Monday 23 April 2018 12:23 PM IST : By സ്വന്തം ലേഖകൻ

ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാന്‍ എനിക്കറിയാം! സിനിമയിലെ കാസ്റ്റിംങ് കൗച്ചിനെ കുറിച്ച് രമ്യ നമ്പീശന്‍

remya

ഇന്ത്യന്‍ സിനിമാ മേഖലയില്‍ കാസ്റ്റിംങ് കൗച്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബോളിവുഡിനും തെലുങ്കു സിനിമാ മേഖലയ്ക്കും ശേഷം കാസ്റ്റിങ് കൗച്ച് മലയാളത്തിലും ചര്‍ച്ച തന്നെ. ഈ സാഹചര്യത്തില്‍ ഇവിടെയും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുണ്ടെന്ന് തുറന്നു പറഞ്ഞ് നടിയും ഗായികയുമായ രമ്യ നമ്പീശന്‍. പല നടിമാരും കാസ്റ്റിംങ് കൗച്ചുമായി ബന്ധപ്പെട്ട്  വെളിപ്പെടുത്തലുകളുമായി രംഗത്തു വരുന്ന സാഹചര്യത്തിലാണ് അന്യ ഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമായ   രമ്യ നമ്പീശനും ഇക്കാര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിച്ചത്.

കാസ്റ്റിംങ് കൗച്ച് സിനിമയിലുണ്ട്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ പലരും സിനിമയില്‍ നേരിട്ട മോശപ്പെട്ട അനുഭവങ്ങളെക്കുറിച്ച് പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാന്‍ എനിക്കറിയാം.സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന മോശം പ്രവണതകള്‍ പുറത്ത് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുഭവിച്ച പ്രശ്‌നങ്ങള്‍ എന്നെ വിഷമിപ്പിക്കുന്നു. ഇതിനെക്കുറിച്ച് സംസാരിക്കാന്‍ താരങ്ങള്‍ മനസു കാണിക്കണം. രമ്യ പറഞ്ഞു. 

എല്ലാ തൊഴില്‍ മേഖലകളിലും ഇതു പോലെയുള്ള പ്രശ്‌നങ്ങളുണ്ടെന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ തന്നെ ധൈര്യപൂര്‍വം മുന്നോട്ട് വരണമെന്നും രമ്യ വ്യക്തമാക്കി.