Monday 21 October 2019 04:17 PM IST

‘സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനം അന്നെടുത്തു’! ആകാശഗംഗയിലെ നായകൻ റിയാസിന് സംഭവിച്ചതെന്ത്?

V.G. Nakul

Sub- Editor

riyas-new-new

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നില്‍ നായകനായി തുടക്കം. ആദ്യ ചിത്രത്തിലൂടെ വൻ ജനപ്രീതി സ്വന്തമാക്കിയ യുവതാരം... ആരും കൊതിക്കുന്ന ഈ നേട്ടങ്ങളുടെ പ്രഭാവത്തിൽ നിന്നാണ് 19 വർഷം നീണ്ട വലിയ ഇടവേളയിലേക്ക് റിയാസ് മറഞ്ഞത്... എന്തായിരുന്നു കാരണം ?

റിയാസ് എന്ന പേര് മലയാളി പ്രേക്ഷകർക്ക് കൂടുതൽ പരിചിതമാകുക ‘ആകാശഗംഗ’യിലെ ഉണ്ണി എന്നു പറയുമ്പോഴാകും. വിനയൻ സംവിധാനം ചെയ്ത്, 20 വർഷം മുമ്പ് പ്രദർശനത്തിനെത്തിയ ഈ ഹൊറർ–കോമഡി ചിത്രം മലയാളത്തിലെ വൻ ഹിറ്റുകളിൽ ഒന്നായപ്പോള്‍, ചിത്രത്തിൽ നായകനായ നവാഗതനടൻ റിയാസിന് ലഭിച്ചത് സ്വപ്നസമാനമായ തുടക്കം. പക്ഷേ, പിന്നീട് സിനിമയിൽ റിയാസിന്റെ ഓരോ നീക്കവും പിഴച്ചു. ആ പരാജയങ്ങളാണ് നീണ്ട 19 വർഷം അദ്ദേഹത്തെ കാണാമറയത്തു നിർത്തിയത്. ഇപ്പോഴിതാ, ആ ഇടവേള അവസാനിപ്പിച്ച് ‘ആകാശഗംഗ – 2’ വിലൂടെ റിയാസ് തിരിച്ചു വരുന്നു.

r1

‘എവിടെയായിരുന്നു ഇത്ര നാൾ ?’ എന്ന ചോദ്യത്തിന് ഉത്തരം നൽകി, തന്റെ സിനിമ–വ്യക്തി ജീവിതത്തെക്കുറിച്ച്, മലയാളത്തിന്റെ പ്രിയഗായിക ശബ്നത്തിന്റെ ജീവിത പങ്കാളി കൂടിയായ റിയാസ് ‘വനിത ഓൺലൈനി’ലൂടെ മനസ്സ് തുറക്കുന്നു.

‘‘ആകാശഗംഗയ്ക്ക് ശേഷം ഒന്നു രണ്ടു വർഷം കൂടിയെ ഞാൻ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഞാൻ തിരഞ്ഞെടുത്ത സിനിമകളുടെ പരാജയം വലിയ ദോഷമായി. അന്നൊന്നും സെൽഫ് മാർക്കറ്റിങ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. സിനിമയിൽ സ്ട്രെയിറ്റ് എൻട്രിയായിരുന്നു. അത്ര നല്ല ഒരു തുടക്കം കിട്ടിയപ്പോൾ സിനിമയെ കുറച്ചു ലാഘവത്തോടെ കണ്ടത് പോരായ്മയായി. ആദ്യം പറഞ്ഞ പോല, ബന്ധങ്ങളും സൗഹൃദവും കാരണം പിന്നീടു തിരഞ്ഞെടുത്ത സിനിമകളുടെ പരാജയം കൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയി. അതിൽ നിന്നു തിരിച്ചു വരാൻ ഗൗരവമുള്ള ഒരു ശ്രമം എന്റെ ഭാഗത്തു നിന്നുണ്ടായതുമില്ല. അപ്പോഴേക്കും വിവാഹം കഴിഞ്ഞു. ബിസിനസ്സ് തുടങ്ങി. അതോടെ പൂർണമായും സിനിമയില്‍ നിന്നകന്നു’’.– റിയാസ് പറഞ്ഞു തുടങ്ങി.

