Friday 01 February 2019 04:46 PM IST : By സ്വന്തം ലേഖകൻ

തെലുങ്കിൽ ജാനുവായി സമന്ത! ചർച്ചയാകുന്നത് താരത്തിന്റെ പഴയ മറുപടി

samantha-new

പോയ വർഷം കോളിവുഡിന്റെ പ്രണയ വിജയമായിരുന്നു ‘96’. റാമും ജാനുവും പ്രേക്ഷകരുടെ ഹൃദയത്തിൽ കോരിയിട്ട പ്രണയത്തിന്റ കനൽ ഇപ്പോഴും തണുത്തിട്ടില്ല.

വിജയ് സേതുപതിയും തൃഷയും നായികാനായകൻമാരായ ചിത്രം കൂടുതൽ ഭാഷകളിലേക്കു പുനർനിർമ്മിക്കപ്പെടുന്നതാണ് പുതിയ വാർത്ത.

കന്നഡയിൽ ‘99’ എന്ന പേരിലാണ് ചിത്രമൊരുങ്ങുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. ‘ഗോള്‍ഡന്‍ സ്റ്റാര്‍’ ഗണേഷ് റാം ആകുന്ന ചിത്രത്തിൽ ജാനു ഭാവനയാണ്. പ്രീതം ഗബ്ബിയാണ് സംവിധാനം.

ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. തമിഴിൽ ചിത്രമൊരുക്കിയ സി. പ്രേംകുമാറാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുക. ഇതിൽ സമന്തയും ഷര്‍വാനന്ദുമാണ് റാമും ജാനുവുമാകുന്നത്. ശ്രീവെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിർമ്മിക്കുന്ന ചിത്രം മാര്‍ച്ചിൽ ചിത്രീകരണമാരംഭിക്കും.

‘96’ന്റെ തെലുങ്ക് പതിപ്പിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുമ്പോഴും ചിത്രത്തെക്കുറിച്ച് സമന്ത മുൻപ് പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ‘96’ റിലീസ് ചെയ്ത സമയത്ത് ‘ഇതിന്റെ തെലുങ്ക് പതിപ്പില്‍ നിങ്ങള്‍ അഭിനയിക്കുമോ?’ എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ ‘ഈ ചിത്രം ഒരിക്കലും റീമേക്ക്’ ചെയ്യപ്പെടാന്‍ പാടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ തെലുങ്ക് പതിപ്പിന്റെ ചർച്ചകൾ നടക്കാന്‍ പോകുന്നു എന്ന വിവരം അറിയാതെയാണ് സമന്ത അന്നങ്ങനെ പറഞ്ഞതെന്നും പിന്നീടവരെ കാര്യം പറഞ്ഞു മനസ്സിലാക്കി ‘കണ്‍വിന്‍സ്’ ചെയ്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു എന്നും നിര്‍മ്മാതാവ് ദില്‍ രാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“ദൈവമേ! എന്തൊരു പെർഫോമൻസ്. അത്രയേറെ അഭിനയിച്ചു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുളള കഥാപാത്രം നിങ്ങൾ എത്ര മനോഹരമാക്കിയെന്ന് പറയാൻ വാക്കുകളില്ല. അഭിനയത്തിലെ മാസ്റ്റർ ക്ലാസ്സ്”.– എന്ന് സിനിമ കണ്ട് സാമന്ത ട്വിറ്ററിൽ കുറിച്ചതും അന്നു ചർച്ചയായിരുന്നു.