Saturday 05 January 2019 12:19 PM IST : By സ്വന്തം ലേഖകൻ

‘‘പ്രേമത്തിനു ശേഷമാണ് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവുണ്ടായത്’’; തുറന്നു പറഞ്ഞ് സായ് പല്ലവി

sai-new

‘പ്രേമ’ത്തിലെ മലർ മിസ്സ്, മലയാളികളുടെ മനസ്സിൽ സായ് പല്ലവിക്കു നേടിക്കൊടുത്ത സ്ഥാനം ശാലീനയായ നാടൻ സുന്ദരിയുടെതായിരുന്നു. തുടർന്ന് അതേ ഇമേജിനെ നിലനിർത്തിയും ഇടയ്ക്കൊക്കെ മറികടന്നും സായ് തെന്നിന്ത്യയിലെ താര സാന്നിധ്യമായി. വൻ താരങ്ങൾക്കൊപ്പം വലിയ വിജയങ്ങളിൽ സായ് നായികയായി തിളങ്ങി. ഇപ്പോഴിതാ, പ്രേമത്തിലെ മലരാണ് താന്‍ സുന്ദരിയാണെന്ന ബോധ്യം തനിക്കു സമ്മാനിച്ചതെന്ന് സായ് പല്ലവി തുറന്നു പറഞ്ഞിരിക്കുന്നു.

‘‘മറ്റു പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള്‍ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്’’. സായ് പറയുന്നു.

വെറുതെ ചമഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെടുന്നതിലല്ല, കഥാപാത്രമാണ് പ്രധാനപ്പെട്ടതെന്ന ബോധ്യം പ്രേമം തനിക്കു സമ്മാനിച്ചെന്നും സായ്. ‘‘ചിത്രം റിലീസ് ചെയ്ത ദിവസം വലിയ പേടി തോന്നി. സ്ക്രീനിലെ എന്നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു ടെൻഷൻ’’. എന്നാല്‍ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതോടെ ഏറെ ആത്മവിശ്വാസം കിട്ടിയെന്നും താരം വ്യക്തമാക്കി.