r4

സിനിമയിലേക്ക് വന്ന വഴി

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു പഠിച്ചിറങ്ങിയപ്പോൾ, നടൻ സ്ഫടികം ജോർജേട്ടൻ വഴിയാണ് വിനയേട്ടനെ പരിചയപ്പെടുന്നത്. അപ്പോൾ അദ്ദേഹം ‘ആകാശഗംഗ’യ്ക്ക് ഒരു നായകനെ തേടുകയായിരുന്നു. എന്നെ കണ്ടപ്പോൾ ഇഷ്ടമായി. ഓകെ പറഞ്ഞു. ‘ആകാശഗംഗ’ വലിയ ഹിറ്റായി. ആ വിജയം സമ്മാനിച്ച താരപ്രഭ കൈകാര്യം ചെയ്യാന്‍ എനിക്കു സാധിച്ചില്ല. സിനിമകൾ എങ്ങനെ തിരഞ്ഞെടുക്കണം ഏതു തരം കഥാപാത്രങ്ങൾ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളിലൊന്നും പ്രോപ്പർ ആയ ഒരു ഗൈഡൻസ് കിട്ടിയില്ല. ‘ആകാശഗംഗ’യ്ക്ക് ശേഷം ‘സംഭവാമി യുഗേ യുഗേ’ എന്ന ചിത്രത്തിൽ നായകനായും മറ്റു ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചെങ്കിലും നല്ല കഥാപാത്രങ്ങളോ കാര്യമായ വിജയങ്ങളോ ലഭിച്ചില്ല. അതോടെ ഞാന്‍ പതിയെപ്പതിയെ സിനിമയിൽ നിന്ന് അകന്നു തുടങ്ങി, ബിസിനസ്സിലും കുടുംബജീവിതത്തിലും ശ്രദ്ധേ കേന്ദ്രീകരിച്ചു.

കരുത്തായ കുടുംബം

കൊല്ലം ജില്ലയിലെ പത്തനാപുരം ആണ് എന്റെ നാട്. ഉപ്പ സെയ്ദ് ഹസനും ഉമ്മ നസീം ബീവിയും കൃഷി വകുപ്പിൽ ഉദ്യോഗസ്ഥരായിരുന്നു. രണ്ടു പേരും ഇപ്പോൾ ഇല്ല. ഒരു അനിയത്തിയാണ് എനിക്ക്, മുംതാസ്. അവൾ വില്ലേജ് ഓഫിസറാണ്.

വീട്ടിൽ എല്ലാവരും വലിയ പിന്തുണയായിരുന്നു. ഉപ്പ നാടകത്തിൽ ഒക്കെ സജീവമായിരുന്നതിലാണ് എന്നെ സ്കൂൾ ഓഫ് ഡ്രാമയിൽ പോയി പഠിക്കാൻ സമ്മതിച്ചത്. വീട്ടിൽ നിന്നു വലിയ സ്വാതന്ത്ര്യവും കരിയറും ജീവിതവും തിരഞ്ഞെടുക്കാൻ പൂർണ അനുവാദവും തന്നിരുന്നു.

