Wednesday 11 December 2019 02:55 PM IST

നിസ്കാരം മുടക്കില്ല, തല മറച്ചേ പുറത്തിറങ്ങൂ, മേക്കപ്പ് ഇല്ലേയില്ല! ഇസയുടെ അമ്മയായി കുടുംബിനിയുടെ ‘റോളിൽ’ സജിതാ ബേട്ടി തിളങ്ങുന്നു

V.G. Nakul

Sub- Editor

s6

‘‘ഷമാസിക്കയും മോളും ഞങ്ങളുടെ കുടുംബങ്ങളുമാണ് ഇപ്പോൾ എന്റെ ലോകം. എന്നു വച്ച് അഭിനയം നിർത്തിയിട്ടൊന്നുമില്ല. മോൾക്കു വേണ്ടി കുറച്ച് കാലം മാറി നിന്നു. മികച്ച ഒരു വേഷത്തിലൂടെ ഉടൻ മടങ്ങി വരും. അതിനുള്ള തയാറെടുപ്പിലാണ്’’. – ഒന്നര വയസ്സുകാരി ഇസ ഫാത്തിമ ഷമാസിനെ നെഞ്ചോട് ചേർത്ത്, നല്ലപാതി ഷമാസിന്റെ തോളില്‍ ചാഞ്ഞ് ഭാവി പദ്ധതികളെക്കുറിച്ച് പറയുമ്പോൾ സജിത ബേട്ടിയുടെ വെള്ളാരങ്കണ്ണുകൾ ഒന്നു കൂടി തിളങ്ങി.

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സ്വന്തം ‘ബേട്ടി’ തന്നെയായിരുന്നു സജിത ബേട്ടി. ബാലതാരമായി വന്ന്, മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ തിളങ്ങി, താര പദവി സ്വന്തമാക്കിയ അഭിനേത്രി. സിനിമയിലായാലും സീരിയലിലായാലും തന്റെതായ ഒരു കയ്യൊപ്പ് ചാർത്താൻ സജിതയ്ക്കായി. എന്നാൽ, മകൾ ജനിച്ചതോടെ അഭിനയ ജീവിതത്തിൽ ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങള്‍ സജിത ‘വനിത ഓൺലൈനി’ൽ പങ്കുവയ്ക്കുന്നു.

s2

അഭിനയത്തിനൊപ്പം വളർന്ന ബാല്യം

അഭിനയ ജീവിതം തുടങ്ങിയിട്ട് എത്ര വർഷമായി എന്ന് കൃത്യമായി ഓർമയില്ല. പ്രായം പറയാനുള്ള മടി കൊണ്ടല്ല, അങ്ങനെ ചിന്തിച്ചിട്ടില്ല. ബാലതാരമായാണ് തുടക്കം. ഇതിനകം അറുപതിൽ കൂടുതൽ സിനിമകൾ ചെയ്തു. ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത്. ദിലീപേട്ടന്റെ, ഞാൻ അഭിനയിച്ച എല്ലാ സിനിമകളും വലിയ ഹിറ്റാണ്.

‘മിസ്റ്റർ ആൻഡ് മിസിസ്സ്’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ടെലിവിഷനിൽ ടെലിഫിലിമിലൂടെയാണ് തുടക്കം. ‘തഹസിൽദാർ താമരാക്ഷ’നിൽ തെസ്നി ഖാന്റെ മകളായി അഭിനയിച്ചു. ചെറുതിലേ, പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ധാരാളം ചെയ്തു. അതു കൊണ്ടു തന്നെ കൃത്യമായ ഒരു സെലക്ഷൻ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല. ബാലനടിയായി തുടങ്ങി, ഇത്ര കാലം തുടർച്ചയായി അഭിനയിക്കുകയായിരുന്നു.

