മുംബൈയിലെ വസതിയിൽ വച്ച് അക്രമയിയുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തു. ശരീരത്തിലെ ആറിടങ്ങളിലാണ് സെയ്ഫിന് കുത്തേറ്റത്. ശരീരത്തിന്റെ പുറകുവശത്ത് നട്ടെല്ലിനോട് ചേർന്ന ഭാഗത്ത് കുത്തേറ്റത് ആശങ്കയുണർത്തിയിരുന്നു. എന്നാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ താരം അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം സെയ്ഫിനെ ആക്രമിച്ച അക്രമിക്കു പിന്നാലെയാണ് പൊലീസ്. ആക്രമിക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ‘‘വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതിൽ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടയിലേക്കാണ് സെയ്ഫ് അലി ഖാൻ എത്തിയത്. വീടിനുള്ളിൽ അപരിചിതനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘർഷത്തിലെത്തുകയും നടന് കുത്തേൽക്കുകയും ചെയ്തു.’’– പൊലീസ് പറഞ്ഞു.
മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ടു വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്തെന്നും പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ നിന്ന് സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൂട്ടുകാർക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു കരീന.
സെയ്ഫ് ആക്രമിക്കപ്പെടുന്നതിനു 2 മണിക്കൂർ മുൻപാണ് അക്രമി വീട്ടിൽ പ്രവേശിച്ചതെന്നാണ് നിഗമനം. സംഭവത്തിനു തൊട്ടു മുൻപുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാർട്ട്മെന്റിന്റെ സുരക്ഷാജീവനക്കാർ പൊലീസിനു നൽകിയ മൊഴി.
സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. നടന്റെ ഫ്ലാറ്റ് ഉൾപ്പെടുന്ന അപ്പാർട്മെന്റ് സമുച്ചയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
സംഭവത്തിനു പിന്നാലെ, മഹാരാഷ്ട്രയിലെ ക്രമസമാധാനത്തകർച്ച ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. താരങ്ങൾ പോലും മഹാരാഷ്ട്രയിൽ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുംബൈയിലെ ക്രമസമാധാന നില തകരുന്നത് ലജ്ജാകരമാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി പ്രിയങ്ക ചതുർവേദി പ്രതികരിച്ചു.