Wednesday 05 September 2018 05:11 PM IST

‘അവർ തട്ടിത്തെറിപ്പിച്ചത് രാജമൗലി ചിത്രത്തിലെ എന്റെ റോൾ!’ അപരനെതിരേ സന്തോഷ് പണ്ഡിറ്റ്, മിമിക്രിയല്ലിത് ആൾമാറാട്ടം

Binsha Muhammed

pandit-cover

‘രാജമൗലി ഇതു കണ്ടാൽ എന്നെപ്പറ്റി എന്തു വിചാരിക്കും, ചിലപ്പോ പുള്ളിയുടെ പടത്തിലെ ചാൻസ് പോയാലോ?’; അപരനെ കണ്ട പണ്ഡിറ്റ് കട്ടക്കലിപ്പിലാണ്.

‘ഇതെന്താ രണ്ട് കോയേ....’ സോഷ്യൽ മീഡിയയിലും ടെലിവിഷനിലും സന്തോഷ് പണ്ഡിറ്റിന്റെ ‘രണ്ടാം അവതാരത്തെ’ കണ്ടവർക്ക് ആ മോഹൻലാൽ ഡയലോഗാണ് ഓർമ്മ വന്നത്. വെറും അപരനെന്നു പറഞ്ഞാൽ പോര, ഒരൊന്നൊന്നര അപരൻ. ഡയലോഗും രൂപഭാവങ്ങളും എന്തിനേറെ അംഗവിക്ഷേപങ്ങൾ വരെ കിറു കൃത്രം. ഫൊട്ടോസ്റ്റാറ്റു പോലും തോറ്റു പോകുമെന്ന് പറഞ്ഞാൽ മതിയല്ലോ?

മഴവിൽ മനോരമയുടെ മിമിക്രി മഹാമേളയിലായിരുന്നു പ്രേക്ഷക ലോകം സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാമത്തെ ‘അവതാരത്തെ’ ദർശിച്ചത്. വാക്കിലും നോക്കിലും അടിമുടി സന്തോഷ് പണ്ഡിറ്റിനെ ആവാഹിച്ച കിരൺ ക്രിസ്റ്റഫർ ആണ് കഥയിലെ താരം. ആ ഒരൊറ്റ പരിപാടി കൊണ്ടു തീർന്നില്ല വിശേഷം. സംഭവം കണ്ടപാതി, അപരനെ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് എന്ന് വേണ്ട സകലമാന സോഷ്യൽ മീഡിയയും കൊത്തിക്കൊണ്ടു പോയി. പണ്ഡിറ്റ് ആയുള്ള ക്രിസ്റ്റഫറിന്റെ പരകായ പ്രവേശം കണ്ട് ചിരിച്ചു മറിഞ്ഞ സുരാജ് വെഞ്ഞാറമൂട് ഉടനടി ഒരു ഓഫറും അങ്ങ് വച്ച് കൊടുത്തു, അടുത്ത സിനിമയിലൊരു ചാൻസ്. കഥയവിടെ വരെ എത്തി നിൽക്കുകയാണ്.

ഇക്കണ്ട മാളോരെയെല്ലാം ചിരിപ്പിച്ച് ഒരു വകയാക്കിയ തന്റെ അപരനെക്കണ്ടിട്ട് സന്തോഷ് പണ്ഡിറ്റ് എന്താകും ചിന്തിച്ചിട്ടുണ്ടാകുക. പുള്ളിക്കാരൻ തന്റെ അടുത്ത പടത്തിൽ അപരനെ ക്ഷണിക്കുമോ?, ചർച്ചകൾ അങ്ങനെ പുരോഗമിക്കുകയാണ്. പക്ഷേ ‘വെട്ടൊന്ന് മുറി രണ്ടെന്ന’ പതിവ് പണ്ഡിറ്റ് പോളിസിയാണ് ഇക്കാര്യത്തിൽ സന്തോഷ് പണ്ഡിറ്റ് സ്വീകരിച്ചത്. തന്റെ അപരനെ ഒറിജിനൽ പണ്ഡിറ്റിന് അത്ര ദഹിച്ചിട്ടില്ലെന്ന് സാരം. വനിത ഓൺ ലൈനിനോട് സംസാരിക്കവേയാണ് തന്റെ അനിഷ്ടം മറയില്ലാതെ സന്തോഷ് പണ്ഡിറ്റ് തുറന്നു പറഞ്ഞത്.

pandit-1

ഹേയ് മിസ്റ്റർ, ഇതിനെയൊക്കെയാണോ നിങ്ങൾ മിമിക്രിയെന്നു പറയുന്നത്. അപ്പോൾ പിന്നെ മിമിക്രിയെ എന്തു പറയും. ഇത് ആൾമാറാട്ടമാണ്. ശുദ്ധ ആൾമാറാട്ടം–സിനിമയിലെ ഡയലോഗു പോലെ പണ്ഡിറ്റ് സ്വരം കടുപ്പിച്ചു.

‘1000 കോടി മുടക്കി 1001 കോടി നേടിയ ബാഹുബലിയേക്കാൾ അഞ്ച് ലക്ഷം കൊണ്ട് അ‍ഞ്ച് കോടിയുണ്ടാക്കിയ കൃഷ്ണനും രാധയുമാണ് മികച്ചതെന്ന് നിങ്ങളീ പറയുന്ന അപരൻ പറയുന്നുണ്ട്. യൂ...സീ...ഞാൻ അങ്ങനെ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ. ഞാൻ പറയാത്ത കാര്യം, ഇങ്ങനെ എന്റെ വാക്കുകളായി വളച്ചൊടിച്ചാൽ അതെങ്ങനെയാണ് മിമിക്രിയാകുന്നത്.

സപ്പോസ് രാജമൗലി സാർ എനിക്കൊരു ചാൻസ് തരാൻ തീരുമാനിക്കുന്നു എന്നിരിക്കട്ടെ, ഞാൻ ബാഹുബലിയെക്കുറിച്ചും രാജമൗലിയെക്കുറിച്ചും അങ്ങനെ പറഞ്ഞുവെന്ന് തെറ്റിദ്ധരിച്ചാലോ? അല്ലെങ്കിൽ വേറൊരാൾ ഈ വിഡിയോ രാജമൗലിയെ കാണിച്ചിട്ട് സന്തോഷ് പണ്ഡിറ്റ് നിങ്ങളെക്കുറിച്ച് ഇങ്ങനൊണ് പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞാലോ, എന്റെ ചാൻസ് പോയില്ലേ...ഇതിനൊക്കെ ആര് ആര് സമാധാനം പറയും, നിങ്ങൾ സമാധാനം പറയുമോ?–പണ്ഡിറ്റിന്റെ മറുചോദ്യം.

ഫോർ എക്സാംപിൾ, ജില്ലാ കളക്ടറായി വേഷ പ്രച്ഛന്നനായ ശേഷം പൊലീസ് സേനയുടെ നടുവിൽ ചെന്നു നിന്ന് വെടിവയ്്കാൻ ഓർഡറിട്ടാൽ എന്താകും സ്ഥിതി. അതല്ലേ ഇവിടേയും സംഭവിച്ചത്. മിമിക്രി ഇഷ്ടപ്പെടുന്നുവരുണ്ടാകാം, പക്ഷേ ആൾമാറാട്ടം ലോകത്തൊരാളും ഇഷ്ടപ്പെടില്ല, ആൾമാറാട്ടം എന്റർടെയ്ൻമെന്റെുമല്ല–പണ്ഡിറ്റ് തുറന്നു പറയുന്നു.

മാസ്റ്റർപീസിലെ മമ്മൂട്ടിയോടൊപ്പമുള്ള അഭിനയ പരിചയം ചോദിക്കുന്ന ഒരു രംഗമുണ്ട്. അത് മമ്മൂട്ടിയോട് പോയി ചോദിക്കണം എന്നാണ് അപരൻ പറയുന്നത്. മമ്മൂക്കയെ പറ്റി പണ്ഡിറ്റ് ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ പെട്ടില്ലേ. കാണുന്നവർ എങ്ങനെയെടുക്കും എന്നത് എന്റെ വിഷയമല്ല. പക്ഷേ ഞാനിത് ശരിയായ രീതിയിലല്ല എടുത്തിരിക്കുന്നത്.

ഉരുക്കു സതീശനിലെ കഥാപാത്രത്തോട് നീതി പുലർത്താനുള്ള ആരോഗ്യം എനിക്കുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. എന്റെ ആരോഗ്യം നിശ്ചയിക്കുന്നത് ഇവരൊക്കെയാണോ?പണ്ഡിറ്റ് ആരെയും ബുദ്ധിമുട്ടിക്കുന്നില്ല, പ്ലീസ് എന്നേയും ആരും ബുദ്ധിമുട്ടിക്കരുത്, ദാറ്റ്സ് ഓൾ–പഞ്ച് ഡയലോഗു പോലെ പണ്ഡിറ്റ് പറഞ്ഞു നിർത്തി.

pandit-mid