Friday 15 March 2019 05:02 PM IST : By സ്വന്തം ലേഖകൻ

രാംചരണും ജൂനിയർ എൻ.ടി.ആറും അജയ് ദേവ്ഗണും, നായികയായി ആലിയ! 400 കോടി മുടക്കി, മോട്ടോർ സൈക്കിൾ ഡയറീസിന്റെ പശ്ചാത്തലത്തിൽ രാജമൗലിയുടെ ചരിത്ര സിനിമ

rrr

ഇന്ത്യൻ സിനിമയുടെ കാഴ്ചാശീലങ്ങളെ മറ്റൊരു തലത്തിലേക്കു കൈപിടിച്ചു കയറ്റിയ വിജയമായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ. ഒരു തെലുങ്ക് ചിത്രത്തിനു നേടാവുന്നതിലുമപ്പുറം സ്വീകാര്യതയാണ് ബാഹുബലി സ്വന്തമാക്കിയത്. ബാഹുബലി രണ്ട് തിയേറ്ററുകളിലെത്തി രണ്ടു വർഷം പിന്നിടുമ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ബാഹുബലിയുടെ സംവിധായകൻ എസ്.എസ് രാജമൗലി. ആർ.ആർ.ആർ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും രാം ചരൺ തേജയുമാണ് നായക വേഷത്തിൽ.

ഇപ്പോൾ പുറത്തു വരുന്ന പുതിയ വാർത്തകള്‍ പ്രകാരം ബോളിവുഡ് താരം ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം അജയ് ദേവ്ഗണും മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

രാം ചരണിന്റെ നായികയായാണ് ആലിയ ചിത്രത്തിലെത്തുകയെന്നാണ് സൂചന. എന്നാൽ അജയ് ദേവഗണിന്റെ വേഷത്തെക്കുറിച്ച് സ്ഥിരീകരണം വന്നിട്ടില്ല. മോട്ടോർ സൈക്കിൾ ഡയറീസിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ചിത്രം 1920കളുടെ പശ്ചാത്തലത്തിൽ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് പറയുന്നത്.

തമിഴ് സംവിധായകനും നടനുമായ സമുദ്രക്കനി, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജർ ജോൺസ് എന്നിവരും ചിത്രത്തിലുണ്ട്. ഡിവിവിയുടെ ബാനറിൽ ഡി.വി.വി ധനയ്യ ആണ് ചിത്രം നിർമ്മിക്കുന്നത്. എം എം കീരവാണി സംഗീതം പകരുന്ന ആർആർആർ 2020 ജൂലൈ ആവസാനം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.