Wednesday 03 April 2019 05:54 PM IST : By സ്വന്തം ലേഖകൻ

‘ഇങ്ങനെ ഒരു സിനിമയില്‍ താങ്കള്‍ അഭിനയിച്ചത് എന്നെ വേദനിപ്പിക്കുന്നു’! വിജയ് സേതുപതിയെ വിമർശിച്ച് ട്രാൻസ്ജെൻഡർ സാമൂഹ്യ പ്രവര്‍ത്തക: വിഡിയോ

revathy-new

വിജയ് സേതുപതിയുടെ ട്രാൻസ്ജെൻഡർ കഥാപാത്രമാണ് സൂപ്പർ ഡീലക്സിന്റെ ഹൈലൈറ്റുകളിലൊന്ന്. ശിൽപ്പ എന്ന കഥാപാത്രമാണ് ചിത്രത്തിൽ വിജയ്ക്ക്. എന്നാൽ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിനും ചില രംഗങ്ങൾക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക രേവതി.

വിജയ് സേതുപതി, ഫഹദ് ഫാസില്‍, സാമന്ത അക്കിനേനി, രമ്യാ കൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തി, ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതതിനിടെയാണ് രേവതിയുടെ പ്രതികരണം.

ചിത്രത്തിൽ, മുംബൈയില്‍ ജീവിക്കുന്ന കാലത്ത് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷയ്ക്കിരുത്തുന്നതില്‍ താനും അറിയാതെ ഭാഗമായിപ്പോയെന്ന് ശില്‍പ്പ കുറ്റസമ്മതം നടത്തുന്ന രംഗമുണ്ട്. ഈ രംഗം ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് രേവതി ആരോപിക്കുന്നു.
‘വിജയ് സേതുപതി സാറിനോട് ഞങ്ങള്‍ വളരെയധികം മര്യാദയയും സ്നേഹവും കാണിച്ചിരുന്നു. താങ്കള്‍ക്കും ഞങ്ങളോട് അങ്ങനെ തന്നെയാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവരുടെ വികാരത്തെ മാനിക്കണം. മുംബൈയില്‍ ഏത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. ഞങ്ങള്‍ ആ തൊഴിലാണ് അവിടെ ചെയ്യുന്നതെന്ന് ആര് താങ്കള്‍ക്ക് പറഞ്ഞു തന്നു’.– രേവതി ചോദിക്കുന്നു.

സിനിമയിൽ, ട്രാന്‍സ്ജെന്‍ഡറായതിന് ശേഷം സാരി ധരിച്ച് ആദ്യമായി വിജയ് സേതുപതി വീട്ടിലേക്കു ചെല്ലുന്ന രംഗമുണ്ട്. അങ്ങനെ ഒരു ട്രാന്‍സ്ജെന്‍ഡറും ചെയ്യില്ലെന്നാണ് രേവതി പറയുന്നത്. ‘പതിമൂന്നാമത്തെ വയസ്സില്‍ എന്നിലുള്ള സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍. ഞാന്‍ സ്ത്രീയായി മാറിയത് അത്രയും യാതനകള്‍ അനുഭവിച്ചതിന് ശേഷമാണ്. ഇങ്ങനെ ഒരു സിനിമയില്‍ താങ്കള്‍ അഭിനയിച്ചത് എന്നെ വേദനിപ്പിക്കുന്നു’.- രേവതി പറയുന്നു.