Thursday 08 November 2018 05:13 PM IST : By സ്വന്തം ലേഖകൻ

ശാലീന സൗന്ദര്യത്തിന് ചെറിയ ഇടവേള, ഇനി ‘മാസ് ആനന്ദി’; മാരി ടൂവിൽ പുത്തൻ ലുക്കിൽ സായ് പല്ലവി

sai-new-1

മലയാളികൾക്ക് സായ് പല്ലവി ശാലീന സൗന്ദര്യത്തിന്റെ പര്യായമാണ്. പ്രേമത്തിലെ മലർ മിസ് സായ് പല്ലവിക്ക് നേടിക്കൊടുത്ത ജനപ്രീതി അത്രയധികമായിരുന്നു. ചിത്രത്തിലെ ഒരു പാട്ട് രംഗത്തിൽ സായ് ത്രസിപ്പിക്കുന്ന തൃത്തച്ചുവടുകളുമായി പ്രേക്ഷകരെ ഹരം കൊള്ളിക്കുകയും ചെയ്തു. പിന്നീട് തെലുങ്കിലും സായ് തന്റെ സിനിമകളിൽ നൃത്ത രംഗങ്ങളിൽ തിളങ്ങി.

എന്നാൽ ഇനി സായ് പല്ലവിയെ കാണുക ശാലീന സുന്ദരിയായല്ല. തന്റെ പുതിയ തമിഴ് ചിത്രമായ ‘മാരി ടു’വിൽ ഒരു ‘മാസ് ഓട്ടോറിക്ഷ ഡ്രൈവറായാണ്’ സായ് എത്തുക. ധനുഷ് നായകനാകുന്ന ചിത്രത്തിൽ താരത്തിന്റെ നൃത്തവും അതിനുള്ള ഡപ്പാം കൂത്ത് പാട്ടുമുണ്ട്.

sai-new-2

ഇന്നോളം കണ്ടതിൽ വേറിട്ട ഗറ്റപ്പിലാണ് സായ് ‘മാരി ടു’വിൽ. ടൊവിനൊ തോമസ് വില്ലനാകുന്ന ചിത്രം പക്കാ മാസ് മസാല എന്റർടൈനറാണ്.

ചിത്രത്തിലെ സായി പല്ലവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രങ്ങളും റിലീസ് ചെയ്തു. ‘അറാത് ആനന്ദി’ എന്നാണ് സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

സൂപ്പർഹിറ്റായ ‘മാരി’യുടെ രണ്ടാംഭാഗമാണ് ‘മാരി 2’. ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാലാജി മോഹനാണ് സംവിധാനം. ഛായാഗ്രഹണം ഓം പ്രകാശ്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിർമ്മിക്കുന്ന ‘മാരി 2’ ഡിസംബറില്‍ തിയേറ്ററുകളിലെത്തും.