Thursday 11 July 2024 11:24 AM IST

ചിന്നു ഞങ്ങളെ മുതലെടുക്കുന്നു എന്നാണോ...എന്ത് അറിഞ്ഞിട്ടാണ് നിങ്ങൾ പരിഹസിക്കുന്നത് ? രേണു സുധി പറയുന്നു

V.G. Nakul

Senior Content Editor, Vanitha Online

renu-sudhi

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം പ്രിയപ്പെട്ടവർക്കെന്ന പോലെ പ്രേക്ഷകർക്കും വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ജീവിതത്തിന്റെ കഠിനയാഥാർത്ഥ്യങ്ങളെ ചിരികൊണ്ടു നേരിട്ട സുധി ഭാര്യ രേണുവിനെയും രണ്ടു മക്കളെയും ഒറ്റയ്ക്കാക്കിയാണ് മടങ്ങിയത്. പക്ഷേ, കഷ്ടപ്പാടുകളുടെ നടുവിലേക്ക് ആ ചെറിയ കുടുംബത്തെ എറിഞ്ഞു കളയാൻ സുധിയുടെ സുഹ‍ൃത്തുക്കൾ തയാറായില്ല. ജീവിച്ചിരിക്കെ സുധി എന്ന വ്യക്തിയും കൂട്ടുകാരനും പകർന്ന നൻമയും കരുതലും സുധിയുടെ കുടുംബത്തിലേക്ക് താങ്ങായും തണലായും മടങ്ങി വന്നു. എന്നാൽ ഇടയ്ക്കിടെ സുധിയുടെ കുടുംബം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി. അക്കൂട്ടത്തിൽ ഒടുവിലത്തേത് കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം അവതാരക ലക്ഷ്മി നക്ഷത്ര പെർഫ്യൂം ആക്കി നൽകിയതുമായി ബന്ധപ്പെട്ടാണ്. മുൻപും സുധിയുടെ കുടുംബത്തോടൊപ്പമുള്ള തന്റെ സന്തോഷ നിമിഷങ്ങൾ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പെർഫ്യൂം വിഡിയോ വന്നതിനു പിന്നാലെ കടുത്ത സൈബർ അധിക്ഷേപത്തിനാണ് ലക്ഷ്മി വിധേയയായത്. ‘സോഷ്യൽ മീഡിയ റീച്ചിനും പ്രശസ്തിക്കും വേണ്ടി ലക്ഷ്മി നക്ഷത്ര സുധിയെ മുതലെടുക്കുന്നു’ എന്നാണ് ഒരു കൂട്ടത്തിന്റെ ആരോപണവും പരിഹാസവും. എന്നാൽ, അതു ശരിയല്ലെന്നും ലക്ഷ്മി തങ്ങളെ ഒരുതരത്തിലും മുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സഹായിച്ചിട്ടേയുള്ളൂവെന്നും സുധിയുടെ ഭാര്യ രേണു ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘സുധിച്ചേട്ടൻ ജീവിച്ചിരുന്ന കാലം മുതൽ ഞങ്ങളെ എല്ലാക്കാര്യങ്ങളിലും പിന്തുണയ്ക്കുന്ന, ഒരു സഹോദരിയെപ്പോലെ ഒപ്പം നിൽക്കുന്ന ആളാണ് ചിന്നു ( ലക്ഷ്മി നക്ഷത്ര). സുധിച്ചേട്ടന്റെ മരണ ശേഷവും അതു തുടരുന്നു. എല്ലാ മാസവും കൃത്യമായി ഒരു തുക ഞങ്ങൾക്കു നൽകും. ആവശ്യങ്ങൾ അറിഞ്ഞു ചെയ്തു തരും. അങ്ങനെയൊരാളെക്കുറിച്ച്, ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് യാതൊന്നും അറിയാത്ത ആളുകൾ ഇത്തരം വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു കേൾക്കുമ്പോൾ സങ്കടം വരും. എന്തു ചെയ്യാനാണ്, നമുക്ക് ആരുടെയും വായ മൂടിക്കെട്ടാനൊക്കില്ലല്ലോ. വലിയ പരിഗണന കൊടുക്കാതെ ഒഴിവാക്കാനേ സാധിക്കൂ’’.– രേണു പറയുന്നു.

‘‘ഉപയോഗിച്ച വസ്ത്രത്തിൽ നിന്നു ഒരു മനുഷ്യന്റെ മണം കണ്ടെത്തി അതു പെർഫ്യൂം ആക്കി എടുക്കാമെന്ന് ഒരു യൂ ട്യൂബ് വിഡിയോയിലാണ് ഞാൻ ആദ്യം കണ്ടത്. സുധിച്ചേട്ടൻ ജീവിച്ചിരുന്ന കാലത്താണത്. പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ഇതു വീണ്ടും ഓർത്തു. ഒരു ദിവസം മക്കൾക്ക് സമ്മാനങ്ങളൊക്കെയായി ലക്ഷ്മി വീട്ടിൽ ഒരു സർപ്രൈസ് വിസിറ്റ് നടത്തിയപ്പോൾ ഈ ആഗ്രഹം ഞാൻ പറഞ്ഞു. അപ്പോഴാണ് അങ്ങനെയൊരു സംഗതി ചിന്നു അറിയുന്നത്. എത്ര കഷ്ടപ്പെട്ടായാലും എനിക്കത് ചെയ്തു തരുമെന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്. അതാണ് ഇപ്പോൾ സാധ്യമായത്. ആ സ്നേഹത്തെയും കരുതലിനെയുമാണ് ചിലർ ഇത്ര വലിയ വിവാദമാക്കിയത്. അതോടൊപ്പം ഞാൻ വീണ്ടും വിവാഹിതയാകുന്നുവെന്നും അതിനായുള്ള തയാറെടുപ്പിലാണെന്നുമൊക്കെ ചിലർ‍ കഥകളുണ്ടാക്കി. അതൊക്കെ കള്ളമാണ്. ഞാനിപ്പോഴും സുധിച്ചേട്ടന്റെ ഭാര്യയാണ്. അദ്ദേഹത്തിന്റെ വിധവയാണ് ഞാൻ. രണ്ടു മക്കളെ നന്നായി വളർത്തി ഒരു നിലയിലെത്തിക്കണമെന്നാണ് ലക്ഷ്യം. തൽക്കാലം മറ്റൊരു ആലോചനകളുമില്ല’’. – രേണുവിന്റെ വാക്കുകൾ.

രേണുവിന്റെ മനസ്സിൽ നാളുകളായി സൂക്ഷിച്ചിരുന്ന വലിയൊരു ആഗ്രഹമാണ് ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു. അതിൽനിന്നാണ് ഈ പെർഫ്യൂമിന്റെ പിറവി. ദുബായ് മലയാളിയായ യൂസഫ് ആണ് മണം പെർഫ്യൂമാക്കി മാറ്റി നല്‍കിയത്.

‘‘ഇങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ പലരും പറഞ്ഞ പേരായിരുന്നു യൂസഫ് ഭായിയുടേത്. എന്തിന് ഇത് വിഡിയോ ആക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്‍പിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാൻ കൂടിയായിരുന്നു ഈ വിഡിയോ. മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ വിഡിയോ ഒരു പ്രചോദനം ആകട്ടെ.’’– സുധിയുടെ മണമുള്ള പെർഫ്യൂമിന്റെ വിശേഷങ്ങൾ പങ്കുവച്ച് ലക്ഷ്മി നക്ഷത്ര തന്റെ യൂ ട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞതിങ്ങനെ.