Thursday 02 January 2020 03:30 PM IST

‘അക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ നഷ്ടബോധം തോന്നുന്നുണ്ട്’! തിരിച്ചു വരവിൽ രശ്മി സോമന് പറയാനുള്ളത്

V.G. Nakul

Sub- Editor

r1

മലയാളികൾക്ക് രശ്മി സോമനെ ‘ഇഷ്ടമാണ്’, ഒന്നല്ല ഒരു നൂറുവട്ടം. അതിന് കാലമിത്ര കഴിഞ്ഞിട്ടും യാതൊരു മാറ്റവും വന്നിട്ടില്ല. അതുകൊണ്ടാണല്ലോ, വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിലേക്കു പോയ രശ്മിയോട് ‘എന്നാണ് ഇനി ഒരു മടങ്ങി വരവ്...?’ എന്ന് പ്രേക്ഷകര്‍ നിരന്തരം ചോദിച്ചു കൊണ്ടിരുന്നത്.

ആ ചോദ്യത്തിന് ഇതാ മറുപടി എത്തിയിരിക്കുന്നു, പുതുവർഷത്തിൽ രശ്മി പ്രധാന വേഷത്തിൽ എത്തുന്ന ‘അനുരാഗം’ കുടുംബപ്രേക്ഷകരെ തേടിയെത്തും. മലയാളം സീരിയൽ രംഗത്ത്, നാലര വർഷത്തെ ഇടവേള അവസാനിപ്പിച്ച് രശ്മി സോമന്റെ ‘റീ എൻട്രി’. ജനുവരി 6 മുതൽ, ‘മഴവിൽ മനോരമ’യിലൂടെ പ്രേക്ഷകർ രശ്മിയെ കാണുക ‘അനുരാഗ’ത്തിലെ ഹേമാംബിക എന്ന കഥാപാത്രമായാകും.

കഴിഞ്ഞ നാലര വർഷം എവിടെയായിരുന്നു എന്നു മലയാളികൾ ചോദിച്ചാൽ എന്തു പറയും എന്നു ചോദിച്ചതിന് പൊട്ടിച്ചിരിയോടെ രശ്മി പറഞ്ഞത് ഇങ്ങനെ: ‘‘കഴിഞ്ഞ നാലര വർഷം ഭർത്താവിനൊപ്പം ദുബായിലായിരുന്നു. കുടുംബജീവിതത്തിന്റെ തിരക്കുകൾ. ഇടയ്ക്ക് വീണു കിട്ടുന്ന ഇടവേളകളിൽ യാത്രകൾ. ‘അനുരാഗ’ത്തിന്റെ ഷൂട്ടിന് വേണ്ടിയാണ് ഇപ്പോൾ നാട്ടിൽ വന്നിരിക്കുന്നത്. ഈ ഷെഡ്യൂൾ കഴിഞ്ഞ് വീണ്ടും പോയാൽ, ജനുവരിയിൽ അടുത്ത ഷെഡ്യൂൾ തുടങ്ങുമ്പോഴേ മടങ്ങി വരൂ. തൽക്കാലം വന്നും പോയും നിൽക്കാം എന്നാണ് തീരുമാനം’’.

മടങ്ങി വരവിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് രശ്മി ‘വനിത ഓൺലൈനി’ൽ മനസ്സ് തുറക്കുന്നു.

r3

വഴിമാറ്റിയ പ്രകാശത്തിന്റെ കിരണങ്ങൾ

കുറച്ചു കാലം മുമ്പ് വരെ ഞാൻ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നില്ല. കഴിഞ്ഞ വർഷമാണ് ‘റേയ്സ് വേൾഡ് ഓഫ് കളേഴ്സ്’ എന്ന യൂട്യൂബ് ചാനൽ തുടങ്ങിയത്. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടി. ഒപ്പം അഭിനയ രംഗത്തേക്കുള്ള മടങ്ങി വരവിനെക്കുറിച്ചും എല്ലാവരും ചോദിച്ചു തുടങ്ങി. അതിനിടയിലും ധാരാളം അവസരങ്ങൾ വരുന്നുണ്ടായിരുന്നു. പിന്നെ, ഒരു തവണ അഭിനയിച്ചിട്ടുള്ളവർക്ക്, ആ ഫീൽ‌ഡ് വിട്ട് ഒരുപാട് കാലമൊന്നും പിടിച്ചു നിൽക്കാനാകില്ല. ഇത്രയും അവസരങ്ങൾ വന്നപ്പോൾ എങ്കിൽ ഒന്നു ശ്രമിച്ചു നോക്കൂ എന്ന് ഭർത്താവും പറഞ്ഞു. അങ്ങനെയാണ് തിരിച്ചു വരവ് ഉറപ്പിച്ചത്.

