Monday 22 October 2018 09:40 AM IST : By സ്വന്തം ലേഖകൻ

‘ഒടുവിൽ അതങ്ങുറപ്പിച്ചു’; രൺവീർ–ദീപിക വിവാഹത്തിന് തീയതിയായി

r

‘‘ഇങ്ങനെ പ്രേമിച്ച് നടന്നാൽ മതിയോ. കല്യാണം കഴിക്കണ്ടേ...’’ ഇനി ഇൗ ഉപദേശം സഹിക്കാൻ തീരെ താത്പര്യമില്ല രൺവീർ–ദീപികമാർക്ക്. അതുകൊണ്ട് തന്നെ ഇരുവരും ചേർന്ന് അതങ്ങുറപ്പിച്ചു, കല്യാണമെങ്കിൽ കല്യാണം...വീട്ടുകാരുടെ സമ്മതം കൂടിയായപ്പോൾ തീയതിയും തീരുമാനിച്ചു, നവംബര്‍ പതിന്നാലും പതിനഞ്ചും.

അതെ, നവംബര്‍ 14നും 15നുമായി രാജ്യം കാത്തിരുന്ന താര വിവാഹം യാഥാർത്ഥ്യമാകും. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ദീപികയാണ് വിവാഹ വിവരം ആരാധകരെ അറിയിച്ചത്. പിന്നാലെ രണ്‍വീറിന്റെ ട്വീറ്റുമെത്തി.

രൺവീർ സിംഗ്–ദീപിക പദുകോണ്‍ പ്രണയം ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്.

വിവാഹ വിവരം പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും രണ്ട് പേരുടേയും കുടുംബങ്ങളുടെ അനുഗ്രഹത്തോടെ നവംബര്‍ 14നും 15 നും വിവാഹം നടക്കുമെന്നും തങ്ങള്‍ക്കൊപ്പം പിന്തുണയായി നിന്നതിനും നല്‍കിയ സ്നേഹത്തിനും എല്ലാവര്‍ക്കും നന്ദി പറയുന്നതായും ദീപിക. അതേസമയം, എവിടെ വച്ചാകും വിവാഹം എന്നതടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

കഴിഞ്ഞ ജൂണിൽ മുംബൈയിലെ പ്രശസ്തമായ ആഭരണക്കടയില്‍ അമ്മയുമായി ദീപിക എത്തിയത് വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടിയിരുന്നു.

സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല എന്ന ചിത്രത്തിലാണ് ദീപികയും രൺവീറും ആദ്യമായി ഒന്നിക്കുന്നത്. അതിനു ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയവാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. പിന്നീട് ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളിലൂടെയും ഇഷ്ട ജോഡികൾ പ്രേക്ഷകരുടെ ഹൃദയം കവർന്നു.