Friday 11 January 2019 06:14 PM IST : By സ്വന്തം ലേഖകൻ

‘ഇവരാണോ നിങ്ങളുടെ നായകന്‍മാര്‍’; സ്ത്രീവിരുദ്ധ പരാമർശത്തിൽ കുടുങ്ങി രണ്‍വീര്‍ സിങ്

ranveer-new-4

സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിൽ ക്രിക്കറ്റ് താരം ഹര്‍ദ്ദിക് പാണ്ഡ്യ കുടുങ്ങിയതിനു തൊട്ടു പിന്നാലെ ബോളിവുഡ് താരം രണ്‍വീര്‍ സിങ് വർഷങ്ങൾക്കു മുൻപ് നടത്തിയ അശ്ലീല പരാമര്‍ശവും വിവാദമാകുന്നു. ഹര്‍ദ്ദിക് സംഭവത്തിലെന്ന പോലെ ഇവിടെയും കോഫി വിത്ത് കരണാണ് വില്ലൻ.

ഷോയിൽ, 2011ല്‍ കരീനാ കപൂര്‍, അനുഷ്ക ശര്‍മ്മ എന്നിവരെ പറ്റി രണ്‍വീര്‍ മോശം പരാമര്‍ശം നടത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. അനുഷ്കയോടൊപ്പമാണ് രണ്‍വീര്‍ അഭിമുഖത്തിൽ പങ്കെടുത്തത്.

രൂക്ഷമായ ഭാഷയിലാണ് രണ്‍വീറിന്റെ പരാമര്‍ശത്തോട് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. ‘ഇവരാണോ നിങ്ങളുടെ നായകന്‍മാര്‍’ എന്നാണ് ഒരാളുടെ പരിഹാസമെങ്കിൽ, ഇതെല്ലാം കേട്ട് കരണ്‍ ജോഹര്‍ ചിരിക്കുകയാണെന്നും ബോളിവുഡ് മുഴുവന്‍ മാലിന്യമാണെന്നും മറ്റൊരാൾ.

കഴിഞ്ഞ ദിവസം കോഫി വിത്ത് കരണിൽ, ഹര്‍ദ്ദിക് പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെത്തുടർന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് താരം നേരിട്ടത്. തുടര്‍ന്ന് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പ് ചോദിച്ചിരുന്നു.