കാലത്ത് എനിക്ക് സ്പോർട്സിലായിരുന്നു കമ്പം. ക്രിക്കറ്റ് പ്ലെയറാകണമെന്നായിരുന്നു ആഗ്രഹം’’.

അഭിനയജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങൾ രഞ്ജിത്ത് ‘വനിത ഓൺലൈനു’മായി സംസാരിച്ചു തുടങ്ങി.

r5

മരണത്തിന്റെ വക്കിൽ നിന്ന്...

പ്രീ ഡിഗ്രി കഴിഞ്ഞ ഉടൻ മർച്ചന്റ ് നേവിയിൽ ജോലി കിട്ടി. രണ്ടു വർഷം കഴിഞ്ഞപ്പോൾ, ബോംബെയിൽ വച്ച് മലേറിയ പിടിപെട്ടു. അങ്ങനെ നാട്ടിലേക്കു പോന്നു. ഒരു മാസത്തോളം എറണാകുളത്തെ ഒരു ആശുപത്രിയിലായിരുന്നു. മരണത്തിൽ നിന്നാണ് ജീവിതത്തിലേക്കു തിരിച്ചു വന്നത്. മൂന്നു മാസം കഴിഞ്ഞ് ജോലിയിൽ തിരികെക്കയറിയെങ്കിലും വീണ്ടും രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. അങ്ങനെ വീണ്ടും നാട്ടിലേക്കു തിരിച്ചു വന്നു. പിന്നീട് ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് ജോലി ഉപേക്ഷിക്കുകയായിരുന്നു.

ആത്മവിശ്വാസത്തിന്റെ ആദ്യ ചുവട്

അതിനു ശേഷമാണ് എറണാകുളത്തെ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റായത്. ആയിടെ അമ്മയുടെ ഒരു സുഹൃത്താണ് സിനിമയിൽ ശ്രമിച്ചൂടെയെന്നു ചോദിച്ചത്. അപ്പോഴേക്കും എനിക്കും ചെറിയ താൽപര്യം തോന്നിത്തുടങ്ങിയിരുന്നു . പക്ഷേ അഭിനയിക്കാനറിയാമോ ഇല്ലയോ എന്നറിയണമല്ലോ. അങ്ങനെ അമ്മ തന്നെ സ്വന്തം കൈയിലെ കാശ് മുടക്കി ചില ഷോർട് ഫിലിമുകള്‍ നിർമ്മിച്ചു. അതിലൊക്കെ അഭിനയിച്ചതോടെ വലിയ കുഴപ്പമില്ല എന്നൊരു ആത്മവിശ്വാസം തോന്നിത്തുടങ്ങി.

r2

വഴിമാറ്റിയ ഓട്ടോഗ്രാഫ്

ഞാൻ ആദ്യം അഭിനയിച്ച മെഗാ സീരിയൽ ‘കന്യാധന’മാണ്, 2004 ൽ. അതിൽ നായികയുടെ ഇളയ സഹോദരനായ നന്ദു എന്ന കഥാപാത്രമായിരുന്നു. പക്ഷേ ബ്രേക്കായത് ‘ഓട്ടോഗ്രാഫാ’ണ്. എന്റെ എട്ടാമത്തെ സീരിയലായിരുന്നു ‘ഓട്ടോഗ്രാഫ്’. മൊത്തം 28 സീരിയലുകളിൽ അഭിനയിച്ചു. ‘കബനി’യും ‘വിശുദ്ധനു’മാണ് പുതിയത്.

r3

ആരാധികയായ ഭാര്യ

‘ഓട്ടോഗ്രാഫി’ലെ ജയിംസിന് ധാരാളം ആരാധികമാരുണ്ടായിരുന്നു. ഒരുപാട് പ്രണയാഭ്യർത്ഥനകളും വന്നിരുന്നു. അതിലൊരു ആരാധികയാണ് എന്റെ ഭാര്യ ധന്യ. കാഞ്ഞങ്ങാടാണ് നാടെങ്കിലും നഴ്സിങ് പഠനത്തിന്റെയും ജോലിയുടെയുമൊക്കെ ഭാഗമായി അവളപ്പോൾ മംഗലാപുരത്തായിരുന്നു. എന്റെ ഒരു ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത്, ഫെയ്സ്ബുക്ക് വഴി തുടങ്ങിയ പരിചയമാണ്. പിന്നീട് നേരിൽ കണ്ടു. കുറച്ചു കാലം കഴിഞ്ഞ് ഞാനാണ് പ്രപ്പോസ് ചെയ്തത്. അവൾ വീട്ടിൽ ചോദിക്കാൻ പറഞ്ഞു. ഞാൻ അവളുടെ അച്ഛനുമായി സംസാരിച്ചു. സിനിമാക്കാരനായതിനാൽ, ആദ്യം ചെറിയ എതിര്‍പ്പുകളൊക്കെ വന്നെങ്കിലും പിന്നീട് സമ്മതിച്ചു. കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായി. ധന്യയിപ്പോൾ പ്രഗ്നന്റാണ്.

സിനിമയിൽ...

‘കണിച്ചിക്കുളങ്ങരയിൽ സി.ബി.ഐ’യാണ് ആദ്യ സിനിമ. പിന്നീട് ‘പെരുമാൾ’, ‘പറയാൻ മറന്നത്’ തുടങ്ങി ‘പ്രിയപ്പെട്ടവർ’ വരെ 14 സിനിമ ചെയ്തു. അതിൽ ‘ആകാശങ്ങളിൽ’, ‘അറിയാതെ ഇഷ്ടമായ്’, ‘കിങ്ങിണിക്കൂട്ടം’ എന്നിവയിൽ നായകനായിരുന്നു. ‘കിങ്ങിണിക്കൂട്ടം’ റിലീസിനൊരുങ്ങുന്നു.

വീണ്ടും ഓട്ടോഗ്രാഫ് ടീം

അമ്മയുടെ പരിചയങ്ങളാണ് അഭിനയ മേഖലയിൽ എത്തിച്ചതെങ്കിലും ഞാൻ അമ്മയുടെ മകനാണെന്നറിയാത്ത പലരുമുണ്ട്. സീരിയലുകളുടെ ലോകം തിരുവനന്തപുരമായതിനാൽ, തുടക്കത്തിൽ ഞാനും അമ്മയും കൂടി തിരുവനന്തപുരത്ത് വന്ന് അവസരങ്ങൾക്കായി ശ്രമിച്ചിരുന്നു. അങ്ങനെയാണ് മികച്ച അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. ‘ഓട്ടോഗ്രാഫി’ന്റെ സംവിധായകൻ സുജിത് സുന്ദറും ഞാനും ഒന്നിക്കുന്ന പുതിയ സീരിയൽ ഉടൻ വരും. ‘പള്ളിക്കൂടം’ എന്നാണ് പേര്. ഒപ്പം തന്നെ സിനിമയിലും ചാൻസുകളുണ്ട്.