അഭിനയത്തിന് ഇടവേള നൽകിയെങ്കിലും പ്രേക്ഷക മനസുകളിൽ ഇന്നും പ്രിയങ്കരിയാണ് സംയുക്ത വർമ. സോഷ്യൽ മീഡിയയില്‍ സംയുക്ത പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ നരയുള്ള മുടി മറയ്ക്കാതെ ആരാധകർക്കു മുൻപിലെത്തിയ സംയുക്തയുടെ ചിത്രത്തിനും മനസു നിറഞ്ഞ് ലൈക്കുകൾ നൽകുകയാണ് പ്രേക്ഷകർ. ഔദ്യോഗിക പേജിൽ പങ്കുവച്ച ചിത്രത്തിലാണ് മേക്കപ്പില്ലാതെ സഹോദരിക്കൊപ്പം താരം പ്രത്യക്ഷപ്പെട്ടത്. സഹോദരി സംഘമിത്രയ്ക്കൊപ്പമുള്ള സെൽഫിയാണ് താരം പങ്കുവച്ചത്. ‘ഒരേ പൂന്തോട്ടത്തിലെ വ്യത്യസ്ത പൂക്കളാണ് സഹോദരിമാർ’, സംയുക്ത വർമ കുറിച്ചു.
വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. യോഗയും നൃത്തവുമായി ജീവിതം മനോഹരമാക്കുന്ന സംയുക്ത ആ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. തികഞ്ഞ യോഗാഭ്യാസി കൂടിയാണ് സംയുക്ത.
1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ ചലച്ചിത്ര അഭിനയരംഗത്തെത്തുന്നത്. വെറും മൂന്നു വർഷം മാത്രം നീണ്ടു നിന്ന സിനിമാ കരിയറിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും നേടി.