Wednesday 12 June 2019 11:34 AM IST : By സ്വന്തം ലേഖകൻ

ഒടുവിൽ അതുറപ്പിച്ചു! കപിലിന്റെ ഭാര്യയാകാന്‍ ദീപിക: ചിത്രം പങ്കുവച്ച് രൺവീർ

ranveer

കപിലിന്റെ ചെകുത്താൻമാർ1983ലെ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടതിന്റെ കഥ വെള്ളിത്തിരയിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഈ ഭാഗം മറ്റൊരു വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ–ക്രിക്കറ്റ് പ്രേമികൾ. 83 എന്നാണ് ചിത്രത്തിനു നൽകിയിരിക്കുന്ന പേര്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിങാണ് കപില്‍ ദേവായി വേഷമിടുന്നത്. 1983ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കു കീഴിലായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിൽ രൺവീറിന്റെ നായികയായി താരത്തിന്റെ ഭാര്യയും ബോളിവുഡ് താരവുമായ ദീപിക പദുകോൺ എത്തുന്നു. രൺബീർ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. ഒപ്പം ദീപികയോടും കബീർ ഖാനോടുമൊപ്പമുള്ള ചിത്രവും രൺവീര്‍ പോസ്റ്റ് ചെയ്തു.

ചിത്രത്തിൽ കപിലിന്റെ ഭാര്യ റോമി ദേവ് എന്ന കഥാപാത്രമാണ് ദീപികയ്ക്ക്. ചിത്രത്തിൽ തമിഴ്താരം ജീവയാണ് കൃഷ്ണമചാരി ശ്രീകാന്തായി അഭിനയിക്കുക. ജീവയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്.