Wednesday 06 May 2020 03:06 PM IST

ആദ്യം താങ്ക്സ് പിന്നാലെ സർപ്രൈസ്! വിവാഹ വാർഷിക ദിനത്തിൽ സന്തോഷ് രാമനെ മമ്മൂട്ടി ഞെട്ടിച്ചത് ഇങ്ങനെ

V.G. Nakul

Sub- Editor

santhosh

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും ഇന്ന് 41–ാം വിവാഹ വാർഷികം. പ്രിയദമ്പതികൾക്ക് സിനിമാ ലോകവും ആരാധകരും ഹൃദയപൂർവം ആശംസകൾ നേരുമ്പോൾ,

അതിൽ വേറിട്ടു നിൽക്കുന്നതാണ് മലയാളത്തിന്റെ പ്രിയ കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ സന്തോഷ് രാമന്‍ മമ്മൂക്കയ്ക്ക് നൽകിയ സമ്മാനം.

മമ്മൂക്കയും സുൽഫത്തും ഒന്നിച്ചുള്ള മനോഹരമായ ഒരു രേഖാചിത്രം വരച്ച് പ്രിയതാരത്തിന് വിവാഹവാർഷിക ആശംസകൾ നേർന്നിരിക്കുകയാണ് സന്തോഷ്. സന്തോഷിന്റെ ചിത്രം ഏറെയിഷ്ടപ്പെട്ട മമ്മൂക്ക അത് തന്റെ വാട്സ് ആപ്പ് ഡി.പി ആക്കിയതോടെ സന്തോഷ് രാമനെ തേടി അഭിനന്ദനങ്ങളുടെ ഒഴുക്കാണ്.

‘‘ഞാൻ വരച്ച് മമ്മൂക്കയ്ക്ക് അയച്ചു കൊടുത്തു. അദ്ദേഹത്തിന്റെ അഭിപ്രായം എന്തായിരിക്കും എന്ന ആകാംക്ഷയുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മമ്മൂക്ക താങ്ക്സ് അയച്ചു. അപ്പോഴാണ് സമാധാനമായത്. ഉടൻ തന്നെ ഞാൻ എന്റെ ഫെയ്സ്ബുക്കിലും ചിത്രം പോസ്റ്റ് ചെയ്ത് ആശംസകൾ കുറിച്ചു. പക്ഷേ, മമ്മൂക്ക അത് ഡി.പി ആക്കും എന്നു പ്രതീക്ഷിച്ചിരുന്നില്ല. കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ചിത്രം കണ്ട് കുറേ പേർ വിളിച്ചു’’.– സന്തോഷ് രാമൻ ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് വരയും വായനയുമായി വീട്ടിൽ തന്നെയാണ് സന്തോഷ് രാമൻ. ‘മാലിക്ക്’ ആണ് അദ്ദേഹം ഇപ്പോൾ കലാസംവിധാനം നിർവഹിക്കുന്ന ചിത്രം. ഇനി മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ പ്രൊഡക്ഷൻ ഡിസൈനിങ് ജോലികളിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. അതിനിടെയിൽ കിട്ടിയ അപ്രതീക്ഷിത ഇടവേളയിലാണ് വരയുടെ ലോകത്തേക്കുള്ള മടങ്ങിപ്പോക്ക്.

‘‘മോഹൻലാലിന്റെ വിവാഹ വാർഷികത്തിന്, ലാൽ സാറും സുചിത്രച്ചേച്ചിയും ഒന്നിച്ചുള്ള ഒരു ചിത്രം ഞാൻ വരച്ചിരുന്നു. അത് ലാൽ സാറിന് വളരെ ഇഷ്ടപ്പെട്ടു. വൗ... എന്ന് മെസേജ് അയച്ചു. ആ ചിത്രവും ഇപ്പോൾ മമ്മൂക്കയുടെ ചിത്രവും വേറിട്ട ശൈലിയിൽ പ്രകൃതിയുടെ സാന്നിധ്യം കൂടി ഉൾപ്പെടുത്തിയാണ് വരച്ചിരിക്കുന്നത്. ’’.– സന്തോഷ് പറയുന്നു.