Friday 19 July 2024 09:26 AM IST : By സ്വന്തം ലേഖകൻ

‘പഠനം ഉപേക്ഷിക്കാനുള്ള ചിന്തയോളം എത്തിയ നീണ്ട 2 വർഷത്തെ പോരാട്ടങ്ങൾ’: ഒടുവില്‍ സ്വപ്നം യാഥാർത്ഥ്യമാക്കി സനുഷ

sanusha

സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്റൽ ഹെൽത്ത് & സൊസൈറ്റിയിൽ ബിദുദം സ്വന്തമാക്കി നടി സനുഷ സന്തോഷ്.

‘ബിരുദ ദാന ചടങ്ങിൽ എന്റെ പേര് വിളിക്കുന്നതും കാത്ത് മനോഹരമായ ഹാളിൽ ഇരിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും അഭിലാഷങ്ങളുമായി താൻ അറിഞ്ഞതിൽ നിന്ന് വളരെ അകലെ ഈ നാട്ടിൽ വന്ന പെൺകുട്ടിയെ ഞാൻ ഓർത്തു. നീണ്ട 2 വർഷത്തെ പോരാട്ടങ്ങൾ, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നൽ, കരച്ചിൽ, ഉറക്കമില്ലാത്ത രാത്രികൾ, പാർട്ട് ടൈം ആൻഡ് ഫുൾ ടൈം ജോലികൾ, കഠിനാധ്വാനം, ആരോഗ്യപ്രശ്നങ്ങൾ, സമ്മർദം തുടങ്ങി ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോൾ എന്റെ അധ്വാനങ്ങളെല്ലാം ഫലം കണ്ടുവെന്ന് ഞാൻ മനസ്സിലാക്കുന്നു.

എല്ലായ്‌പ്പോഴും എന്റെ ശക്തിയായിരിക്കുന്നതിനും എന്നെ വഴിനടത്തുന്നതിനും ദൈവത്തിനു നന്ദി. ശക്തമായ പിന്തുണ നൽകി എനിക്കൊപ്പം നിന്ന കുടുംബത്തിന് അതിരറ്റ നന്ദി. എന്നിലുള്ള നിങ്ങളുടെ വിശ്വാസവും നിങ്ങൾ നൽകിയ പ്രോത്സാഹനവും പ്രാർഥനയുമെല്ലാമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. അതിനാൽ ഈ ബിരുദം നിങ്ങൾക്കുള്ളതാണ്. അച്ഛൻ, അമ്മ, അനിയൻ! ഞാൻ നേടിയ ഓരോ വിജയത്തിനും ഏറ്റവും ഉച്ചത്തിൽ കൈയ്യടിച്ച എന്റെ കുടുംബമേ, ഈ നേട്ടം നിങ്ങൾ മൂന്ന് പേർക്കുമായി സമർപ്പിക്കുന്നു.

എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്റൽ ഹെൽത്ത് ആൻഡ് സൊസൈറ്റിയിൽ ഞാൻ എംഎസ്‌സി ബിരുദധാരിയാണ്. അത് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു. എന്നെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു’.– എംഎസ്‌സി ബിരുദ ദാന ചടങ്ങിനു ശേഷമുള്ള ചിത്രങ്ങൾ പങ്കുവച്ച് സനുഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.