Friday 28 May 2021 03:28 PM IST

'മകന്‍ പ്രണയിക്കുന്ന കുട്ടിയോട് ഞാനും ഭാര്യയും സംസാരിച്ചിട്ടുണ്ട്, പക്ഷേ എല്ലാത്തിനും ലിമിറ്റേഷന്‍സുണ്ട്'

Tency Jacob

Sub Editor

salunnngy66 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘പലരും എന്റെ വഴികൾ കോപ്പിയടിക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ, ജീവിതം അങ്ങനെ കോപ്പിയടിക്കാനുള്ളതല്ല. ഓരോരുത്തർക്കും കിട്ടുന്ന ചോദ്യപേപ്പർ വ്യത്യസ്തമാണ്.’’

‘‘ഇരുപത്തിയഞ്ചു വർഷക്കാലമത്രയും എനിക്കു നഷ്ടപ്പെട്ടു പോയ കുറേ സ്വകാര്യ സന്തോഷങ്ങളുണ്ട്. അവയോർത്ത് എനിക്കു സങ്കടമുണ്ട്. എന്നാൽ സിനിമ തന്ന കുറേ സന്തോഷങ്ങളുമുണ്ട്. ഇതിനു നടുവിലൂടെയാണ് ഈ നിമിഷം കടന്നു പോകുന്നത്.’’ സലിം കുമാര്‍ ബീഡിക്കു തീ കൊളുത്തി. പിന്നാലെ ചിരിയുടെ തീപ്പൊട്ടു തെളിഞ്ഞു.

‘‘ഞാൻ വരച്ച ഗ്രാഫിലൂടെ തന്നെയാണ് ജീവിതം  ഇതുവരെ കൂടുതലും പോയിട്ടുള്ളത്. ഞാൻ കണ്ട സ്വപ്നങ്ങളില്‍ 75 ശതമാനവും സഫലമാക്കാനും സാധിച്ചു. അങ്ങനെ സംതൃപ്തിയുടെ ഒരു ‘മൂഢസ്വര്‍ഗ’ത്തിലാണ് ഞാന്‍.

ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് പാരമ്പര്യമായി കിട്ടിയതാണോ ?

എന്റെ അമ്മയിൽ നിന്നായിരിക്കാം കിട്ടിയത്. അമ്മ തീരെ വിദ്യാഭ്യാസം കിട്ടാത്ത ആളാണ്. ചകിരി ചീയാൻ ഇടുന്ന മടൽക്കുഴികളുള്ള ഏഴിക്കരയാണ് അമ്മയുടെ നാട്. കുഞ്ഞുപ്രായത്തിൽ അമ്മ അത്തരമൊരു മടൽക്കുഴിയിൽ തലകുത്തി വീണ് കഴുത്തിനു സാരമായി പരുക്കു പറ്റി ദീർഘകാലം കിടപ്പായിരുന്നു. അതുകൊണ്ട് സ്കൂളിൽ പോയിട്ടില്ല. അച്ഛന്‍ കുറച്ചുകാലം സ്കൂളിൽ പോയിട്ടുണ്ട്. പക്ഷേ, തമാശയൊന്നും പറയുന്ന ആളല്ല. വീട്ടിൽ കഷ്ടപ്പാടായിരുന്നെങ്കിലും മ ക്കളെ പഠിപ്പിക്കണമെന്ന് അമ്മയ്ക്ക് നല്ല ആഗ്രഹമായിരുന്നു. അപാര ഹ്യൂമർസെൻസുള്ള അമ്മയുടെ കൗണ്ടറടി കാരണം ഞങ്ങൾ മക്കൾ രണ്ടാമതൊന്നാലോചിച്ചിട്ടേ എന്തും പറയൂ. കൗണ്ടറടിക്കാനുള്ള കഴിവ് എന്റെ ഇളയ മകനും കിട്ടിയിട്ടുണ്ട്.

മക്കൾക്ക് സിനിമാ സ്വപ്നങ്ങളുണ്ടോ?

ആരെങ്കിലും ഇവിെട വീട്ടിൽ വന്ന് ‘ഭർത്താവ് എന്ത്യേ?’എന്നു ചോദിച്ചാൽ വർഷങ്ങളായി എന്റെ ഭാര്യ പറയുന്ന ഉത്തരം ‘ഷൂട്ടിങ്ങിനു പോയി’ എന്നാണ്. ‘മക്കളെവിടെ?’ എന്നു ചോദിക്കുമ്പോഴും അതേ ഉത്തരം പറഞ്ഞാലെങ്ങനെ ശരിയാകും. ആ സ്ത്രീക്കുമുണ്ടാകില്ലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന മനസ്സ്. അതുെകാണ്ട് അമ്മയെക്കൊണ്ട് ‘ഓഫിസിൽ പോയി’ എന്നു പറയിപ്പിക്കാന്‍ ശ്രമിക്കണം എന്നു മക്കളോടു പറഞ്ഞു കൊടുത്തിട്ടുണ്ട്.