ഇനി കണ്ണീർനായികയല്ല

മുമ്പ് വന്ന പല അവസരങ്ങളും പല കാരണങ്ങളാൽ സ്വീകരിക്കാൻ പറ്റിയില്ല. എല്ലാം കൊണ്ടും ഒത്തു വന്നതോടെയാണ് ‘അനുരാഗം’ ചെയ്യാം എന്നു തീരുമാനിച്ചത്. ഇതിലെ കഥാപാത്രം ഞാൻ ഇത്രകാലം ചെയ്ത പോലെ ഒരു കണ്ണീര്‍ നായികയല്ല. ‘അനുരാഗ’ത്തിലെ ഹേമാംബിക ബോൾഡാണ്. കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. സെന്തിലിന്റെ തിരക്കഥയിൽ രാജാ നാരായണൻ ആണ് സംവിധാനം. ഇ.കെ നായനാർ സാറിന്റെ മകൻ കൃഷ്ണകുമാർ നായനാരാണ് ‘അനുരാഗം’ നിർമിക്കുന്നത്.

r4

മാറ്റം ഫീൽ ചെയ്തില്ല

മടങ്ങി വരവിൽ വലിയ മാറ്റമൊന്നും ഫീൽ ചെയ്തില്ല. ഇത്രകാലം മാറി നിന്നതു കൊണ്ട് ഫസ്റ്റ് ഷോട്ടിന് മുമ്പ് ചെറിയ ടെൻഷനുണ്ടായിരുന്നു. പിന്നെ അതും മാറി. സീരിയലിന്റെ നിർമാണ ഘടനയിലും ടെക്നോളജിയിലുമൊക്കെ വന്ന മാറ്റങ്ങളാണ് പുതുമയായി തോന്നിയത്. പണ്ട് മേക്കപ്പ് കുറച്ച് മതിയായിരുന്നു. ഇപ്പോൾ കുറച്ച് കൂടുതൽ വേണം. ഡ്രസിങ്ങിലും വലിയ വ്യത്യാസം വന്നു. മറ്റെല്ലാം പഴയതു പോലെ തന്നെ.

ഓർമയിൽ തങ്ങുന്ന വേഷങ്ങൾ

ഇതിനകം അറുപതോളം സീരിയലുകളിൽ അഭിനിച്ചു. ഇത്രകാലം ചെയ്തതിൽ വ്യക്തിപരമായി ഇഷ്ടം തോന്നിയ കഥാപാത്രങ്ങളിൽ ഒന്ന് ആദ്യത്തെ സീരിയലായ ‘ഹരി’യിലെതാണ്. അതേ പോലെ, ‘അക്ഷയപാത്രം’, ‘താലി’ തുടങ്ങി അക്കാലത്ത് ചെയ്ത മിക്ക സീരിയലുകളിലെയും കഥാപാത്രങ്ങള്‍ ഗംഭീരമായിരുന്നു. ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ് എല്ലാം.

r6

സിനിമ കൊതിപ്പിച്ചില്ല

ഞാൻ ജനിച്ചത് കുറ്റിപ്പുറത്താണ്. വളർന്നതും പഠിച്ചതും ഗുരുവായൂരിൽ. അച്ഛൻ സോമൻ സൗദിയിലായിരുന്നു. അമ്മ രാജലക്ഷ്മി. ഞാൻ ഒറ്റമോളാണ്. ചെറുപ്പത്തിൽ നൃത്തത്തിലൊക്കെ സജീവമായിരുന്നു. അങ്ങനെയാണ് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ സിനിമയമായ ‘മഗ്‌രിബ്’ ൽ അഭിനയിച്ചത്. പിന്നീട് കുറേ ചിത്രങ്ങളിൽ ബാലനടിയായി. പഠനത്തിൽ കൂടി ശ്രദ്ധിച്ചു കൊണ്ടാണ് എക്കാലവും അഭിനയിച്ചിരുന്നത്. പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് ‘ഇഷ്ടമാണ് നൂറുവട്ട’ത്തിൽ നായികയായത്. പിന്നീട് സിനിമയിൽ നിന്നു ശ്രദ്ധ വിട്ടു എന്നു പറയാൻ പറ്റില്ല. അക്കാലത്ത് സിനിമയെക്കാൾ നല്ല കഥാപാത്രങ്ങൾ കിട്ടിയത് സീരിയലിൽ ആയിരുന്നു. പിന്നെ സീരിയലിൽ അഭിനയിക്കുമ്പോൾ സിനിമയിലേക്കു വിളി വന്നാലും ഡേറ്റിന്റെ പ്രശ്നം വരും. വീട്ടിലും സിനിമയിൽ അഭിനയിക്കുന്നതിനോട് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. ‘ഇഷ്ടമാണ് നൂറു വട്ടം’ കഴിഞ്ഞ് സിനിമയിൽ നിന്ന് നായികയായി ധാരാളം ഓഫറുകൾ വന്നിരുന്നു. അവസാനം അഭിനയിച്ചത് ‘ഡ്രീംസ്’ ൽ ആണ്.