s3

ഇടവേള തോന്നുന്നില്ല

സീരിയലിൽ ‘കാവ്യാഞ്ജലി’, ‘അമ്മക്കിളി’, ‘ആലിപ്പഴം’ ഒക്കെ വലിയ ഹിറ്റുകളായിരുന്നു. സീരിയലിൽ എക്കാലവും വലിയ താര പദവി ലഭിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ ആയിരിക്കും എന്നാണ് പ്രതീക്ഷ. അഭിനയത്തിൽ രണ്ടര വർഷത്തോളമായി സജീവമല്ലെങ്കിലും എനിക്ക് ഗ്യാപ്പ് ഫീൽ ചെയ്യുന്നില്ല. ഗർഭിണിയായിരുന്നപ്പോഴാണ് ‘സീത’ ചെയ്തത്. പിന്നീട് മാറി നിൽക്കുകയായിരുന്നു. എങ്കിലും ഉദ്ഘാടനങ്ങൾക്കും മറ്റു പരിപാടികൾക്കുമൊക്കെ പങ്കെടുക്കുന്നുണ്ട്. ഗർഭിണിയായിരുന്നപ്പോൾ, അഞ്ചാം മാസത്തിൽ ഒരു സിനിമ ചെയ്തിരുന്നു. ഡെലിവറി കഴിഞ്ഞാണ് അത് പൂർത്തിയാക്കിയത്.

s5

ഞങ്ങൾ ഇപ്പോള്‍ പ്രണയിക്കുന്നു

ഷമാസിക്കയ്ക്ക് കൺസ്ട്രക്ഷൻ ബിസിനസ്സാണ്. ഞങ്ങൾ ഇപ്പോള്‍ വയനാട്ടിലാണ് താമസിക്കുന്നത്. എല്ലാവരും ചോദിക്കും പ്രണയവിവാഹമായിരുന്നോ എന്ന്. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോൾ ഞങ്ങൾ നന്നായി പ്രണയിക്കുന്നുണ്ട്. നല്ല ഭർത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോൾ എന്റെ ലോകം ഭർത്താവും മോളും കുടുംബവും ആണ്. മോൾക്കൊപ്പമാണ് ഇപ്പോൾ എന്റെ മുഴുവൻ സമയവും.

s1

മോൾക്കു വേണ്ടി

ഇപ്പോഴും ധാരാളം ഓഫറുകൾ വരുന്നുണ്ട്. എന്നാൽ, മനസ്സിനിണങ്ങിയ ഒരു കഥാപാത്രത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിർത്തില്ല. ഷമാസിക്ക സ്റ്റോപ്പ് എന്നു പറയുന്ന ദിവസം വരെ ഞാൻ അഭിനയിക്കും. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ വലിയ സന്തോഷം. തൽക്കാലം സാഹചര്യം കൊണ്ട്, മോൾക്കു വേണ്ടി മാറി നിന്നതാണ്. മോളുടെ വളർച്ച അടുത്തു നിന്നു കാണണം.

വർക്കൗട്ടും ഡയറ്റിങ്ങുമില്ല

ഒരേ സമയം വില്ലത്തിയായും പാവം കുട്ടിയായും അഭിനയിച്ചിട്ടുള്ള ആളാണ് ഞാൻ. രണ്ടും നന്നായി ചെയ്യാൻ പറ്റി. പിന്നീട് കൂടുതലും നെഗറ്റീവ് റോളുകളായി. സംവിധായകർക്കും സജിത ആ റോൾ ചെയ്താൽ നന്നായിരിക്കും എന്നു തോന്നിയിരിക്കാം. ഇനിയും വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാല്‍ കുഴപ്പമില്ല. എങ്കിലും മടങ്ങി വരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിലൂടെ ആയാൽ നന്നായിരിക്കും എന്നു തോന്നുന്നു. സിനിമയ്ക്ക് മടങ്ങി വരവിൽ വലിയ പ്രാധാന്യം കൊടുക്കും. കല്യാണം കഴിഞ്ഞപ്പോൾ കുറച്ച് തടി വച്ചു. പിന്നീട് സ്വാഭാവികമായി അത് കുറഞ്ഞു. വർക്കൗട്ടോ ഡയറ്റിങ്ങോ ഇല്ല. എല്ലാം ദൈവകൃപ.

s4

വിശ്വാസങ്ങൾ പ്രധാനം

ഞാൻ പണ്ടേ വിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ആളാണ്. പർദ്ദയിടും. നിസ്കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. പക്ഷേ, സിനിമയിൽ അതൊന്നുമല്ല, മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ അഭിനയം തീര്‍ന്ന് മടങ്ങി വന്നാൽ ഞാൻ പപ്പയുെടയും മമ്മിയുടെയും മോളാണ്. ഇപ്പോൾ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടം. അദ്ദേഹം എപ്പോഴും പറയും കലയും പ്രശസ്തിയും കീപ്പ് ചെയ്യണം എന്ന്. ഷമാസിക്കാ ‘ടൂ കൺ ട്രീസി’ൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.