Thursday 18 April 2019 09:37 AM IST : By സ്വന്തം ലേഖകൻ

രണ്ട് കോടിയുടെ ഓഫർ നിരസിച്ചു! പരസ്യ ചിത്രം വേണ്ടെന്ന് സായ് പല്ലവി

sai-new

സിനിമ കഴിഞ്ഞാല്‍ താരങ്ങളുടെ പ്രധാന വരുമാന മേഖല പരസ്യ ചിത്രങ്ങളാണ്. ഭാഷാ ഭേദമന്യേ വൻ താരങ്ങൾ കോടികൾ പ്രതിഫലം വാങ്ങി വലിയ ബ്രാൻഡുകളുടെ പ്രചാരകരാകുന്നത് പുതുമയല്ല. എന്നാൽ അവരിൽ നിന്ന് തീർത്തും വ്യത്യസ്തയാണ് താൻ എന്നു തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി സായ് പല്ലവി.

തന്നെ തേടിയെത്തിയ രണ്ടു കോടിയോളം പ്രതിഫലത്തുകയുള്ള ഒരു പരസ്യം വേണ്ടെന്നു വച്ച് വാർത്തകളിലെ താരമായിരിക്കുകയാണ് സായ്.

പ്രശസ്തമായ ഒരു ഫെയർനെസ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചിരിക്കുന്നത്. സിനിമകളിൽ അപൂർവമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ ചികിത്സ തേടാൻ തയാറാകാത്ത താരം, തന്റെ നിലപാടുകൾക്ക് വിരുദ്ധമായ ഉൽപ്പന്നത്തെ പിന്തുണയ്ക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവത്രേ.

അതിരനാണ് തിയേറ്ററുകളിലുള്ള സായ് പല്ലവിയുടെ പുതിയ ചിത്രം. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിൽ സായ് പല്ലവിയുടെ പ്രകടനം വലിയ കയ്യടി നേടുന്നു.

കാടിനു നടുവിൽ, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത, ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ സെല്ലുകളിൽ ഒന്നിൽ ബന്ധിപ്പിക്കപ്പെട്ട ഓട്ടിസ്റ്റിക്കായ പെൺകുട്ടിയെയാണ് ‘അതിരനി’ൽ സായി അവതരിപ്പിക്കുന്നത്.

സൂര്യയുടെ നായികയായി എത്തുന്ന സെൽവരാഘവൻ ചിത്രം ‘എൻ ജി കെ’, റാണ ദഗ്ഗുബാട്ടിയുടെ നായികയായി അഭിനയിക്കുന്ന ‘വിരാട പർവം’ എന്നിവയാണ് സായ് പല്ലവിയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.