Friday 23 October 2020 06:04 PM IST : By സ്വന്തം ലേഖകൻ

ഭീമായി എൻടിആറിന്റെ ഫസ്റ്റ് ലുക്കെത്തി ; 450 കോടി മുതൽ മുടക്കിൽ ‘ആർആർആർ’

ntr

ഇന്ത്യയിലെ ഏറ്റവും വിലയേറിയ സംവിധായകരിലൊരാളായ രാജമൗലിയുടെ ‘ആർആർആർ’ എന്ന ബിഗ് ബജറ്റ്  സിനിമ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ജൂനിയർ എൻടിആറിന്റെ ഫസ്റ്റ് ലുക്ക് വിഡിയോ  പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.  ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന ഭീം എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോയ്ക്ക് തെലുങ്ക്,ഹിന്ദി, തമിഴ്,മലയാളം,കന്നട  എന്നീ അഞ്ച് ഭാഷകളിൽ ശബ്ദം നൽകിയിരിക്കുന്നത് നടൻ രാം ചരണാണ്. ചിത്രത്തിൽ ജൂനിയർ എൻടിആറിന് പുറമേ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും രാം ചരണാണ്.

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. 450 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. ജൂനിയർ എൻടിആറും രാം ചരണും രാജമൗലിയുമായി ഒന്നിക്കുന്ന സിനിമയുടെ എല്ലാവിധ ഹൈപ്പും ഇപ്പോൾ തന്നെ സിനമയ്ക്ക് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാമാജുവിന്റെ വേഷം ചെയ്യുന്ന , രാം ചരണിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവ‍ർത്തകര്‍ പുറത്തുവിട്ടിരുന്നു. കോവിഡ് പ്രശ്നങ്ങൾ കാരണമുണ്ടായ വല്യ ഇടവേളയ്ക്ക് ശേഷമിപ്പോൾ രാജമൗലി എൻടിആറും രാംചരണിനോടമൊപ്പം ഹൈദരാബാദിൽ ഷൂട്ടിങ് തുടങ്ങിയിരിക്കുകയാണ്.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ് ഇത്. ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡി.വി.വി ധനയ്യ ആണ് ചിത്രം നിർമ്മിക്കുന്നത്. എം എം കീരവാണി സംഗീതം നിർവഹിക്കും

2020 മാർച്ചോടെ ഷൂട്ടിങ് പ്ലാൻ ചെയ്ത് 2020 ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കോവിഡ് പശ്ചാത്തലത്തിൽ നിർത്തി വച്ചിരുന്നു. 2021 ജനുവരിയിൽ ചിത്രം പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുന്നതായി മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറെ നാളുകൾക്ക് മുൻപ് തന്നെ ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങിയിരുന്നതാണ്.

Tags:
  • Movies