r2

വഴിമാറ്റം

25 വയസ്സൊക്കെ ആയപ്പോഴേക്കും സിനിമ കുറഞ്ഞു. വീണ്ടും കുറച്ചു കാലം കൂടി കാത്തു. 30–ാം വയസ്സിലായിരുന്നു വിവാഹം, 2005 ൽ. ഷബ്നത്തെ കണ്ട്, ഇഷ്ടപ്പെട്ട്, അവരുടെ വീട്ടിൽ പോയി സംസാരിക്കുകയായിരുന്നു. വിവാഹം കഴിക്കുമ്പോൾ സിനിമ ഇല്ലെങ്കിലും ഫാമിലി സപ്പോർട്ട് ഉണ്ടായിരുന്നു. വിവാഹം കഴിക്കുന്ന ആൾ കലാരംഗത്തു പ്രവർത്തിക്കുന്നതിനാൽ അതിനോടുള്ള പാഷൻ മനസ്സിലാകുമല്ലോ. എന്നാൽ കുടുംബ ജീവിതം തുടങ്ങുമ്പോൾ വരുമാനം പ്രധാനമാണ്. അങ്ങനെയാണ് സിനിമ വിട്ട് ബിസിനസ് തുടങ്ങിയത്. കൊല്ലത്ത് ഒരു ഇന്റർനാഷനൽ ബ്രാൻഡിന്റെ ഏജൻസി തുടങ്ങി. അത് വിജയമായതോടെ ബിസിനസ്സിൽ മാത്രമായി ശ്രദ്ധ. സിനിമ പതിയെപ്പതിയെ മനസ്സിൽ നിന്നു മറഞ്ഞു. പിന്നീട് ഷബ്നത്തിന്റെ പഠനത്തിന്റെയും മറ്റും ഭാഗമായി ഞങ്ങൾ തിരുവനന്തപുരത്ത് താമസമാക്കി. ഇപ്പോൾ സുഹൃത്തുമായി ചേർന്ന് ദുബായില്‍ ‘സ്റ്റോൺ’ എന്ന പേരിൽ ഒരു പരസ്യകമ്പനിയും ഉണ്ട്.

r3

മടങ്ങിവരവ്

സിനിമയിൽ നിന്നു വിട്ടു നിന്ന കാലത്ത് സീരിയലിൽ നിന്നു ധാരാളം അവസരങ്ങൾ വന്നു. പക്ഷേ, എല്ലാം വേണ്ട എന്നു വയ്ക്കുകയായിരുന്നു. ബിസിനസ്സിൽ ശ്രദ്ധിക്കുന്നതിനാൽ സീരിയൽ അഭിനയം ഒപ്പം കൊണ്ടു പോകുക പ്രയാസമാണ്. അതിനിടെ ബാലഭാസ്കറിന്റെ ഒരു മ്യൂസിക്കൽ ആൽബം മാത്രമാണ് ചെയ്തത്. സിനിമയിൽ ഞാൻ ഒരു റീ–എൻട്രി പ്രതീക്ഷിച്ചില്ല. ഇനി അഭിനയമേ വേണ്ട എന്ന തീരുമാനത്തിലായിരുന്നു. അതുകൊണ്ടു തന്നെ ഇത്ര കാലത്തിനിടെ ആരോടും അവസരം ചോദിച്ചുമില്ല. അങ്ങനെയിരിക്കെയാണ് വിനയൻ സാർ ‘ആകാശഗംഗ– 2’വിലേക്ക് വിളിച്ചത്. അത് സർപ്രൈസ് ആയി. എനിക്ക് ഒരു മേൽവിലാസം തന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാൻ ലഭിച്ച അവസരം ഒഴിവാക്കാൻ തോന്നിയില്ല. അങ്ങനെ ‘ആകാശഗംഗ – 2’ വിലൂടെ വീണ്ടും തിരിച്ചു വരുന്നു. ഒരുപാട് സന്തോഷം.

കുടുംബമാണ് എന്റെ കരുത്ത്. ഷബ്നം നൽകുന്ന പിന്തുണ വളരെ വലുതാണ്. ഞങ്ങളുടെ മൂത്ത മകൾ നുമ എട്ടാം ക്ലാസിൽ പഠിക്കുന്നു. മകൻ അർമാൻ മൂന്നിലും.