Monday 17 September 2018 05:24 PM IST

‘‘ഇനി എന്റെ എല്ലാ തിരക്കഥകളും സൗജന്യമായി വായിക്കാം’’; പുതിയ തുടക്കവുമായി രഞ്ജിത്ത് ശങ്കർ

V.G. Nakul

Sub- Editor

rrrrrr

സിനിമാ പ്രേമികളോട് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ശങ്കർ പറയുന്നു: ‘‘നിങ്ങൾക്ക് ഇനി എന്റെ എല്ലാ തിരക്കഥകളും സൗജന്യമായി വായിക്കാം’’.

ഇത് വെറും ‘സിനിമാറ്റിക്’ വാഗ്ദാനമാണെന്ന് കരുതിയാൽ തെറ്റി, ‘അർജുനൻ സാക്ഷി’ മുതൽ ‘ഞാൻ മേരിക്കുട്ടി’ വരെയുള്ള തന്റെ ആറ് സിനിമകളുടെ തിരക്കഥകൾ രഞ്ജിത്ത് ശങ്കർ സ്വന്തം ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ചില്ലിക്കാശ് മുടക്കാതെ അവ വായിക്കാം. വേണമെങ്കിൽ ഡൗൺ ലോഡ് ചെയ്ത് സൂക്ഷിക്കുകയുമാകാം.

‘‘തിരക്കഥകൾ ഓൺലൈനിൽ വായിക്കാനുള്ള സൗകര്യം ഒരുക്കാമോയെന്ന് കുറേ കാലമായി പലരും ചോദിക്കുന്നു.

ഞാൻ ധാരാളം തിരക്കഥകൾ ഓൺലൈനിൽ വായിച്ചിട്ടുള്ള ആളാണ്. നിലവിൽ ആറ് സിനിമകളുടെ തിരക്കഥകൾ ബ്ളോഗിൽ ലഭ്യമാണ്. പുണ്യാളൻ ഒന്നും രണ്ടും ഭാഗങ്ങളും മോളിയാന്റി റോക്സുമാണ് ഇല്ലാത്തത്. പാസഞ്ചർ ഉടൻ അപ്ലോഡ് ചെയ്യും.

ആവശ്യക്കാർക്ക് ഇവയെല്ലാം തികച്ചും സൗജന്യമായി വായിക്കാം, ഡൗൺലോഡ് ചെയ്യാം. വരുമാനം ലക്ഷ്യമാക്കുന്നില്ല. ഒരു സിനിമ എങ്ങനെ പരുവപ്പെടുന്നു എന്ന് മനസ്സിലാക്കാൻ താത്പര്യമുള്ളവർക്ക് വേണ്ടിയാണ് ഈ ശ്രമം. ഇനി വരുന്ന സിനിമകളുടെ തിരക്കഥകളും ഇത്തരത്തിൽ ലഭ്യമാക്കും’’. രഞ്ജിത്ത് ശങ്കർ പറയുന്നു.

ഓരോ സിനിമയുടെയും ചിത്രീകരണം തുടങ്ങും മുൻപുള്ള അവസാന ഘട്ട തിരക്കഥയാണ് ബ്ളോഗിൽ പ്രസിദ്ധീകരിക്കുന്നത്.

‘‘ചിത്രീകരണം തുടങ്ങുന്ന പ്രേതം ടുവിന്റെ തിരക്കഥയുടെ ഫൈനൽ ഡ്രാഫ്റ്റ് കഴിഞ്ഞ ജൂൺ നാലിന് പൂർത്തിയായതാണ്. എല്ലാ സിനിമകളുടെയും ഈ ഘട്ടത്തിലുള്ള തിരക്കഥകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ചിത്രീകരണത്തിനിടയിൽ തിരക്കഥയിൽ ധാരാളം മാറ്റങ്ങൾ വരും. പലപ്പോഴും തിരക്കഥ വായിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും സിനിമ. ഓൺലൈനിൽ ഞാൻ വായിച്ചിട്ടുള്ള പല ഇംഗ്ലീഷ് സിനിമകളുടെയും തിരക്കഥകൾ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. ചിലപ്പോൾ ഒരു തിരക്കഥയുടെ തന്നെ വിവിധ ഡ്രാഫ്റ്റുകള്‍ പോലും ലഭിക്കാറുണ്ട്’’.

ഓൺലൈനിൽ ലഭ്യമാണ് എന്നത് കൊണ്ട് തന്റെ തിരക്കഥകൾ പുസ്തകമായി പ്രസിദ്ധീകരിച്ച് കൂടാ എന്നില്ലന്നും എല്ലാം വിവിധങ്ങളായ സാധ്യതകളാണെന്നും രഞ്ജിത്ത് പറയുന്നു. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ പാസഞ്ചറിന്റെ തിരക്കഥ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബ്ലോഗിലുള്ള തിരക്കഥകളുടെ ലിങ്ക് രഞ്ജിത്ത് ശങ്കർ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഇപ്പോൾ ജയസൂര്യ നായകനാകുന്ന പ്രേതം ടുവിന്റെ തിരക്കുകളിലാണ് രഞ്ജിത്ത് ശങ്കർ. ഈ മാസം ഇരുപതിന് ചിത്രീകരണം ആരംഭിക്കും. ജോൺ ഡോൺ ബോസ്കോയുടെ ജീവിതത്തിലെ മറ്റൊരു അദ്യായമാണ് ചിത്രമെന്ന് സംവിധായകൻ പറയുന്നു.ഡിസംബർ 21 ന് ക്രിസ്മസ് റിലീസായി പ്രേതം ടു തിയേറ്ററിലെത്തും.