Monday 10 September 2018 10:56 AM IST : By സ്വന്തം ലേഖകൻ

‘ഈ ചിത്രം കാണാനുള്ള ചങ്കുറപ്പ് എനിക്കില്ല’; മണിയുടെ ഓർമ്മകളില്‍ വിതുമ്പി സഹോദരൻ

mani

കാലത്തിനു മായ്ക്കാനാകാത്ത മണിയുടെ ഓർമ്മകൾ പങ്കുവയ്ക്കാനെത്തുകയാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രം.കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കലാഭവൻ മണിയുടെ ജീവിതം സിനിമയാക്കുന്നത് സംവിധായകൻ വിനയനാണ്. മണിയുടെ ഒരിക്കലും മറക്കാത്ത ഓർമ്മകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ചിത്രത്തിൽ നിന്നു അണിയറ പ്രവർത്തകർ പുറത്തു വിട്ടൊരു ഗാനം. പ്രേക്ഷക ലക്ഷങ്ങളുടെ ചുണ്ടുകളിലും ഹൃദയങ്ങളിലും തത്തിക്കളിക്കുന്ന `ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ` എന്ന ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവച്ചത്.

ഈ പാട്ട് സിനിമയിൽ പാടാനുള്ള നിയോഗം മണിയുടെ സഹോദരനും നടനുമൊക്കെയായ ആർ എൽ വി രാമകൃഷ്ണനായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി പാട്ട് പാടിയതും ചിത്രീകരണത്തിൽ പങ്കാളിയായതുമൊക്കെ ഉൾപ്പെടുന്ന ഒരു കണ്ണീർക്കുറിപ്പ് പങ്കുവയ്ക്കുകയാണ് രാമകൃഷ്ണൻ. ലൊക്കേഷനിൽ വിനയനും മണിയായി വേഷമിടുന്ന  രാജാമണിക്കുമൊപ്പമുള്ള ചിത്രവും ഒപ്പമുണ്ട്. സിനിമയുടെ ലൊക്കേഷനിൽ എത്തിയപ്പോൾ എടുത്ത ഫോട്ടോ വിനയൻ സർ ഇന്ന് അയച്ചു തന്നതാണ് എന്ന് തുടങ്ങുന്ന കുറിപ്പാണ് രാമകൃഷ്ണന്റേത്.

ആർ എൽ വി രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം;

ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ലൊക്കേഷനിൽ ചെന്നപ്പോൾ എടുത്ത ഫോട്ടോ വിനയൻ സാർ ഇന്ന് വാട്സ പ്പിൽ അയച്ചു തന്നു. പലരും എന്നോടു ചോദിച്ചിരുന്നു വിനയൻ സാർ പടത്തിലേക്ക് വിളിച്ചില്ലെ എന്ന്.ഈ ചിത്രത്തിൽ എന്റെ വേഷം ചെയ്യാൻ വിനയൻ സാർ എന്നെ ക്ഷണിച്ചിരുന്നു.പക്ഷെ ഞങ്ങൾ ജീവിച്ച ജീവിതത്തിൽ ഇനി അഭിനയിക്കാൻ വയ്യ എന്ന് പറഞ്ഞ് ഞാനൊഴിയുകയായിരുന്നു.

മണി ചേട്ടൻ പാടിയ ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ എന്ന പാട്ട് പഴയ റെക്കോഡിങ്ങ് ആയതിനാൽ അതിന്റെ പുതിയ റീമിക്സിങിൽ പാടാൻ ക്ഷണിച്ചു .വളരെ പേടിയുണ്ടായിരുന്നു ഈ ഉദ്യമം ഏറ്റെടുക്കാൻ .വിനയൻ സാറും മാരുതി കാസറ്റ്സ് സതീഷേട്ടനും വളരെ ധൈര്യം തന്നു. തൃശൂരിലായിരുന്നു റെക്കോഡിങ്ങ്. 4വരി പാടി ആദ്യം അയച്ചുകൊടുത്തു. കുറച്ചു കഴിഞ്ഞ് സാർ വിളിച്ചു പറഞ്ഞു ധൈര്യമായിട്ട് മുഴുവനും പാടിയിട്ട് പോയാ മതിയെന്ന്.

