Monday 22 June 2020 02:54 PM IST

വാതത്തിന് ആറു വർഷം ചികിത്സിച്ചു, ഛർദിച്ചപ്പോൾ ഗ്യാസെന്നു കരുതി സ്കാൻ ചെയ്തു, പിന്നീട് സംഭവിച്ചത്...! അമ്മയുടെ മരണത്തിന്റെ കാരണം പങ്കുവച്ച് സാഗർ സൂര്യൻ

V.G. Nakul

Sub- Editor

sagar-2

മലയാളികളുടെ ഹൃദയം കീഴടക്കിയ ജനപ്രിയ ടെലിവിഷൻ പരമ്പരയാണ് ‘തട്ടീം മുട്ടീം’. അർജുനേട്ടനും കോമളവല്ലിയും മക്കളും അമ്മയും കമലാസനനുമൊക്കെ ചിരിയുടെ വെടിക്കെട്ടു നടത്തിയ എപ്പിസോഡുകൾക്ക് ചിരിയുടെ മറ്റൊരു പൂരവുമായായിരുന്നു മീനാക്ഷിയുടെ ഭർത്താവ് ആദിയുടെ വരവ്. ‘അമ്മായിയപ്പനു പറ്റിയ മരുമകൻ’ എന്ന അംഗീകാരം നേടി, ചുരുങ്ങിയ കാലത്തിനിടെ ആദിയും ആദിയായി തിളങ്ങിയ യുവതാരം സാഗർ സൂര്യയും പ്രേക്ഷകർക്ക് പ്രിയങ്കരനായി. എന്നാൽ, ജീവിതത്തിലെ പുതിയ തുടക്കത്തിനിടെ, എക്കാലത്തെയും വലിയ സങ്കടങ്ങളിലൊന്നും സാഗറിനെ തേടിയെത്തി; അമ്മയുടെ മരണം.

ഈ മാസം 11–ാം തീയതിയാണ് സാഗറിന്റെ അമ്മ മിനി അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. സാഗറിന്റെ കുടുംബത്തെയാകെ ഉലച്ച വിയോഗം. അതിന്റെ സങ്കടം ഇപ്പോഴും തൃശൂർ, ചിറ്റിലപ്പള്ളിയിലെ വീട്ടിൽ പെയ്തു തോർന്നിട്ടില്ല. അമ്മ വിട്ടു പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും അത് ഉൾക്കൊള്ളാനായിട്ടില്ലെന്ന് സാഗർ ‘വനിത ഓൺലൈനോ’ട് പറയുന്നു.

sagar-1

‘‘വാതത്തിന്റെ കുറച്ചു പ്രശ്നങ്ങളുണ്ടായിരുന്നു അമ്മയ്ക്ക്. അഞ്ചാറ് വർഷമായി ട്രീറ്റ്മെന്റിലായിരുന്നു. കുറച്ചു നാൾ മുമ്പ് നെഞ്ചിൽ ഗ്യാസ് കെട്ടി നിൽക്കുന്നതു പോലെ തോന്നി. ഡോക്ടറെ കണ്ടപ്പോൾ കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു. പക്ഷേ, അമ്മ കുറേ ഛർദിച്ചു. സ്കാൻ ചെയ്തപ്പോഴാണ് ഹൃദയത്തിൽ ബ്ലോക്കും വാൽവിന് ലീക്കും ഉണ്ടെന്നു മനസ്സിലായത്. അതു ഗുരുതരമായി. 11–ാം തീയതി രാത്രി അമ്മ പോയി...’’ .– പറയുമ്പോൾ സാഗറിന്റെ വാക്കുകളിടറി.

‘‘അമ്മയായിരുന്നു എന്റെ ശക്തി. കുടുംബത്തിന്റെ പിന്തുണയാണ് എന്നെ ഇവിടെ എത്തിച്ചത്. എം.ടെക്ക് കഴിഞ്ഞ് ജോലിക്കായി ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. അങ്ങനെയാണ് ആക്ട് ലാബിൽ തിയറ്റർ പഠനത്തിന് ചേർന്നത്. അതു വഴി ഓഡിഷനിലൂടെ തട്ടീം മുട്ടീമിൽ എത്തി. ഇപ്പോൾ ഒരു സിനിമ ചെയ്തു, ‘ഉപചാര പൂർവം ഗുണ്ട ജയൻ’. സൈജു കുറുപ്പാണ് നായകൻ. പക്ഷേ, അതു കാണാൻ കാത്തുനിൽക്കാതെ അമ്മ പോയി...’’.

‘‘എന്റെ കുടുംബമാണ് എനിക്കെല്ലാം. ഷൂട്ട് കഴിഞ്ഞാൽ വേഗം വീട്ടിൽ വരുക,അമ്മയോടൊപ്പം നിൽക്കുക എന്നതൊക്കയായിരുന്നു പ്രധാനം. അമ്മയുടെ പിന്തുണ എപ്പോഴും കരുത്തായിരുന്നു. എന്റെ പെർഫോമൻസ് കണ്ട് കൃത്യം അഭിപ്രായം പറയും. അതൊന്നും ഇനി ഇല്ലല്ലോ എന്നോർക്കുമ്പോൾ...’’ സാഗറിന്റെ വാക്കുകൾ ഇടറി.