Saturday 27 July 2019 02:08 PM IST

റിജിൻ വിരൽഞൊടിച്ചാൽ കാറ്റും മഴയും വരും! രാജമൗലി വരെ തേടിയെത്തിയ മലയാളിയുടെ കഥ

V.G. Nakul

Sub- Editor

r5

സ്ക്രീനിൽ പെയ്യുന്ന പെരുമഴയും വീശിയടിക്കുന്ന കൊടുങ്കാറ്റുമൊക്കെ കണ്ട്, ‘ഇതെവിടുന്നു വരുന്നു’ എന്നു ചിന്തിച്ചു തലപുകച്ച കുട്ടിക്കാലത്തിന്റെ ഓർമ ഓരോ പ്രേക്ഷകന്റെയും മനസ്സിലുണ്ട്. കാലം പോകെ, ഇതൊക്കെ ചില ‘ടെക്നിക്കുകള്‍’ ആണെന്നും കൃത്രിമ നിർമിതികളാണെന്നും മനസ്സിലായിട്ടും ഇപ്പോഴും സിനിമയിലെ കാറ്റും മഴയുമൊക്കെ കാണുമ്പോൾ നിഷ്കളങ്കമായ കൗതുകത്തിന്റെ തുരുത്തുകളിലേക്ക് മനസ്സിനെ തുഴഞ്ഞെത്തിക്കാറുണ്ട് ഓരോ കാണിയും.

റിജിൻ ടി രാജും ആ കൗതുകങ്ങളും അത്ഭുതങ്ങളും കലങ്ങിമറിഞ്ഞ മനസ്സുമായി സിനിമയിലെ മഴയും കാറ്റുമൊക്കെ കണ്ടു രസിച്ച കുട്ടിയായിരുന്നു.

ഒരിക്കൽ, നായികയും നായികയും പ്രണയത്തോടെ പാട്ടുപാടുമ്പോഴും ധീരനായ നായകന്റെ മാസ് എൻട്രിയിലും സങ്കടപ്പാട്ടിനൊപ്പവും മരണരംഗങ്ങളിലും തകർപ്പൻ സ്റ്റണ്ടിന്റെ ആവേശത്തിനിടയിലും യക്ഷിയും പ്രേതവുമൊക്കെ ഭയപ്പെടുത്താൻ വരുമ്പോഴും മഴയും കാറ്റുമൊക്കെ സിനിമയിൽ നിറഞ്ഞാടുക തന്റെ ബുദ്ധിയില്‍ വിരിഞ്ഞ ടെക്നിക്കുകളിലൂടെയാകുമെന്ന് അന്നൊന്നും റിജിൻ കരുതിയിട്ടേയില്ല. ഇപ്പോൾ മലയാള സിനിമയില്‍ മഴ പെയ്യിക്കുന്നതും കാറ്റടിപ്പിക്കുന്നതുമൊക്കെ ഈ ബിടെക്കുകാരനും സംഘവുമാണ്.

r4

‘‘സിനിമയില്‍ മഴ പെയ്യിച്ചാണ് തുടക്കം. വീട്ടിൽ വാട്ടർ സപ്ലേയുടെ പരിപാടിയുണ്ട്. എറണാകുളം സിറ്റിയില്‍ പലയിടത്തും ഞങ്ങൾ വെള്ളം എത്തിക്കുന്നുണ്ട്. സിനിമയിലേക്കും മഴ സീനിനും മറ്റും വേണ്ട വെള്ളം സപ്ലേ ചെയ്തിരുന്നത് ഞങ്ങളാണ്. അങ്ങനെയാണ് ചിലവു ചുരുക്കി ഒരു റെയ്ൻ ടെക്നിക് എന്ന ആശയം എനിക്കു തോന്നുന്നത്. ബിടെക്കിന് പ്രൊജക്ടായി അതു ചെയ്തു. സംഗതി വിജയമായതോടെ സിനിമയിലും പരീക്ഷിച്ചു. ആദ്യം കിട്ടിയ സിനിമ ‘സ്മാർട് സിറ്റി’യാണ്. അതിനു ശേഷമാണ് റെയിൻ യൂണിറ്റുണ്ടാക്കിയതും ‘ജൂലൈ 4’ എന്ന ചിത്രത്തിലൂടെ സജീവമായതും. എന്റെ ഐഡിയ വർക്കൗട്ട് ചെയ്തു തന്നത് എറണാകുളത്തെ ഫാൽക്കൺ വർക്ക്ഷോപ്പിലെ മനോജാണ്’’.– റിജിൻ പറഞ്ഞു തുടങ്ങി.

