Thursday 23 May 2019 03:22 PM IST : By സ്വന്തം ലേഖകൻ

‘ഭാരതിനായി ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ ആളുകൾ തയാറാണ്’! പ്രിയങ്കയെ വിമർശിച്ച് സൽമാൻ

salmannew

ബോളിവുഡ് താരം സൽമാൻ ഖാന്റെ ഏറ്റവും പുതിയ റിലീസാണ് അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ‘ഭാരത്’. കത്രീന കൈഫ് നായികയാകുന്ന ചിത്രത്തിൽ, പ്രിയങ്ക ചോപ്രയെയാണ് ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, വിവാഹത്തിന്റെ തിരക്കുകൾ കാരണം പ്രിയങ്ക ചിത്രത്തിൽ നിന്നു പിൻമാറുകയായിരുന്നു. ഇപ്പോഴിതാ പ്രിയങ്കയുടെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. ‘‘ഭാരതിനായി എന്തും നൽകാൻ ആളുകൾ തയാറാണ്. ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ. അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചത്’’.– സൽമാൻ പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

അതേ സമയം പ്രിയങ്കയോട് സൽമാൻ നന്ദിയും പറഞ്ഞു. താനെന്നും അവരോടു കടപ്പെട്ടിരിക്കുമെന്നും അവർ കാരണമാണ് നായികയായി കത്രീന എത്തിയതെന്നും സൽമാൻ പറഞ്ഞു.

‘‘പ്രിയങ്കയുടെ സൗകര്യത്തിനനുസരിച്ച് ചിത്രീകരണത്തിന്റെ തീയതി മാറ്റാമെന്ന് പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന്റെ തയാറെടുപ്പുകൾക്ക് എത്ര സമയം വേണ്ടിവരുമെന്ന് തനിക്കറിയില്ലെന്നായിരുന്നു അവരുടെ മറുപടി’’.– സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.

തബു, ദിഷാ പട്ടാനി, സുനിൽ ഗ്രോവർ തുടങ്ങിയവരാണ് ഭാരതിലെ മറ്റു പ്രധാന താരങ്ങൾ. 2014- ൽ റിലീസായ ദക്ഷിണ കൊറിയൻ ചിത്രം ‘ഓഡ് ടു മൈ ഫാദർ’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാരത്. ജൂണ്‍ അഞ്ചിന് ചിത്രം പ്രദർശനത്തിനെത്തും.