Tuesday 20 November 2018 04:14 PM IST : By സ്വന്തം ലേഖകൻ

താര വിവാഹം വിവാദത്തിൽ; ആചാരം ലംഘിച്ചുവെന്ന് ആരോപണം

d-1

ദീപിക–രണ്‍വീര്‍ താരവിവാഹം വിവാദത്തിൽ. ഇറ്റലിയിലെ ലേക്ക് കോമോയില്‍ നവംബര്‍ 15ന് നടന്ന സിഖ് ആചാര പ്രകാരമുള്ള വിവാഹത്തിന്റെ പേരിലാണ് ദമ്പതികൾ വിവാദത്തിലായിരിക്കുന്നത്.ഈ മാസം 14,15 തീയതികളിലായി കൊങ്ങിണി, സിഖ് ആചാരരീതികളിലായിരുന്നു ചടങ്ങുകൾ.

സിഖ് മതാചാരപ്രകാരം നടന്ന ‘ആനന്ദ് കരാജ്’ എന്ന വിവാഹച്ചടങ്ങിനെതിരേയാണ് ഇറ്റലിയിലെ സിഖ് സമൂഹം രംഗത്തു വന്നിരിക്കുന്നത്. ഇറ്റലിയില്‍ ഒരുക്കിയ വിവാഹവേദിയില്‍ താത്കാലികമായി ഗുരുദ്വാര പണിതുവെന്നാണ് ദീപികയ്ക്കും രണ്‍വീറുമെതിരെയുള്ള പ്രധാന ആരോപണം. ഇതുവഴി രണ്‍വീറും ദീപികയും സിഖ് പെരുമാറ്റച്ചട്ടം ലംഘിച്ചുവത്രേ. ഇതു സംബന്ധിച്ച് അകാല്‍ തക്ത് ജതേദറിനെ ഇറ്റാലിയിലെ സിഖ് സംഘടന പരാതിയുമായി സമീപിച്ചിരിക്കുകയാണ്. ഔദ്യോഗിക പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുന്നതിനായി അഞ്ച് മുഖ്യ പുരോഹിതര്‍ക്ക് പരാതി കൈമാറുമെന്ന് അഖാല്‍ തക്ത് ജാതേദാര്‍ വ്യക്തമാക്കി. ഇവരാകും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക.