‘എല്ലാവർക്കും അറിയേണ്ടത് ഞാൻ ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണോ എന്നാണ്’: സനയും ഹക്കിമും മനസ്സ് തുറക്കുന്നു
മലയാളത്തിന്റെ പ്രിയയുവതാരങ്ങളായ ഹക്കിം ഷാജഹാന്റെയും സന അൽത്താഫിന്റെയും വിവാഹചിത്രങ്ങൾ കണ്ട് മലയാളികൾ മൊത്തത്തിലൊരു ആശയക്കുഴപ്പത്തിലായി. ഇതു സത്യമോ അതോ സിനിമ പ്രൊമോഷനോ എന്നതായിരുന്നു മിക്കവരുടെയും സംശയം. ആ ചിത്രങ്ങൾക്കും റജിസ്റ്റർ ഓഫീസിലെ ചടങ്ങുകൾക്കുമൊക്കെ മൊത്തത്തിൽ ഒരു ‘സിനിമാറ്റിക് ഫീൽ’ ഉണ്ടായിരുന്നു. ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററോ അനൗൺസ്മെന്റോ പ്രതീക്ഷിച്ചവർക്കു മുന്നിലേക്ക് ഇതു റീലല്ല, റിയലാണെന്ന സന്തോഷ വർത്തമാനവുമായി ഇരുവരുമെത്തി. അപ്പോഴും സസ്പെൻസുകൾ ബാക്കിയായിരുന്നു, ഇവരിതെങ്ങനെ പ്രണയത്തിലായി ? വിവാഹം എന്തേ റജിസ്റ്റർ ഓഫീസിലായി ?
ഇതാ ആ വിശേഷങ്ങളൊക്കെ ഹക്കിമും സനയും ആദ്യമായി പങ്കുവയ്ക്കുന്നു, ‘വനിത’യിലൂടെ.
‘‘കല്യാണത്തിന്റെ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഉപ്പയ്ക്ക് കുറേ കോളുകൾ വന്നു, എല്ലാവർക്കും അറിയേണ്ടത് ഞാൻ ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണോ എന്നാണ്’’.
സന ചിരിയോടെ പറഞ്ഞു തുടങ്ങിയതും ഹക്കിമും അതേ അനുഭവമാണ് പങ്കുവച്ചത് –
‘‘എന്റെ ഉപ്പയെയും പലരും വിളിച്ചു ചോദിച്ചു. എന്താ സംഭവിച്ചതെന്ന്. ആ സംശയം സ്വാഭാവികമാണല്ലോ, വീട്ടുകാർ സമ്മതിച്ചതാണെങ്കിൽ കല്യാണം എന്തിനാണ് രജിസ്ട്രര്‍ ഓഫീസിൽ വച്ചു നടത്തിയതെന്നാണ് പലരും ചിന്തിച്ചത്.
വിവാഹത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോൾ സിനിമ പ്രെമോഷനാണോ എന്നു സംശയിച്ചവരുമുണ്ട്.
ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും അധികമാർക്കും അറിയുമായിരുന്നില്ല. അതിന്റെതായ ഒരു സർപ്രൈസാണ് സംഭവിച്ചത്’’.
ലോക്ക് ഡൗൺ കാലത്തെ പ്രണയം
സന – കുറേ വര്‍ഷം മുമ്പ്, ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നതിനായി ഞാൻ കുറച്ചു കാലം ആക്ടിങ് ട്രെയിനിങ് എടുത്തിരുന്നു. ആക്ട് ലാബിലെ സജീവ് സാർ വീട്ടിൽ വന്നു പരിശീലിപ്പിക്കുകയായിരുന്നു. കൂട്ടത്തിൽ ചിലപ്പോൾ ഹക്കിയും വരും. അങ്ങനെയാണ് പരിചയപ്പെടുന്നത്. ആയിടെ ആക്ട് ലാബിൽ വച്ച് ഹക്കിയുടെ ഒരു നാടകവും കണ്ടിരുന്നു. പിന്നീട് കോവിഡിന്റെ ഫസ്റ്റ് ലോക്ക് ഡൗൺ കാലത്താണ് പരിചയം പുതുക്കുന്നത്. ഞങ്ങൾ ഒരേ ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു താമസം. ലിഫ്റ്റിൽ വച്ചൊക്കെ ഇടയ്ക്ക് കാണും. അങ്ങനെ സൗഹൃദത്തിലായി.
രണ്ടാളും വീട്ടിൽ കുടുങ്ങിയിരിപ്പാണല്ലോ. എങ്ങോട്ടും പോകാനുമില്ല, ഒന്നും ചെയ്യാനുമില്ല. കൂടുതൽ സംസാരിച്ചതോടെ പരസ്പരം ഒരിഷ്ടം തോന്നിത്തുടങ്ങി.
ഹക്കിം – ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നൊന്നും രണ്ടാളും പറഞ്ഞിട്ടില്ല. വളരെ സ്വാഭാവികമായി സംഭവിച്ചതാണത്. പതിയെപ്പതിയെ ഫ്ലാറ്റില്‍ എല്ലാവർക്കും കാര്യം മനസ്സിലായി. വീട്ടുകാർക്കും സമ്മതം. ഒരു ഘട്ടമെത്തിയപ്പോൾ എങ്കിൽ കല്യാണം കഴിച്ചാലോ എന്നായി.
അഭിമുഖത്തിന്റെ പൂർണ രൂപം പുതിയ ലക്കം (ഓഗസ്റ്റ് 3–16, 2024) ‘വനിത’യിൽ വായിക്കാം.
വിഡിയോ അഭിമുഖം കാണാം –