മൂത്തവൻ ചന്തു എംഎ ചെയ്യുന്നു. ഇളയവൻ ആരോമൽ ബികോം. മക്കൾക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന കാര്യങ്ങൾ പോലെ തന്നെ ചിലതൊക്കെ ചെയ്തു കൊടുക്കാതിരിക്കാനും അച്ഛനെന്ന നിലയിൽ ശ്രദ്ധിച്ചിട്ടുണ്ട്.  മൂത്തവൻ എന്റെ കുട്ടിക്കാലം അഭിനയിക്കാനായി ‘ലവ് ഇൻ സിംഗപ്പൂർ’ എന്ന സിനിമയിൽ വന്നിരുന്നു എന്നല്ലാതെ വേറൊന്നും നടന്നിട്ടില്ല.

കൂട്ടുകാരനായ അച്ഛനാണോ?

മകൻ പ്രണയിക്കുന്ന പെൺകുട്ടിയോടു ഞാനും ഭാര്യയും സംസാരിച്ചിട്ടുണ്ട്. പക്ഷേ, എല്ലാത്തിനും ലിമിറ്റേഷൻസ് ഉണ്ട്. ബൈക്ക് വാങ്ങണമെന്നു മകൻ നിർബന്ധിച്ചിട്ടും ഞാനതു സമ്മതിച്ചില്ല. ആൺകുട്ടികൾ െെബക്കിൽ ചീറിപാഞ്ഞു പോ യി അപകടമുണ്ടാകുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ. പക്വതയെത്തുന്ന പ്രായം വരെ പെൺകുട്ടികൾക്ക് മൊബൈൽഫോണും ആൺകുട്ടികൾക്ക് ബൈക്കും വാങ്ങി നൽകരുതെന്ന അഭിപ്രായക്കാരനാണ് ഞാൻ.

ദാമ്പത്യവും ഇരുപത്തിയഞ്ചു വർഷമായല്ലേ?

ഞാനും ഭാര്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. എന്നുവച്ചു എന്നും കാമുകീകാമുകരായിരിക്കാൻ കഴിയില്ലല്ലോ. ഓരോ ഘട്ടത്തിലേക്കു കടക്കുമ്പോൾ നമ്മുടെയുള്ളിലെ കുട്ടിയേയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോൾ ഭർത്താവും അച്ഛനുമാണ്. അവർ ഭാര്യയും അമ്മയുമാണ്. അതുതന്നെയാണ് വിജയം. ജീവിതത്തിൽ ജീവിതം തന്നെയാണു ഗുരു.

എന്റെ കുടുംബത്തിന്റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണ്. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെക്കുറിച്ചോ എനിക്കറിയില്ല. ഇപ്പോൾ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതുപോലും അവളാണ് വാങ്ങിത്തരുന്നത്. മൂന്ന് ആണുങ്ങളുടെ നടുവിൽ ജീവിക്കണമെങ്കിൽ കരുത്താർജിക്കാതെ രക്ഷയില്ലെന്നു അവർക്കും തോന്നിയിട്ടുണ്ടാകും.

അസുഖകാലത്തെ മറികടന്നത് എങ്ങനെയാണ്?

ഞാൻ ജീവിക്കുന്നത് ജനിച്ചതു കൊണ്ടല്ലേ. അതുപോലെയാണ് അസുഖകാലവും. എത്ര നന്നായി നോക്കിയാലും ഒരു ദിവസം പോകേണ്ടി വരും. കരൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷൻ തിയറ്ററിലേക്ക് ഡോക്ടർമാർക്കൊപ്പം ചിരിച്ചു വർത്തമാനം പറഞ്ഞു നടന്നു പോയ ആളാണ് ഞാൻ.അസുഖം വന്നാൽ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്. പേടിക്കാൻ തീരുമാനിച്ചാൽ ഓരോ ദിവസവും അതു നമ്മളെ പേടിപ്പിച്ചു കൊണ്ടിരിക്കും.

ചില വ്യക്തികൾ അസുഖം ഭേദമായി വരുമ്പോൾ ‘മരണത്തെ തോൽപിച്ച് ഇതാ കടന്നു വന്നിരിക്കുന്നു’ എന്നൊക്കെ മാധ്യമങ്ങൾ വാഴ്ത്തുന്നതു കണ്ടിട്ടുണ്ട്. ആർക്കാണ് മരണത്തെ തോൽപിക്കാൻ കഴിയുന്നത്. ഏതു സമയത്തും മനുഷ്യനു മരിക്കാം. ലിവർ സീറോസിസ് എനിക്കു പാരമ്പര്യമായി കിട്ടിയ അസുഖമാണ്. സമയത്തു ഭക്ഷണം കഴിക്കാൻ സാധിക്കാത്തതും കാരണമാണ്. ആളുകൾ പറയും അമിതമദ്യപാനമാണ് കാരണമെന്ന്. എെന്‍റ സഹോദരനും ഇതേ അസുഖമാണ്. ഒരു ചായ പോലും കുടിക്കാത്തയാളാണ്.

Tags:
  • Celebrity Interview
  • Movies