Friday 11 January 2019 04:06 PM IST : By സ്വന്തം ലേഖകൻ

സിനിമ പൊളിഞ്ഞു, പ്രതിഫലം വാങ്ങാതെ സായ് പല്ലവി! അഭിനന്ദനങ്ങളുമായി സിനിമാ ലോകം

sai-new

അഭിനയിക്കുന്ന സിനിമ പരാജയമായാൽ അതേ നിർമ്മാതാവിന് പ്രേംനസീർ വീണ്ടും ഡേറ്റ് നൽകിയിരുന്നു. അതേപോലെ, തന്റെ പരാജയപ്പെട്ട സിനിമയുടെ നിർമ്മാതാവിന് രജനീകാന്തും പ്രതിഫലമായി വാങ്ങിയ പണം തിരികെ നൽകിയെന്ന് കഥയുണ്ട്. അതേ പാതയിലാണ് സായ് പല്ലവിയും. തന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പരാജയത്തെത്തുടർന്ന് തനിക്കു ബാക്കി കിട്ടാനുണ്ടായിരുന്ന 40 ലക്ഷം രൂപ താരം വാങ്ങിയില്ലത്രേ.

സായി പല്ലവി നായികയായെത്തിയ പുതിയ തെലുങ്കുചിത്രമാണ് ‘പടി പടി ലെച്ചേ മനസു’. ഷർവ്വാനന്ദി നായകനായ ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുമൊക്കെ ഹിറ്റായിരുന്നുവെങ്കിലും ചിത്രം തിയേറ്ററിൽ മൂക്കു കുത്തി.

22 കോടി രുപയ്ക്ക് വിതരണാവകാശം വിറ്റു പോയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും എട്ടു കോടി രൂപ മാത്രമാണ് സ്വന്തമാക്കിയത്. വിതരണക്കാർക്കും നിർമ്മാതാക്കൾക്കും വൻനഷ്ടം സംഭവിച്ചതോടെ, സായ് തന്റെ പ്രതിഫലം വേണ്ടെന്ന് വെക്കുകയായിരുന്നു.

അഡ്വാൻസ് ആയി കുറച്ചു പണം നൽകിയിരുന്നെങ്കിലും 40 ലക്ഷം രൂപയോളം സായ് പല്ലവിയ്ക്ക് ബാക്കി നൽകാനുണ്ടായിരുന്നു. അടുത്തിടെ നിർമ്മാതാക്കൾ പ്രതിഫലതുക നൽകാനായി സായിയെ സമീപിച്ചപ്പോഴാണ് പ്രതിഫലം വാങ്ങാൻ താരം വിസമ്മതിച്ചത്. പ്രതിഫലത്തുകയെ ചൊല്ലി വലിയ വിവാദങ്ങളുണ്ടാകുന്ന സിനിമാ മേഖലയിൽ സായ് പല്ലവിയുടെ പ്രവൃത്തി അണിയറപ്രവർത്തകരെ മാത്രമല്ല സകലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നിരവധി തിയേറ്ററുകളിൽ ‘പടി പടി ലെച്ചേ മനസു’ പ്രദർശനത്തിനെത്തിയെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം ചലനമുണ്ടാക്കിയില്ല.