മണി ചേട്ടനോളം ഞാൻ എത്തില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. എങ്കിലും വിനയൻ സാർ എന്നെ വിട്ടില്ല. എന്റെ സഹോദരന്റെ ഗുരു അങ്ങനെ എനിക്കും ഗുരുവായി അതും ഞാനൊട്ടും പ്രതീക്ഷിക്കാത്ത മേഖലയിൽ... വിനയൻ സാർ കുട്ടി..... എന്ന് വിളിക്കുമ്പോൾ നമ്മുടെ എല്ലാ വിഷമവും പോകും. ചേട്ടന്റെ വിയോഗശേഷം ഒരു കുടുംബാഗം എന്ന പോലെ സാർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. ‍‍

ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഡബ്ബിങ്ങ് സമയത്ത് സാർ വിളിച്ചു കുട്ടി.... നീയൊന്ന് എറണാകുളത്തേക്ക് വരണം. ഞാൻ കാര്യം അറിയാതെ എറണാകുളത്തേക്ക് ചെന്നു. അവിടെ ചെന്ന് ഒരു സീൻ കാണിച്ചു തന്നിട്ട് പറഞ്ഞു ചേട്ടൻ പാടിയ "മേലേ പടിഞ്ഞാറു സൂര്യൻ " എന്ന പാട്ടിന്റെ ഒരു വരി പാടണമെന്ന് .ആ സീൻ കണ്ടപ്പോൾ എന്റെ ചങ്ക് തകർന്ന് പോയി. പാടി മുഴുപ്പിക്കാതെ, തൊണ്ടയിടറി റെക്കോഡിങ് സ്യൂട്ടിൽ നിന്ന് പുറത്ത് വന്ന് പൊട്ടി കരഞ്ഞു.വിനയൻ സാർ വന്ന് കെട്ടി പിടിച്ച് സമാധാനിപ്പിച്ചു.

മണി ചേട്ടന് കൊടുക്കുന്ന ഒരു ആദരമാണ് ഈ സിനിമ. "എനിക്ക് അവന് കൊടുക്കാൻ പറ്റുന്ന വലിയ ഒരു ആദരം"സാർ വികാരത്തോടെ പറഞ്ഞു.ഒരു പക്ഷെ ചരിത്രത്തിലാദ്യമായിരിക്കും ഒരു ഗുരു ശിഷ്യനെ ആദരിക്കുന്നത്. എന്റെ ചേട്ടന് ജീവസുറ്റ കഥാപാത്രങ്ങൾ നൽകി കലാഭവൻ മണിയെ ഇന്ത്യയിലെ കഴിവുറ്റ നടന്മാർക്കൊപ്പം എത്തിച്ച പ്രിയ ഗുരു, സംവിധായകൻ, അതിലുമപ്പുറം ഇപ്പോൾ ഞങ്ങൾക്ക് കൂടപിറപ്പിന്റെ സ്നേഹം കൂടി തരുന്ന മനുഷ്യ സ്നേഹി എന്തു പറഞ്ഞാലും മതിവരില്ല. ഈ ചിത്രം തിയറ്ററിൽ വരുമ്പോൾ ഞങ്ങൾക്ക് അതു കാണാനുള്ള ചങ്കുറപ്പില്ല .. എങ്കിലും ഒരു ഗുരു ശിഷ്യന് നൽകുന്ന ആദരവ് ചരിത്രത്തിന്റെ ഭാഗമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

രാമകൃഷ്ണന്റെ ഈ പോസ്റ്റിന് താഴെ സ്നേഹത്തിൽ ചാലിച്ച നിരവധി കമന്റുകളാണ് ലഭിക്കുന്നത്. മലയാളികൾ ഉള്ളിടത്തോളം കാലം കലാഭവൻ മണിയുടെ ഓർമകൾക്ക് മരണമില്ല എന്നാണ് പലരും കുറിക്കുന്നത്.

ആര്‍എല്‍വി രാമകൃഷ്ണന്‍റെ കുറിപ്പ് തന്‍റെ കണ്ണുനിറച്ചെന്ന് വിനയനും ഫെയ്സ്ബുക്കില്‍ കുറിച്ചു.