മധുസാറിന്റെ കൈ പിടിച്ച്

പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ, ‘വർണപ്പകിട്ട്’ എന്ന സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാണ് മധുസാറ് വഴി ‘ഹരി’ എന്ന സീരിയലിൽ എത്തിയത്. അദ്ദേഹമാണ് ‘ഹരി’ നിർമിച്ചത്. പിന്നീട് അത് ശ്രീ മൂവീസിന് വിറ്റു. ഹരി ഹിറ്റായതോടെ സീരിയലിൽ ധാരാളം അവസരങ്ങൾ കിട്ടി.

ഞാൻ അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് സോഷ്യൽ മീഡിയ ഒന്നും ഉണ്ടായിരുന്നില്ല. അതിൽ എനിക്ക് വലിയ നഷ്ടബോധം തോന്നുന്നുണ്ട്. എന്റെ പല പ്രധാന സീരിയലുകളുടെയും വിഷ്വലുകൾ യൂ ട്യൂബിൽ ഇല്ല. ചിത്രങ്ങളും കുറവാണ്. അതിലും വലിയ സങ്കടമുണ്ട്. പക്ഷേ, ഇപ്പോൾ ഞാൻ ഇൻസ്റ്റഗ്രാമിലൊക്കെ സെലിബ്രേറ്റ് ചെയ്യുകയാണ് കേട്ടോ.....

r2

ബ്രേക്ക് ആദ്യമല്ല

ഞാൻ മുൻപും അഭിനയത്തിൽ ബ്രേക്ക് എടുത്തിട്ടുണ്ട്. 2010 മുതൽ രണ്ടരക്കൊല്ലത്തോളം എം.ബി.എ പഠിക്കാൻ ഞാൻ അഭിനയത്തിൽ നിന്നു വിട്ടു നിന്നിരുന്നു. ഞാനൊരിക്കലും തിരക്കിട്ട്, ഓടിനടന്ന് അഭിനയിക്കാറൊന്നുമില്ല. പക്ഷേ, അതിനിടയിലും അഞ്ച് ആറ് സീരിയലുകളിലൊക്കെ ഒരു വർഷം അഭിനയിച്ചിട്ടുമുണ്ട്. അപ്പോ എനിക്ക് തന്നെ ബോറടിച്ചു. പിന്നെ, ദുബായിൽ ഞാനും ഭർത്താവ് ഗോപി മേനോനും ജീവിതം അടിപൊളിയായി ആസ്വദിക്കുന്നവരാണ്. അദ്ദേഹം പണ്ട് ‘വഴിയോരക്കാഴ്ചകൾ’ എന്ന ഷോ ചെയ്തിരുന്നു. ട്രിപ്പുകളും ഫാമിലി ലൈഫുമൊക്കെയായി ഞങ്ങൾ ഫുൾ ബിസിയാണ്. അതുകൊണ്ട് യാതൊരു ബോറടിയും തോന്നിയിട്ടില്ല.

ഒരു ബാലചന്ദ്രമേനോൻ സ്റ്റൈൽ

യൂട്യൂബ് ചാനൽ ഒരു സാധ്യത എന്ന നിലയിൽ തുടങ്ങിയതല്ല. എനിക്ക് യൂട്യൂബ് ചാനലുകൾ കാണാൻ ഇഷ്ടമാണ്. ട്രാവൽ വിഡിയോസൊക്കെ കാണുമ്പോൾ എനിക്കും ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്നു ചിന്തിച്ചിരുന്നു. അങ്ങനയാണ് എല്ലാവരും കൂടി സപ്പോർട്ട് ചെയ്തപ്പോൾ തുടങ്ങാം എന്നു തീരുമാനിച്ചത്. ഞാൻ തന്നെയാണ് ഐഡിയ കണ്ടെത്തി, ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, അപ്‌ലോഡ് ചെയ്യുന്നത്. മൊത്തത്തിൽ ഒരു ബാലചന്ദ്രമേനോൻ സ്റ്റൈൽ. ഇപ്പോൾ സീരിയലുകളിൽ കുറേ ഓഫറുകൾ വരുന്നുണ്ട്. ആദ്യം അനുരാഗം വരട്ടെ. എന്നിട്ട് നോക്കാം.