Friday 15 January 2021 09:52 AM IST : By സ്വന്തം ലേഖകൻ

‘മണിച്ചേട്ടന്റെ വീടിനു മുമ്പിൽ നിന്ന് അദൃശ്യനായ ഒരാൾ നോക്കുന്നു’! പലരുടെയും അവതരണം അസഹ്യം: ആർ.എൽ.വി. രാമകൃഷ്ണൻ

mani

കലാഭവൻ മണിയെക്കുറിച്ചുള്ള യൂ ട്യൂബ് ചാനലുകാരുടെ അസത്യമായ അവതരണങ്ങൾ അസഹ്യമായി തുടങ്ങിയിരിക്കുന്നുവെന്നും മണിച്ചേട്ടന്റെ വീട് കാണാൻ വന്നതാണ് എന്ന വ്യാജേന ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് അനാവശ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ സഹോദരനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണൻ.

ഒരുപാട് ആളുകൾ മണിച്ചേട്ടന്റെ വീടും നാടും തേടി ചാലക്കുടിയിൽ എത്തുന്നുണ്ട്. എന്നാൽ സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞല്ല പലരും ഇവിടെ വ്ലോഗ് അവതരിപ്പിക്കുന്നതെന്ന് പല അനുഭവങ്ങൾ വിശദീകരിച്ച് രാമകൃഷ്ണൻ വ്യക്തമാക്കുന്നു. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞിരുന്നു. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് ആദ്യം നിങ്ങൾ മനസിലാക്കുക. മണിച്ചേട്ടൻ, ഞങ്ങളുടെ മൂത്തസഹോദരൻ വേലായുധൻ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണ്.

ഇവിടെ ഒരു കാരവാൻ കിടപ്പുണ്ട്. അത് തമിഴ്നാട് റജിസ്ട്രേഷന്‍ ആണ്. പ്രളയത്തിൽ മുങ്ങിപ്പോയതിനാൽ അത് ഉപയോഗശൂന്യമായി. ആ വണ്ടിക്കുള്ളിൽ നുഴഞ്ഞ് കയറി, ഇവിടെ എല്ലാം നശിച്ചുപോയി, തകർന്നുപോയി എന്നൊക്കെ പറഞ്ഞ് ഞങ്ങളെ മാനസികമായി വിഷമിപ്പിക്കുന്ന ചില വിഡിയോകൾ കണ്ടു.

മണിച്ചേട്ടന്റെ വീടിനു മുമ്പിൽ നിന്ന് അദൃശ്യനായ ഒരാൾ നോക്കുന്നു എന്നു പറഞ്ഞൊരു വിഡിയോ കണ്ടു. ആ വീടിന്റെ തൊട്ടടുത്തുള്ള വീടിന് മുകളിൽ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടിൽ ആരൊക്കെയോ ഉണ്ടെന്ന തരത്തിൽ കുപ്രചരണം നടത്തുകയാണ്.

മണിച്ചേട്ടൻ ഇന്നേവരെ ആരുടെ അടുത്തു നിന്നും നാടൻ പാട്ടുകൾ പഠിച്ചിട്ടില്ലെന്നും വിഡിയോ ചൂടപ്പം പോലെ വിറ്റഴിക്കാൻ അസത്യം വിളമ്പുകയാണ് ഇവരെന്നും ഇതിനെതിരെ പ്രതികരിച്ചാൽ അവർ ഞങ്ങൾക്കെതിരെയാകുമെന്നും ഞങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും രാമകൃഷ്മന്‍ പറയുന്നു.