Friday 03 August 2018 04:42 PM IST

ഇനി അധികം കാത്തിരിക്കേണ്ടതില്ല, ‘രണം’ സെപ്തംബറിൽ തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ; ട്രെയിലർ ഓണത്തിന്

V.G. Nakul

Sub- Editor

ranam-22

ടീസറുകളും പാട്ടുകളും ശ്രദ്ധ നേടി, ചിത്രീകരണം പൂർത്തിയായി, എന്നിട്ടും ‘രണം’ തിയേറ്ററുകളിലെത്തിയില്ല. അതോടെ പൃഥ്വിരാജിന്റെ ആരാധകർ ആകാംക്ഷയോടെ ചോദിച്ചു തുടങ്ങി: രണം എന്നു വരും ?

എന്നാൽ രണത്തിനായി ഇനി അധികം കാത്തിരിക്കേണ്ടതില്ല. രാജുവേട്ടന്റെ സ്‌റ്റൈലിഷ്, മാസ് കഥാപാത്രവുമായി രണം സെപ്തംബർ ആദ്യവാരം പ്രദർശനത്തിനെത്തുമെന്ന് ചിത്രത്തിന്റെ സംവിധായകൻ നിർമ്മൽ സഹദേവൻ വനിത ഓൺലൈനോട് പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ ഒാണത്തിന് റിലീസ് ചെയ്യുമെന്നും നിർമ്മൽ വ്യക്തമാക്കി.

‘‘ചിത്രീകരണം പൂർത്തിയായി. സെൻസറിംഗും കഴിഞ്ഞു. യു.എ സർട്ടിഫിക്കേറ്റാണ് ലഭിച്ചത്. സെപ്തംബർ ആദ്യവാരം ചിത്രം പ്രദർശനത്തിനെത്തും. രാജുവേട്ടന്റെ കൂടെയും മൈ സ്‌റ്റോറിയും അടുപ്പിച്ച് തിയേറ്ററിലെത്തിയതിനാലാണ് രണത്തിന്റെ റിലീസ് വൈകിയത്.’’ അദ്ദേഹം പറയുന്നു.

ranam-11

‘സ്നീക്ക് പീക്ക്’ എന്ന പേരിൽ നിമിഷങ്ങള്‍ മാത്രം ദൈർഘ്യമുള്ള മൂന്നു ചെറിയ ടീസറുകൾ, ഒരു പാട്ട്, കുറച്ച് ചിത്രങ്ങൾ, ഇവ നേടുന്ന ജനപ്രിയത മാത്രം മതി, ‘രണം’ സൃഷ്ടിക്കുന്ന പ്രതീക്ഷകൾക്ക് പരിധിയില്ല എന്നു മനസ്സിലാക്കാൻ. സംവിധായകനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് നിവിൻപോളി നായകനായ ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തും നിർമ്മലായിരുന്നു. അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കൻ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്.

രണം ടൈറ്റിൽ ട്രാക്ക് എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിലെ വിഡിയോ സോംഗ് പതിന്നേഴു ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു. മനോജ് കുറൂരിന്റെ വരികൾക്ക് ജേക്സ് ബിജോയിയാണ് സംഗീതം പകർന്നിരിക്കുന്നത്.

ഇഷ തൽവാറാണ് രണത്തിലെ നായിക. റഹ്മാനും അശ്വിൻ കുമാറും ഒപ്പം വിദേശ നടീ നടൻമാരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നിർമ്മൽ സഹദേവന്റെ ആദ്യ സംവിധാന സംരംഭമാണ് രണം.