Friday 16 November 2018 09:35 AM IST : By സ്വന്തം ലേഖകൻ

‘ആ സുന്ദര നിമിഷങ്ങൾ പങ്കു വച്ച് താരങ്ങൾ’; രൺവീർ–ദീപിക വിവാഹ ചിത്രങ്ങൾ

ranveer-new-1

ഒടുവിൽ ആ മനോഹര നിമിഷത്തിന്റെ ചിത്രങ്ങൾ പുറത്ത്. കാത്തിരിപ്പിനു വിരാമമിട്ട്, ദീപിക പദുക്കോൺ – രൺവീർ സിങ് വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു.

കൊങ്കണി രീതിയിലുള്ള വിവാഹ ചടങ്ങുകളുടെയും സിന്ധി രീതിയിലുള്ള വിവാഹ ചടങ്ങുകളുടെയും ഓരൊ ചിത്രങ്ങളാണ് ഇരുവരും ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തത്. രണ്ടു ചിത്രങ്ങളിലും അതാത് ആചാര പ്രകാരം വ്യത്യസ്ത വസ്ത്രധാരണ രീതിയും ചമയങ്ങളുമാണ് ഇരുവർക്കും. ദീപിക സാരിയും രൺവീർ ഷേര്‍വാനിയുമാണ് ധരിച്ചിരിക്കുന്നത്.

deepika-new-2

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ബോളിവുഡും ആരാധകരും ആകാംക്ഷയോടെ കാത്തിരുന്നതാണ് ദീപിക – രൺവീർ വിവാഹ ചിത്രങ്ങൾ. വിവാഹ വേദിയുടെയും ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെയും ചിത്രങ്ങൾ ധാരാളമായി പ്രചരിച്ചിരുന്നുവെങ്കിലും വധൂവരൻമാരുടെ ചിത്രങ്ങൾ മാത്രം പുറത്തായില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ മാധ്യമങ്ങൾക്കു പോലും പ്രവേശനമുണ്ടായിരുന്നില്ല.

ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും ഫോണിലും മറ്റും ചിത്രങ്ങള്‍ പകര്‍ത്തുന്നതിൽ കര്‍ശനമായ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറ്റലിയില്‍ എത്തിയ മാധ്യമ പ്രവർത്തകർക്ക് വളരെ ദൂരത്തു നിന്ന് മാത്രമേ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിച്ചുള്ളൂ.

deepika-new-3

ഇരുവരുടേയും മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തേണ്ടതിനാലാണ് രണ്ടു ദിവസത്തെ വിവാഹാഘോഷങ്ങള്‍ ഒരുക്കിയത്. ദീപികയുടെ കുടുംബം പിന്തുടരുന്ന കൊങ്കണി ആചാരപ്രകാരവും രണ്‍വീറിന്റെ കുടുംബം പിന്തുടരുന്ന സിന്ധി ശൈലിയിലുള്ള ‘ആനന്ദ് കരജ്’ ചടങ്ങു പ്രകാരവും വിവാഹം നടന്നു.