ആസിഫ് അലി ചിത്രം രേഖാചിത്രം വിജയക്കുതിപ്പ് തുടരുന്നതിനിടെ മനസു നിറയ്ക്കുന്നൊരു വിഡിയോ കൂടി പുറത്തുവന്നിരുന്നു. ചിത്രത്തിൽ ശ്രദ്ധേയമായൊരു രംഗം അവതരിപ്പിച്ച സുലേഖ എന്ന നടിയും നടന്‍ ആസിഫ് അലിയും സിനിമയ്ക്കു പുറത്ത്ഒരുമിച്ചെത്തിയ രംഗം. നിർഭാഗ്യവശാൽ സുലേഖയുടെ രംഗം സിനിമയിൽ നിന്നും അണിയറ പ്രവർത്തകർക്ക് നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഇലേറെ വിഷമിച്ച സുലേഖയെ ആസിഫ് അലി മനസു നിറഞ്ഞ് ആശ്വസിപ്പിക്കുന്നത് ക്യാമറയ്ക്കു വെളിയിലെ ഹൃദയം നിറയ്ക്കുന്ന രംഗമായി. ഇപ്പോഴിതാ സുലൈഖയ്ക്കും ആ രംഗം കാണാൻ ആഗ്രഹിച്ച പ്രേക്ഷകരുടെയും കാത്തിരിപ്പിന് വിരാമമേകി രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ എത്തുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു തയ്യൽക്കാരിയുടെ അടുത്തെത്തുന്നതും അവരിൽ നിന്ന് വിവരങ്ങൾ അറിയുന്നതുമാണ് രംഗം. സുലേഖയായിരുന്നു ഈ രംഗത്തിലെ തയ്യൽക്കാരി. ജൂനിയർ ആർടിസ്റ്റായി അഭിനയിച്ച സുലേഖയെ ആസിഫ് അലി ആശ്വസിപ്പിച്ചതിന് പിന്നാലെ എത്തിയ വിഡിയോ ഞൊടിയിടയിലാണ് വൈറലായത്.
ഉദയംപേരൂർ പൂത്തോട്ട സ്വദേശിയായ സുലേഖ ഓട്ടോ ഡ്രൈവർ കൂടിയാണ്. . അഭിനയിച്ച സീൻ സിനിമയിൽ നിന്നൊഴിവാക്കപ്പെട്ടതറിഞ്ഞ് തിയറ്ററിൽ വച്ച് സുലേഖ പൊട്ടിക്കരയുകയായിരുന്നു. താൻ അഭിനയിച്ച സീൻ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് അറിയാതെ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ വന്നതായിരുന്നു സുലേഖ. എന്നാൽ ആ സീൻ ഇല്ലെന്ന് അറിഞ്ഞപ്പോൾ പൊട്ടിക്കരയുകയായിരുന്നു.
സുലേഖയുടെ കാര്യം ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ജോഫിൻ ടി ചാക്കോ അവരോടു ക്ഷമ ചോദിക്കുകയും അവർ അഭിനയിച്ച രംഗം പുറത്തു വിടുമെന്ന് അറിയിക്കുകയും ചെയ്തു. റിലീസ് ദിവസം തന്നെ സുലേഖയെ വിളിച്ചു വരുത്തിയ ആസിഫ് അലി അവരെ ആശ്വസിപ്പിക്കുകയും അടുത്തൊരു സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ജനുവരി ഒൻപതിനാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ദ് പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.