മഴ പെയ്യിച്ച് തുടക്കം

2007 ൽ ആണ് തുടക്കം. പിന്നീട് റെയിൻ യൂണിറ്റിനൊപ്പം കാറ്റ്, വെള്ളം കൊണ്ടുള്ള സ്പെഷ്യൽ ഇഫക്ടുകൾ ഒക്കെ ചെയ്തു തുടങ്ങി. ഇപ്പോൾ 600 സിനിമ ചെയ്തു. ‘തേലക്കാട്ട് മൂവി റെയിൻ ഇഫക്ട്’ എന്ന പേരിലായിരുന്നു ആദ്യം ടീം. ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ‘zeffectz’ എന്ന പേരിൽ മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്തു.

r1

വഴി കാട്ടിയ യക്ഷി

‘യക്ഷിയും ഞാനും’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ വിനയൻ സാറിനു വേണ്ടിയാണ് ആദ്യം ഒരു പ്രൊപ്പല്ലര്‍ തട്ടിക്കൂട്ടിയത്. അതുപയോഗിക്കാൻ വലിയ പാടായിരുന്നു. അങ്ങനെയാണ് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന, കൂടുതൽ പവർ കിട്ടുന്ന ഒരു പ്രൊപ്പെല്ലർ എന്ന ആശയത്തിലേക്കു വരുന്നതും ചെയ്തെടുത്തതും. ഐഡിയ എന്റെതായിരുന്നു. മോഹൻ ആശാനാണ് സംഭവം ചെയ്തെടുത്തത്. അദ്ദേഹം കേരളത്തിൽ ആദ്യമായി ടിപ്പർലോറിയുടെ ബോഡി ഡിസൈൻ ചെയ്ത ആളാണ്. മോഹനൻ വാളകം, എൽദോ തോമസ് ഓട്ടോമേഷൻ, സായ് ഓട്ടോമൊബൈൽസ്, സന്തോഷ് ദീപക്, മുനീർ സി.വൈ, സുബിന്‍ തമ്പി, രതീഷ് രാജ്, റിയാസ് സി.എം.എസ്, സലാം പൂക്കട, പ്രവീൺ കുമാർ, ഗീരീഷ് എറിക് മോട്ടോഴ്സ്, വർഗീസ് കേരള ഓട്ടോമൊബൈൽസ്, ശ്യാം പുത്തൻകുരിശ്, പ്രഭാകരൻ കളമ്പൂർ, ബിജീഷ് സൗപർണിക സിദ്ധിവിനായക, മനു ടിവി, രതീഷ്, ദീപക്, മുനീർ ആർ, ശ്യാം, രാജീവ് എൻ.സി വൈക്കം എന്നിവരായിരുന്നു ഞങ്ങളുടെ ടീം. ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു വർഷം കൊണ്ടാണ് പ്രൊപ്പെല്ലർ ഉണ്ടാക്കിയത്. എല്ലാത്തിനും പിന്തുണയുമായി എന്റെ ഭാര്യ രവീണ റിജിൻ ഒപ്പമുണ്ടായിരുന്നു.

r2

ഇനി രാജമൗലിക്കു വേണ്ടി

150 മീറ്ററിനുള്ളിൽ വലിയ കാറ്റ് കിട്ടുന്ന, നാലു തരം ലീഫുകൾ ഉപയോഗിക്കാവുന്ന ഈ പ്രൊപ്പെല്ലറിന് ഒരു വലിയ ബസിനേക്കാൾ വലുപ്പമുണ്ട്. ഒരു മൈതാനം മുഴുവൻ കാറ്റ് കിട്ടാൻ ഇതു മതി. പവർ കൂടിയ ലോറിയുടെ എൻജിൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയിൽ ഇത്രയും വലിയ, കരുത്തുള്ള പ്രൊപ്പെല്ലർ വേറെയില്ല. രാജ മൗലിയുടെ പുതിയ ചിത്രത്തിനു വേണ്ടിയും വിജയ് നായകനാകുന്ന പുതിയ തമിഴ്പടത്തിനു വേണ്ടിയുമൊക്കെ ഇപ്പോഴേ ബുക്കിങ്ങാണ്.

ഉപയോഗിക്കാൻ വളരെ അനായാസമാണെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. റിമോട്ട് ഉപയോഗിച്ചാണ് നിയന്ത്രിക്കുക എന്നത് പ്രവർത്തനം കൂടുതൽ അനായാസമാക്കുന്നു.

അനുമോളാണ് പ്രൊപ്പല്ലർ ഉൽഘാടനം ചെയ്തത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അനു ചടങ്ങിനെത്തിയത്. നിങ്ങളും ഞാനുമൊക്കെ ഒരേ രംഗത്തു പ്രവർത്തിക്കുന്നവരാണ്, നിങ്ങൾ പിന്തുണച്ചാലേ ഞങ്ങൾ ഉണ്ടാകൂ. അതുകൊണ്ട് എനിക്ക് ഒരു രൂപ പോലും പ്രതിഫലം വേണ്ട എന്നാണ് അനു പറഞ്ഞത്.